ഐ.ടി: മുന്നിലെത്താന്‍ കോഴിക്കോട്
text_fieldsകോഴിക്കോട്: രാജ്യത്തെ രണ്ടാംനിര നഗരങ്ങളില്‍ ഐ.ടി വ്യവസായവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം സാധ്യതയുള്ള നഗരമാണ് കോഴിക്കോടെന്ന് കെ.ടി എക്സ് 2024 സമ്മേളനത്തില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
നൂറ്റാണ്ടുകളുടെ പാരമ്പര്യം, ബഹുസ്വരത, ഭൂപ്രകൃതി, മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ കോഴിക്കോടിനെ വേറിട്ടുനിർത്തുന്നുവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
രാജ്യത്തെ രണ്ടാംനിര നഗരങ്ങള്‍ക്ക് മാതൃകയാകാനുള്ള മികച്ച ശേഷി കോഴിക്കോടിനുണ്ടെന്ന് സൈബർ പാര്‍ക്ക് സി.ഇ.ഒ സുശാന്ത് കുറുന്തില്‍ ചൂണ്ടിക്കാട്ടി. ഐ.ടി നഗരമായി മാറുന്നതിന് കോഴിക്കോട് സ്വയം പാകപ്പെടുത്തിയെടുക്കേണ്ടതുണ്ടെന്ന് ജില്ല കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് ചൂണ്ടിക്കാട്ടി. തമിഴ്നാട്, കര്‍ണാടകം പോലുള്ള സംസ്ഥാനങ്ങള്‍ മുന്നോട്ടുവെക്കുന്നതുപോലുള്ള സൗകര്യങ്ങള്‍ കേരളത്തില്‍ അപ്രായോഗികമാണ്. എന്നാല്‍, കോഴിക്കോട്ടെ ബിസിനസ് സമൂഹം കൂട്ടായി പരിശ്രമിച്ചാല്‍ വന്‍കിട ഐ.ടി കമ്പനികള്‍പോലും പ്രവര്‍ത്തനം തുടങ്ങാന്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള ആവാസവ്യവസ്ഥ ഇവിടെ ഒരുക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ക്രോഡീകരിക്കുന്ന പുതിയ ഐ.ടി നയത്തില്‍ വികേന്ദ്രീകൃതമായ ഐ.ടി വ്യവസായത്തിന്റെ സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് കേരള സ്റ്റേറ്റ് ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എം.ഡി സന്തോഷ് ബാബു ചൂണ്ടിക്കാട്ടി. ഐ.ടി കമ്പനികള്‍ ഈ സാധ്യത ഉപയോഗപ്പെടുത്തിയാല്‍ മികച്ച ഐ.ടി നഗരമായി കോഴിക്കോട് മാറുമെന്നും കോഴിക്കോട് സൈബർ പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍ പറഞ്ഞു.
ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര പത്രത്തിന്റെ വിജയം എന്ന വിഷയത്തിൽ ഗൾഫ് മാധ്യമം ബിസിനസ് ഓപറേഷൻസ് ഗ്ലോബൽ ഹെഡ് മുഹമ്മദ് റഫീഖ് കെ. പ്രഭാഷണം നടത്തി.
ഹായ് പറഞ്ഞ് എ.ഐ ജിഷ്ണു
കോഴിക്കോട്: കെ.ടി.എക്സ് എക്സ്പോയിൽ തരംഗമായി വെർച്വൽ റിയാലിറ്റി സ്റ്റാളുകൾ. വെർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി, എ.ഐ തുടങ്ങിയ സാങ്കേതിക വിദ്യകൾക്ക് പ്രാമുഖ്യം നൽകുന്ന നിരവധി സ്റ്റാളുകളാണ് എക്സ്പോയിലുള്ളത്. പഠനത്തിനുവേണ്ടി വെർച്വൽ റിയാലിറ്റിയെയും ഓഗ്മെന്റഡ് റിയാലിറ്റിയെയും ഉപയോഗിക്കുന്നതിന് നിരവധി ഉദാഹരണങ്ങൾ ഇവിടെയുണ്ട്. ഇതുകൂടാതെ ഡിസൈനിങ് രംഗത്തും വെർച്വൽ റിയാലിറ്റി വമ്പിച്ച മാറ്റം വരുത്തുമെന്ന് പ്രവചിക്കാവുന്ന നിലയിലാണ് ഈ രംഗത്ത് നടക്കുന്ന മുന്നേറ്റം. ഇന്റീരിയർ ഡിസൈൻ രംഗത്ത് വെർച്വൽ റിയാലിറ്റിയെ പരിചയപ്പെടുത്തുകയാണ് ബേസ്പ്രോ.
നേരത്തേ, ഡിസൈൻ ചെയ്ത അടുക്കളയും സ്വീകരണമുറിയും ത്രീഡിയിൽ കാണണമെങ്കിൽ മണിക്കൂറുകളോളം ചെലവാക്കിയിരുന്നിടത്ത് മിനിറ്റുകൾ കൊണ്ട് വ്യത്യസ്തമായ ഡിസൈനുകൾ വെർച്വൽ റിയാലിറ്റിയിലൂടെ കാണാനും അനുഭവിച്ചറിയാനും കഴിയുന്നു എന്നതാണ് പ്രത്യേകത. ഓഫിസുകളിൽ റിസപ്ഷനിസ്റ്റിന്റെ സ്ഥാനത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്ഥാനം പിടിക്കുന്നു. ദ്വേഷ്യം, സ്നേഹം തുടങ്ങിയ വികാരങ്ങൾ പോലും പ്രകടിപ്പിക്കുന്ന ബേസ്പ്രോ എ.ഐ റിസപ്ഷനിസ്റ്റിന്റെ പേര് ജിഷ്ണു എന്നാണ്. ഗെയിമുകളിലും വിപ്ലകരമായ മാറ്റങ്ങളാണ് വെർച്വൽ റിയാലിറ്റി വരുത്തിക്കൊണ്ടിരിക്കുന്നത്. വെർച്വൽ ലോകത്തേക്ക് യാത്ര ചെയ്യാൻ നിരവധി പേരാണ് ഇവിടെയെത്തുന്നത്. ഇവരിൽ കൂടുതലും യുവജനങ്ങളാണ്. എക്സ്പോ ശനിയാഴ്ച സമാപിക്കും.
എ.ഐ സാധ്യതകൾ തിരിച്ചറിയണം -ഹൂദാ അൽഖാസിമി
കോഴിക്കോട്: ആർട്ടിഫിഷ്യൽ ഇന്റലിജൻസിലടക്കം ലോക വിപണിയിലെ ഇന്ത്യയുടെ ആഗോള സാധ്യതകളെ ഇന്ത്യക്കാർ ഇനിയും ഏറെ തിരിച്ചറിയേണ്ടതുണ്ടെന്ന് പ്രഫ. ഹൂദാ അൽഖാസിമി. വേൾഡ് എക്കണോമിക് ഫോറത്തിന്റെ കീഴിലുള്ള ഫ്യൂച്ചർ കൗൺസിൽ ഫോർ സൈബർ സെക്യൂരിറ്റി കോ ചെയർ, എമിറേറ്റ് ഡിജിറ്റൽ അസോസിയേഷൻ ഓഫ് വുമൺ എന്നിവയുടെ സാരഥിയാണ് പ്രഫ. ഹൂദാ. എ.ഐ മേഖലയിൽ ഇപ്പോൾ അമേരിക്കയെക്കാൾ മുന്നേറുന്നത് ചൈനയാണ്.
എന്നാൽ, ഈ രംഗത്ത് അപാരമായ മാനുഷിക വിഭവശേഷികൊണ്ട് ഇന്ത്യക്ക് ഏറെ മുന്നേറാൻ സാധിക്കും. ലോകത്തെ മറ്റു പല രാജ്യങ്ങൾക്കുമില്ലാത്ത സുഗന്ധ വ്യഞ്ജനങ്ങളുടെയും ആയൂർവേദം കൊണ്ട് അനുഗ്രഹിക്കപ്പെട്ട ഇടമാണ് ഇന്ത്യയെന്നത് ഇന്ത്യക്കാർക്കാണ് കൂടുതൽ പ്രചോദനം നൽകേണ്ടതെന്നും അവർ പറഞ്ഞു.
എക്സ്പോക്ക് ഇന്ന് സമാപനം
രണ്ടു ദിവസമായി നടന്നുവരുന്ന കെ.ടി.എക്സ് ടെക്നോളജി എക്സ്പോക്ക് ഇന്ന് സമാപനം കുറിക്കും. ഈയിടെ നാംസ്കോമിന്റെ നാഷനൽ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട മലയാളികൂടിയായ രാജേഷ് നമ്പ്യാർ അടക്കം അനേകം വിശിഷ്ട വ്യക്തിത്വങ്ങൾ മൂന്നു സ്റ്റേജുകളിലായി നടക്കുന്ന വിവിധ സെഷനുകളിൽ അതിഥികളായെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.