ബേപ്പൂർ തുറമുഖത്തിന് ഐ.എസ്.പി.എസ് കോഡ്
text_fieldsബേപ്പൂർ: ഇന്റര്‍നാഷനല്‍ ഷിപ്പ് ആൻഡ് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി കോഡ് ബേപ്പൂര്‍ തുറമുഖത്തിന് സ്ഥിരമായി ലഭിച്ചു. നേരത്തേ ലഭിച്ചിരുന്ന ഐ.എസ്.പി.എസ് സര്‍ട്ടിഫിക്കറ്റാണ് ഇപ്പോള്‍ സ്ഥിരമായി ലഭിച്ചത്. ഇതോടെ അന്താരാഷ്ട്ര കപ്പലുകള്‍ അടുക്കുന്നതിനുള്ള അനുമതി ബേപ്പൂര്‍ തുറമുഖത്തിന് കൈവന്നു. കേന്ദ്ര ഷിപ്പിങ് മന്ത്രാലയം നിഷ്കര്‍ഷിച്ച നിബന്ധനകള്‍ പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തിലാണ് തുറമുഖത്തിന് അനുമതി ലഭിച്ചത്. തുറമുഖ മന്ത്രി വി.എന്‍. വാസവന്റെയും പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെയും നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്ന് തുറമുഖത്തിന്റെ തുടര്‍വികസനം സംബന്ധിച്ച ചര്‍ച്ച നടത്തി. ഇപ്പോള്‍ ലഭിച്ച സ്ഥിരം ഐ.എസ്.പി.എസ് അംഗീകാരം തുറമുഖ വികസനത്തിന് മുതല്‍ക്കൂട്ടാകുമെന്ന് മന്ത്രി വി.എന്‍. വാസവന് പറഞ്ഞു. തുറമുഖത്തിന്റെ വികസനം ഉറപ്പാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് മന്ത്രി അറിയിച്ചു.
തുറമുഖത്തിന്റെ ഡ്രഡ്ജിങ്ങിനുള്ള സാങ്കേതികാനുമതി പുതുക്കി പ്രവൃത്തി വേഗത്തില്‍ ആരംഭിക്കാന്‍ ധാരണയായി. കടലുണ്ടി ഫ്ലോട്ടിങ് റസ്റ്റാറന്റ് നിര്‍മാണത്തിനായുള്ള സര്‍വേ നടപടികളും വേഗത്തിലാക്കും. ബേപ്പൂര്‍ തുറമുഖ വികസനത്തിന് എല്ലാ ശ്രമങ്ങളും തുടരുമെന്ന് മന്ത്രി റിയാസ് അറിയിച്ചു. വകുപ്പ് സെക്രട്ടറിമാരായ കെ. ബിജു, കെ.എസ്. ശ്രീനിവാസ്, ടൂറിസം ഡയറക്ടറുടെ ചുമതല വഹിക്കുന്ന പ്രേം കൃഷ്ണൻ, മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്. പിളള, സി.ഇ.ഒ ഷൈൻ എ. ഹക്ക് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.