തീച്ചൂട്; കോഴിക്കോട് ജില്ലയിൽ മഞ്ഞപ്പിത്തം, വയറിളക്കം, ടൈഫോയ്ഡ് വ്യാപകം
text_fieldsകോഴിക്കോട്: റെക്കോഡ് മറികടന്ന് ചൂട് വർധിച്ചതോടെ ജില്ലയിൽ ജലജന്യ രോഗങ്ങളും വർധിക്കുന്നു. ശുദ്ധമല്ലാത്ത കുടിവെള്ളം വ്യാപകമായി ഉപയോഗിക്കുന്നതാണ് ജലജന്യ രോഗം പടർന്നുപിടിക്കാൻ കാരണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മഞ്ഞപ്പിത്തം, വയറിളക്കം, ടൈഫോയ്ഡ്, വെള്ളം കുടിക്കുന്നതിന്റെ കുറവ് കാരണം മൂത്രാശയ അണുബാധ എന്നിവ ക്രമാതീതമായി വർധിക്കുകയാണ്. പനിബാധിച്ച് ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ട്. ശുദ്ധമല്ലാത്ത വെള്ളത്തിൽ തയാറാക്കിയ ശീതള പാനീയങ്ങളും മറ്റും കുടിക്കുന്നതിൽ നിന്നാണ് കൂടുതൽ പേരിലും മഞ്ഞപ്പിത്തം അടക്കമുള്ള രോഗം പടരുന്നത്.
ഹോട്ടൽ, കൂൾ ബാർ, തട്ടുകടകൾ എന്നിവിടങ്ങളിൽ വെള്ളത്തിന്റെ ശുദ്ധത ഉറപ്പാക്കാൻ ഭക്ഷ്യ വകുപ്പിന്റെ പരിശോധന കാര്യക്ഷമമല്ലാത്തതും രോഗപകർച്ചക്ക് ആക്കം കൂട്ടുന്നു. ബീച്ച് അടക്കമുള്ള സ്ഥലങ്ങളിൽ വിതരണം ചെയ്യുന്ന ഐസ് അടക്കമുള്ളവ പരിശോധിച്ച് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നുണ്ടെന്ന് ഭക്ഷ്യ വകുപ്പ് പറയുമ്പോഴും നഗരത്തിലടക്കം മഞ്ഞപ്പിത്തം വ്യാപിക്കുന്നത് ആശങ്കക്ക് ഇടയാക്കുന്നു. ഹോട്ടലുകളിൽ വെള്ളത്തിന്റെ ശുദ്ധത ഉറപ്പാക്കുന്ന സർട്ടിഫിക്കറ്റ് സൂക്ഷിക്കണമെന്ന് നിർദേശമുണ്ടെങ്കിലും പാലിക്കപ്പെടുകയോ അധികൃതർ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുകയോ ചെയ്യുന്നില്ല. വൈറസുകള്‍, ബാക്ടീരിയകള്‍, പരാദ ജീവികളായ അമീബിയ, ഗിയാര്‍ഡിയ തുടങ്ങിയവ വെള്ളത്തിലൂടെയും ആഹാരത്തിലൂടെയും ശരീരത്തിലെത്തിയാണ് വയറിളക്കമുണ്ടാകുന്നത്. ശരീരത്തിലെ ജലവും ലവണങ്ങളും വയറിളക്കത്തിലൂടെ നഷ്ടപ്പെടുന്നതുമൂലം രോഗം അപകടകരമാകുന്നു. ഇത് മരണത്തിനുവരെ കാരണമാകും. ഭൂരിഭാഗം വയറിളക്ക രോഗങ്ങളും പാനീയ ചികിത്സയിലൂടെ ഭേദമാക്കാം. ഇതിനായി ഒ.ആര്.എസ്, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന് വെള്ളം, ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങാവെള്ളം എന്നിവ ഉപയോഗിക്കാം. പാനീയ ചികിത്സക്കൊപ്പം ദഹിക്കാന്‍ എളുപ്പമുള്ള ആഹാരവും നല്‍കണം. ഗുരുതരമായ നിർജലീകരണ ലക്ഷണങ്ങള്‍ തുടര്‍ന്നാല്‍ രോഗിയെ തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കണം. സാല്‍മോണല്ല ടൈഫി ബാക്ടീരിയ മൂലമുണ്ടാകുന്ന ജലജന്യ രോഗമാണ് ടൈഫോയ്ഡ്. മാലിന്യങ്ങള്‍ കലര്‍ന്ന ജലത്തിലൂടെയും പഴകിയ ആഹാര സാധനങ്ങളിലൂടെയും രോഗംപകരാം.
രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ പത്ത് ദിവസത്തിനകം രോഗലക്ഷണങ്ങള്‍ പ്രകടമാവാം. പനി, തലവേദന, ക്ഷീണം, വിശപ്പില്ലായ്മ, വയറിളക്കം എന്നിവയാണ് ലക്ഷണങ്ങള്‍. ശരിയായ ചികിത്സ തക്കസമയത്ത് ലഭിച്ചില്ലെങ്കില്‍ കുടലില്‍ രക്തസ്രാവം, സുഷിരങ്ങള്‍, ന്യൂമോണിയ, മെനിഞ്ചൈറ്റിസ് എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. രോഗത്തിനുള്ള ചികിത്സ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭിക്കും. ഹെപ്പറ്റൈറ്റിസ്-എ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഹെപ്പറ്റൈറ്റിസ്-എ (മഞ്ഞപ്പിത്തം). രോഗാണുബാധയുള്ള വ്യക്തിയുടെ മലത്തിലുള്ള രോഗാണുക്കള്‍ ആഹാരം, ജലം, പാത്രങ്ങള്‍, വിരലുകള്‍ എന്നിവ വഴി മറ്റുള്ളവരിലേക്ക് പകരാം. വിശപ്പില്ലായ്മ, ക്ഷീണം, മനംപിരട്ടല്‍, ഛർദി, പനി, മൂത്രത്തിനും കണ്ണിനും മഞ്ഞനിറം എന്നിവയാണ് ലക്ഷണങ്ങള്‍. പ്രായം കൂടുന്നതിനനുസരിച്ച് മഞ്ഞപ്പിത്തബാധയുടെ തീവ്രതയും കൂടാന്‍ സാധ്യതയുണ്ട്.
പ്രതിരോധിക്കാം
●തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
●ശീതളപാനീയങ്ങൾ, സംഭാരം, ഐസ്ക്രീം എന്നിവ ശുദ്ധജലത്തിൽ മാത്രം തയാറാക്കുക.
●കുടിവെള്ള സ്രോതസ്സുകളിലും കിണറുകളിലും ക്ലോറിനേഷൻ നടത്തുക.
●ആഹാരത്തിന് മുമ്പും ശേഷവും മലമൂത്ര വിസർജനത്തിന് ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക.
●കുടിവെള്ളവും ആഹാര സാധനങ്ങളും ഈച്ച കടക്കാത്ത വിധം അടച്ചുസൂക്ഷിക്കുക.
●പച്ചക്കറികളും പഴവർഗങ്ങളും നല്ലവണ്ണം കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക.
●കിണർ വെള്ളം മലിനപ്പെടാനുള്ള സാധ്യത ഒഴിവാക്കുക.
●വീടും പരിസരവും മാലിന്യങ്ങൾ കുമിഞ്ഞു കൂടാതെ വൃത്തിയായി സൂക്ഷിച്ച് ഈച്ച പെരുകുന്നത് തടയുക.
●മലമൂത്ര വിസർജനം കക്കൂസിൽ മാത്രം നടത്തുക. നഖം വെട്ടി വൃത്തിയായി സൂക്ഷിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.