വടകര താലൂക്ക് ഓഫിസ് കത്തിയമർന്നിട്ട് ഒരാണ്ട്
text_fieldsവടകര: താലൂക്കിന്റെ ഭരണസിരാകേന്ദ്രം കത്തിയമർന്നിട്ട് ഒരാണ്ട്. 2021 ഡിസംബർ 17ന് പുലർച്ചെയോടെയാണ് താലൂക്ക് ഓഫിസ് തീവെച്ചു നശിപ്പിച്ചത്. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് കോടതിയും ജയിലുമായി പ്രവർത്തിച്ച കെട്ടിടം 1985ലാണ് താലൂക്ക് ഓഫിസായി മാറ്റിയത്. തീപിടിത്തത്തിൽ പത്തു വിഭാഗങ്ങളായി സൂക്ഷിച്ച ഫയലുകളിൽ ഭൂരിഭാഗവും അഗ്നിക്കിരയായി. കമ്പ്യൂട്ടറുകളും ഫർണിച്ചറും കത്തിനശിച്ചു.
സംഭവം അന്വേഷിക്കുന്നതിന് ഡിവൈ.എസ്.പിയായിരുന്ന കെ.കെ. അബ്ദുൽ ശരീഫിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. തീവെപ്പ് കേസിൽ ആന്ധ്രപ്രദേശ് സ്വദേശി സതീശ് നാരായണനെ പൊലീസ് പിടികൂടിയിരുന്നു. മാനസികാസ്വാസ്ഥ്യമുള്ള സതീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിയുകയാണ്. സംഭവത്തിൽ പൊലീസ് 2022 മാർച്ചിൽ കോടതിയിൽ കുറ്റപത്രവും സമർപ്പിച്ചു. ഓഫിസ് കത്തിനശിച്ചതോടെ തൊട്ടടുത്ത സ്വകാര്യ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി. ഓഫിസ് മാറ്റിയെങ്കിലും പരാധീനതകളുടെ നടുവിലാണ് പ്രവർത്തിക്കുന്നത്. 75 ജീവനക്കാരുള്ള മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഓഫിസിൽ ആവശ്യത്തിന് ടോയ്ലറ്റ് സംവിധാനം പോലുമില്ല. വേനൽചൂടിൽ ഓഫിസ് പ്രവർത്തനം അസഹ്യമാണ്. വടകരയിൽ പുതുതായി നിർമിക്കുന്ന റവന്യു ടവറിലേക്ക് ഓഫിസ് മാറ്റാനാണ് നീക്കം. റവന്യു ടവറിനായി കണ്ടെത്തിയ സ്ഥലത്തെ രജിസ്ട്രാർ ഓഫിസ് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയാലേ ഇവിടത്തെ പ്രവൃത്തി നടത്താൻ കഴിയൂ. ഇതിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.