ജൽജീവൻ മിഷൻ; മലയോരത്തെ നവീകരിച്ച റോഡുകൾ പൊളിക്കുന്നതിനെതിരെ ജനങ്ങൾ
text_fieldsതിരുവമ്പാടി: മലയോരമേഖലയിൽ നവീകരണ പ്രവൃത്തി പൂർത്തീകരിച്ച റോഡുകൾ ജൽജീവൻ മിഷൻ പദ്ധതിക്ക് പൈപ്പ് ലൈൻ സ്ഥാപിക്കാനായി വീണ്ടും പൊളിക്കുന്നതിനെതിരെ ജനരോഷമുയരുന്നു. അഗസ്ത്യൻമൂഴി-കൈതപ്പൊയിൽ പൊതുമരാമത്ത് റോഡിൽ ഒന്നാം ഘട്ട ടാറിങ് പൂർത്തീകരിച്ച ഭാഗം പൈപ്പ് ലൈനിനായി വീണ്ടും പൊളിക്കാനിരിക്കുകയാണ്. തിരുവമ്പാടി-പൂവാറംതോട് മലയോരപാതയുടെ ഭാഗമായ തിരുവമ്പാടി-പുന്നക്കൽ റോഡ് ഒരു വർഷം മുമ്പ് നവീകരണം പൂർത്തിയായിരുന്നു. ജൽജീവൻ മിഷൻ പൈപ്പുകൾ സ്ഥാപിക്കാനായി ഈ റോഡും പൊളിക്കും. മലയോര ഹൈവേയുടെ കോടഞ്ചേരി മുതൽ കക്കാടംപൊയിൽ വരെയുള്ള റീച്ചിന്റെ പ്രവൃത്തി നടന്നുവരുകയാണ്. ഈ റോഡിന്റെ വിവിധ ഭാഗങ്ങളിലും ജൽജീവൻ പദ്ധതിയുണ്ട്.
ഗ്രാമപഞ്ചായത്തുകളുടെ നിയന്ത്രണത്തിലുള്ള പ്രവൃത്തികൾ പൂർത്തീകരിച്ച റോഡുകളും ജൽജീവൻ കുടിവെള്ള പൈപ്പ് സ്ഥാപനത്തിനായി പൊളിക്കുന്നുണ്ട്. പ്രവൃത്തി പൂർത്തിയായിവരുമ്പോഴേക്ക് റോഡുകൾ പൊളിക്കുന്നതിനെതിരെ വിവിധയിടങ്ങളിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുണ്ട്. ജല അതോറിറ്റി, പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ ഏകോപനമില്ലാത്തതാണ് വൻ സാമ്പത്തിക നഷ്ടത്തിന് കാരണമാകുന്ന റോഡ് പൊളിക്കലിന് കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
അഗസ്ത്യൻമൂഴി-കൈതപ്പൊയിൽ റോഡിന്റെ ആദ്യ എസ്റ്റിമേറ്റിലുണ്ടായിരുന്ന കേബിൾ ചാൽ കരാറുകാരുടെ താൽപര്യപ്രകാരം ഒഴിവാക്കപ്പെടുകയായിരുന്നുവെന്ന് ആരോപണമുയർന്നു. കേബിൾ ചാൽ നിർമിച്ചിരുന്നുവെങ്കിൽ പൈപ്പ് ലൈൻ സ്ഥാപിക്കാൻ റോഡ് ടാറിങ് പൊളിക്കേണ്ടിവരില്ലായിരുന്നു. 13 കോടി രൂപയാണ് കേബിൾ ചാലിനായി റോഡിന്റെ ആദ്യ എസ്റ്റിമേറ്റിൽ നീക്കിവെച്ചിരുന്നത്. 2018 സെപ്റ്റംബറിൽ പ്രവൃത്തി തുടങ്ങിയ അഗസ്ത്യൻമൂഴി-കൈതപ്പൊയിൽ 21 കി.മീ പാത ആറാം വർഷത്തിലും പണി പൂർത്തിയായിട്ടില്ല. ഇതിനിടെയാണ് ടാറിങ് കഴിഞ്ഞ ഭാഗങ്ങൾ വീണ്ടും പൊളിക്കാൻ നീക്കം നടക്കുന്നത്. സർക്കാർ സംവിധാനങ്ങളുടെ ആസൂത്രണമില്ലായ്മയുടെ ദുരിതംപേറാൻ ഇനിയുമാവില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.