ജങ്കാർ പിടിച്ചെടുത്ത് പരിശോധന; ഒന്നര മണിക്കൂർ സർവിസ് മുടങ്ങി
text_fieldsകടലുണ്ടി: ചാലിയം കടവിലെ ജങ്കാർ സർവിസിനെക്കുറിച്ച് ആശങ്ക നിലനിൽക്കേ വീണ്ടും തുറമുഖ വകുപ്പിന്റെ മാരത്തൺ പരിശോധന. ഒരു മുന്നറിയിപ്പുമില്ലാതെ ജങ്കാർ പിടിച്ചെടുത്ത് പഴുതടച്ചുള്ള പരിശോധന ഒന്നര മണിക്കൂർ നീണ്ടു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് തുടങ്ങിയ പരിശോധന മൂന്നര വരെ തുടർന്നു. പ്രധാനമായും ജങ്കാറിന്റെ യന്ത്രങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന.
പൊലീസ്, പഞ്ചായത്ത്, തുറമുഖ വകുപ്പ്, ഫയർ സർവിസ് വിഭാഗങ്ങൾ സംയുക്തമായി കഴിഞ്ഞ ചൊവ്വാഴ്ച ജങ്കാർ പരിശോധിച്ചിരുന്നു. ജങ്കാർ സർവിസ് സംബന്ധിച്ച് യാത്രക്കാർ നിരന്തരം പരാതി ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു കടലുണ്ടി പഞ്ചായത്ത് വിവിധ വകുപ്പുകളുടെ സഹായത്തോടെ പരിശോധനക്ക് തയാറായത്. ജങ്കാർ സുരക്ഷിതത്വം സംബന്ധിച്ച് പെട്ടെന്ന് റിപ്പോർട്ട് നൽകാൻ തുറമുഖ വകുപ്പിനോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലത്തെ പരിശോധന.
അതേസമയം, സർവിസ് തുടർന്നുപോകാൻ കടത്തുകാരോട് തുറമുഖ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് അടുത്ത ദിവസം നൽകാമെന്നും പറഞ്ഞു. ഇത് കൊച്ചിയിൽ ഓടിത്തളർന്ന ജങ്കാറാണെന്നും കൂടുതൽ ഭാരം കയറ്റുമ്പോൾ ചാലിയാറിന്റെ കുത്തൊഴുക്കിൽ അപകടസാധ്യത കൂടുതലാണെന്നും പല കോണിൽ നിന്നും ആക്ഷേപമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.