കാത്ത് ലാബ് അടച്ചിട്ടിട്ട് എട്ടുമാസം; കാത്തിരിപ്പ് തീരുമോ?
text_fieldsകോഴിക്കോട്: ജില്ല ജനൽ (ബീച്ച്) ആശുപത്രിയിൽ കാത്ത് ലാബ് പൂട്ടിയിട്ട് എട്ടുമാസം പിന്നിട്ടെങ്കിലും തുറക്കാൻ ഒരു നടപടിയുമില്ല. ഹൃദയ ശസ്ത്രക്രിയക്കുള്ള സ്റ്റന്റ്, അനുബന്ധ ഉപകരണങ്ങൾ വിതരണം ചെയ്ത ഇനത്തിൽ ലഭിക്കാനുള്ള കുടിശ്ശിക ലഭിക്കാതായതോടെ കമ്പനികൾ വിതരണം നിർത്തിവെച്ചതാണ് കാത്ത് ലാബ് പ്രവർത്തനം പൂർണമായും തടസ്സപ്പെടാൻ കാരണം. മാസത്തിൽ 100ലധികം ഹൃദയ ശസ്ത്രക്രിയകൾ നടത്തിയിരുന്ന ലാബിന്റെ പ്രവർത്തനം തടസ്സപ്പെട്ടതോടെ തീരദേശവാസികളടക്കമുള്ള സാധാരണക്കാർക്ക് ചികിത്സ നിഷേധിക്കപ്പെടുകയാണ്.
സ്റ്റന്റ് നൽകിയ ഇനത്തിൽ കഴിഞ്ഞ ഡിസംബർ 31 വരെ ലഭിക്കാനുള്ള കുടിശ്ശിക മൂന്നരക്കോടി കടന്നതോടെയാണ് കമ്പനികൾ വിതരണം നിർത്തിവെച്ചത്. കുടിശ്ശിക ലഭിച്ചില്ലെങ്കിൽ ഏപ്രിൽ ഒന്നുമുതൽ വിതരണം നിർത്തിവെക്കുമെന്ന് കാണിച്ച് വിതരണക്കാർ ഇക്കഴിഞ്ഞ മാർച്ച് ഒന്നിന് ആശുപത്രി അധികൃതർക്ക് പരാതി നൽകിയിരുന്നു.
വിതരണം നിർത്തിവെച്ചിട്ട് ഒമ്പതുമാസം പിന്നിട്ടെങ്കിലും രണ്ടു കോടി രൂപ കുടിശ്ശിക ഇനത്തിൽ ഇനിയും കമ്പനികൾക്ക് നൽകാനുണ്ട്. ഒന്നരക്കോടി മാത്രമാണ് ഇത്രയും കാലത്തിനിടക്ക് നൽകിയത്. കമ്പനികൾക്ക് ബാക്കി തുക കൊടുത്തുതീർക്കാനോ അനുരഞ്ജന ചർച്ച നടത്തി കാത്ത് ലാബ് പ്രവർത്തനം പുനഃസ്ഥാപിക്കാനോ ആശുപത്രി അധികൃതരുടെയോ ആശുപത്രി വികസന സമിതിയുടെയോ ഭാഗത്തുനിന്ന് ഒരു നീക്കവും ഉണ്ടാവുന്നില്ലെന്ന് ആക്ഷേപമുണ്ട്. വിതരണം മുടങ്ങിയ ആദ്യമാസങ്ങളിൽ ഒന്നോ രണ്ടോ ശസ്ത്രക്രിയകൾ മാത്രം നടത്തി ലാബ് പ്രവർത്തിക്കുന്നുണ്ട് എന്ന് വരുത്തിത്തീർക്കാനായിരുന്നു ആശുപത്രി അധികൃതരുടെ ശ്രമം.
എന്നാൽ, സ്റ്റന്റ് സ്റ്റോക്ക് പൂർണമായും തീർന്നതോടെ കാത്ത് ലാബ് അടക്കേണ്ടി വന്നു. നേരത്തെ തീയതി ലഭിച്ചവർ വരെ ശസ്ത്രക്രിയ മുടങ്ങിയവരിൽപ്പെടും. സ്വകാര്യ ആശുപത്രികളിൽ ഭീമമായ തുക ആവശ്യമായി വരുന്ന ശസ്ത്രക്രിയ പൂർണമായോ ഭാഗികമായോ സൗജന്യമായി ലഭിക്കുന്നത് തീരദേശവാസികൾക്ക് ഏറെ ആശ്വാസകരമായിരുന്നു. ഇതു മുടങ്ങിയതോടെ പലരും ചികിത്സ തുടരാൻ കഴിയാത്ത അവസ്ഥയിലാണ്.
കാരുണ്യ ആരോഗ്യ ഇൻഷുറൻസിൽനിന്ന് ആശുപത്രിക്ക് ലഭിക്കാനുള്ള തുക ലഭിക്കാത്തതിനാലാണ് വിതരണക്കാർക്കുള്ള കുടിശ്ശിക തീർക്കാൻ കഴിയാത്തതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
എന്നാൽ, എല്ലാ ആശുപത്രികളിൽനിന്നും മാസംതോറും ഒരു നിശ്ചിത ശതമാനം തുകയെങ്കിലും ലഭിക്കുമെന്നും ബീച്ച് ആശുപത്രിയിൽനിന്ന് അത്തരമൊരു സമീപനംപോലും ഉണ്ടാവുന്നില്ലെന്നും കമ്പനി പ്രതിനിധികൾ പറഞ്ഞു. അടുത്തമാസം ഒന്നിന് ആശുപത്രി വികസന സമിതി യോഗം ചേരുമെന്നും അതിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും സ്ഥലം എം.എൽ.എ തോട്ടത്തിൽ രവീന്ദ്രൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.