ആവിക്കൽതോട് നവീകരണം ഉടൻ തുടങ്ങാൻ നിർദേശം
text_fieldsകോഴിക്കോട്: ആവിക്കൽതോട് ആഴംകൂട്ടി നവീകരിക്കാനുള്ള പദ്ധതിയുടെ ഭാഗമായി കരാറുകാർക്ക് സർവേ നടപടികൾ തുടങ്ങാൻ പൊലീസ് സഹായം നൽകാൻ ജില്ല കലക്ടറുടെ നിർദേശം.
മേയ് 31ന് സർവേ നടപടികൾക്കായി കരാറുകാർ എത്തിയപ്പോൾ നാട്ടുകാർ തടഞ്ഞതിനെ തുടർന്നാണ് നടപടി. കാലവർഷം ശക്തമാവുന്നതിന് മുമ്പ് തോട് നവീകരണം ആരംഭിക്കാനാണ് തീരുമാനം. ഇതിനായി കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ജീവനക്കാർ മാലിന്യം നീക്കുന്നതിനെപ്പറ്റിയുള്ള സർവേ നടത്താൻ എത്തിയിരുന്നുവെങ്കിലും നാട്ടുകാർ തടയുകയായിരുന്നു.
ആവിക്കൽ തോട് സംരക്ഷിക്കുന്നതിനും ആഴംകൂട്ടുന്നതിനുമുള്ള പദ്ധതിക്കാണ് ഭരണാനുമതി ലഭിച്ചത്. മാലിന്യങ്ങൾ നീക്കിയില്ലെങ്കിൽ പ്രദേശത്ത് ഒഴുക്കടഞ്ഞ് വെള്ളക്കെട്ടുണ്ടാവുമെന്ന സ്ഥിതിയുണ്ട്. ഈ ഭാഗം സ്ഥിരമായി വെള്ളക്കെട്ടുണ്ടാവുന്ന മേഖലയാണ്. തോട്ടിലെ മാലിന്യമടങ്ങിയ മണ്ണ് തന്നെ ഒന്നായി നീക്കേണ്ടതുണ്ട്. ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ നേതൃത്വത്തിലാണ് പ്രവൃത്തി ആരംഭിക്കുക.
തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ.യുടെ ഫണ്ടിൽനിന്ന് അഞ്ച് കോടി അനുവദിച്ചതിൽ ഒരുകോടിയിലേറെ ചെലവിട്ടാണ് തോട് നന്നാക്കുന്നത്. തോടിന്റെ മൂന്ന് കൈവഴികളും ആഴം കൂട്ടും. ആവിക്കൽ തോടിന്റെ കരയിൽ കോർപറേഷൻ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള മലിനജല സംസ്കരണ പ്ലാന്റ് നിർമാണം ജനങ്ങളുടെ എതിർപ്പ് കാരണം ഇപ്പോഴും തുടങ്ങാനായിട്ടില്ല.
മലിനജല സംസ്കരണ പ്ലാന്റിന്റെ ഭാഗമായാണ് ഇപ്പോൾ തോട് നവീകരണമെന്ന് ആരോപിച്ചാണ് സർവേ കഴിഞ്ഞ ദിവസം തടഞ്ഞത്. എന്നാൽ, തോട് വൃത്തിയാക്കി അരികുകെട്ടി വൃത്തിയാക്കുന്നത് മറ്റൊരു പദ്ധതിയാണെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.