ജപ്പാൻ കുടിവെള്ളം കിട്ടാക്കനി; പലഭാഗത്തും ജലവിതരണം മുടങ്ങിയിട്ട് നാലു ദിവസം
text_fieldsകടലുണ്ടി: പഞ്ചായത്തിലെ ഏക ആശ്രയമായ ജപ്പാൻ കുടിവെള്ള വിതരണം താളംതെറ്റി. ചാലിയം, കടലുണ്ടി, മണ്ണൂർ ഭാഗങ്ങളിലാണ് ജലവിതരണം മിക്ക ദിവസങ്ങളിലും തടസ്സപ്പെടുന്നത്. മണ്ണൂർ വളവ്, പൂച്ചേരിക്കുന്ന് ഭാഗങ്ങളിൽ വെള്ളം കിട്ടിയിട്ട് നാലു ദിവസമായി. പഞ്ചായത്തിലെ മുക്കാൽ ഭാഗം കുടുംബങ്ങളും ആശ്രയിക്കുന്നത് ജപ്പാൻ വെള്ളമാണ്.
മൂന്നു ഭാഗം പുഴയും ഒരു ഭാഗം കടലുമായി ദ്വീപുകളെപ്പോലെ ചുറ്റപ്പെട്ടുകിടക്കുന്ന പഞ്ചായത്തിന്റെ മിക്ക ഭാഗങ്ങളിലേയും കിണർ വെള്ളം ഉപയോഗശൂന്യമാണ്. മുമ്പ് വാട്ടർ അതോറിറ്റിക്ക് കീഴിലായിരുന്നു പഞ്ചായത്തിൽ ജലവിതരണം. എന്നാൽ, ഇതെല്ലാം ജപ്പാൻ പദ്ധതിയിൽ ലയിച്ചതോടെയാണ് നേരാംവണ്ണം വെള്ളം ലഭിക്കാത്തതെന്നാണ് ജനം പറയുന്നത്.
ചിലപ്പോൾ മൂന്നും നാലും ദിവസം തുടർച്ചയായി വെള്ളം മുടങ്ങുന്ന പതിവുമുണ്ട്. വെള്ളം വരുന്നതു തന്നെ നൂൽവണ്ണത്തിലാണ്. വെള്ളത്തെക്കുറിച്ച് പരാതി പറയാൻ പോയാൽ കേൾക്കാൻ ആളില്ലാത്ത അവസ്ഥയാണെന്നാണ് ജനം പറയുന്നത്.
അതേസമയം, വെള്ളം പമ്പു ചെയ്യുന്ന പെരുവണ്ണാമൂഴിയിൽനിന്ന് വേണ്ടത്ര അളവിൽ ലഭിക്കാതെ വരുന്നതാണ് ക്ഷാമത്തിനു കാരണമായി ബന്ധപ്പെട്ടവർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.