പഴയ കെട്ടിടം റോഡിലേക്ക് പതിച്ചു ഒഴിവായത് വൻദുരന്തം
text_fieldsകോഴിക്കോട്: രാത്രി പെയ്ത മഴയിൽ പഴയ ഇരുനില കെട്ടിടം തകർന്നുവീണ് തൊഴിലാളിക്ക് പരിക്ക്. ചെറൂട്ടി റോഡിൽ മലബാർ ചേംബർ ഹാളിന് എതിർവശത്തുള്ള കെട്ടിടമാണ് തകർന്ന് റോഡിലേക്ക് പതിച്ചത്. മൂന്നു തൊഴിലാളികൾ ചേർന്ന് കെട്ടിടത്തിൽ സൺഷേഡ് നീക്കി അറ്റകുറ്റപ്പണി നടത്തവെയാണ് അപകടം. പരിക്കേറ്റ ബിഹാർ സ്വദേശിയെ ബീച്ച് ഫയർ സ്റ്റേഷനിൽ നിന്ന് അസി. സ്റ്റേഷൻ ഓഫിസർ പി.കെ. കലാനാഥന്റെ നേതൃത്വത്തിലെത്തിയ സംഘം ബീച്ച് ആശുപത്രിയിലാക്കി. കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും ഷീറ്റുകളും ഇരുമ്പ് കമ്പികളുമെല്ലാം ഫുട്പാത്തിലും റോഡിലും പരന്നു കിടക്കുകയാണ്. നല്ല തിരക്കുള്ള റോഡിൽ പകലായിരുന്നു കെട്ടിടം പൊളിഞ്ഞതെങ്കിൽ വൻ ദുരന്തമാവുമായിരുന്നു. മഞ്ചേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് വീണത്.
കെട്ടിടമുടമക്ക് നോട്ടീസ്
കെട്ടിടം തകർന്ന സ്ഥലം കോർപറേഷൻ കൗൺസിലർ കെ. റംലത്തും കോർപറേഷൻ ഉദ്യോഗസ്ഥരും സന്ദർശിച്ചു. വിശദവിവരങ്ങൾ തേടി കെട്ടിടമുടമക്ക് ഉടൻ നോട്ടീസ് നൽകുമെന്ന് കൗൺസിലർ അറിയിച്ചു.
പൊളിയാൻ കാത്ത് പഴയ കെട്ടിടങ്ങൾ
കോഴിക്കോട്: വീണ്ടും മഴ പെയ്തു തുടങ്ങിയതോടെ നഗരത്തിലെ പഴയ കെട്ടിടങ്ങൾ യാത്രക്കാർക്ക് ഭീഷണിയാവുന്നു. സിൽക്ക് സ്ട്രീറ്റ് വെസ്റ്റ് റോഡിലെ പഴയ ഇരുനില മാളിക റോഡിലേക്ക് അടർന്നു വീഴുന്നുണ്ട്. മഴയിൽ ഓടും ഇഷ്ടികയുമടക്കം റോഡിലേക്ക് വീഴുകയാണ്. വലിയങ്ങാടിയിലേക്കും ഗണ്ണി സ്ട്രീറ്റിലേക്കും കോർട്ട് റോഡിലേക്കും പട്ടുതെരുവിലേക്കും ബീച്ചിലേക്കുമെല്ലാം നൂറുകണക്കിനാളുകൾ പോവുന്ന തിരക്കേറിയ റോഡിലാണ് കെട്ടിടം കാലപ്പഴക്കം കാരണം ഇടിഞ്ഞുവീഴുന്നത്. ഹിമായത്തുൽ ഇസ്ലാം സ്കൂളിലേക്കടക്കം നൂറുകണക്കിന് വിദ്യാർഥികൾ യാത്ര ചെയ്യുന്ന തെരുവാണിത്. അധികാരികളുടെ ശ്രദ്ധയിൽ പലതവണ കൊണ്ടുവന്നിട്ടും നടപടിയില്ലെന്നാണ് പരാതി. കെട്ടിടങ്ങൾ അപകടാവസ്ഥയിലായാൽ പൊളിച്ചുനീക്കാൻ കോർപറേഷന് നിർദേശം നൽകാനാവും. പല കെട്ടിടങ്ങളും അവകാശ തർക്കങ്ങളും മറ്റും കാരണം നന്നാക്കാനോ ബാധ്യത ഏറ്റെടുക്കാനോ ആളില്ലാത്ത സ്ഥിതിയാണ്. പല കെട്ടിടങ്ങളും ഇപ്പോൾ നടത്തുന്നത് യഥാർഥ ഉടമകളല്ലെന്ന പ്രശ്നവുമുണ്ട്. നഗരത്തിൽ വലിയങ്ങാടി, കോർട്ട് റോഡ്, ഗാന്ധിറോഡ്, ചെറൂട്ടി റോഡ് മേഖലയിൽ പല കെട്ടിടങ്ങളും ജീർണാവസ്ഥയിലാണ്. ഇവയിൽ പലതും വഖഫ് സ്വത്തുക്കളായതിനാലും മറ്റും തർക്കത്തിലായതിനാൽ നന്നാക്കാതെ കിടക്കുകയാണ്.
പല പുരാതന കെട്ടിടങ്ങളും ഗോഡൗണുകളും അറ്റകുറ്റപ്പണി നടത്തി വീണ്ടും ഉപയോഗിക്കുന്ന പ്രവണതയും കൂടുന്നു. നിർമാണത്തിന് അനുമതി കിട്ടാത്ത മേഖലകളിൽ പഴയ കെട്ടിട നമ്പറിന്റെ മറവിൽ അറ്റകുറ്റപ്പണി നടത്തി നവീകരിക്കുന്ന നടപടികളും തകൃതിയാണ്.
ഗണ്ണി സ്ട്രീറ്റിലെ കെട്ടിടം പൊളിക്കും
ഗണ്ണി സ്ട്രീറ്റിലെ പൊളിയാറായ കെട്ടിടം വെള്ളിയാഴ്ച തന്നെ പൊളിക്കുമെന്ന് കോർപറേഷൻ കൗൺസിലർ എസ്.കെ. അബൂബക്കർ അറിയിച്ചു. കോർപറേഷൻ ഉദ്യോഗസ്ഥരടക്കമുള്ള സംഘം സ്ഥലം പരിശോധിച്ചു. തൂങ്ങി നിൽക്കുന്ന ഓടുകളും മറ്റും നീക്കിയിട്ടുണ്ട്. കെട്ടിടമുടമ ചെെന്നെയിലാണെന്നാണ് വിവരം. കെട്ടിടം അപകട നിലയിലാണെന്ന് കോർപറേഷൻ എൻജിനീയർ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.