ജെ.ഡി.ടിയിലെ വിദ്യാർഥികൾ ദേശീയപാതയിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; പൊലീസ് കേസെടുത്തു
text_fieldsവെള്ളിമാട്കുന്ന്: ജെ.ഡി.ടിയിലെ വിദ്യാർഥികൾ തമ്മിൽ സംഘർഷം. അവധിക്കാലത്ത് നിലച്ച കൂട്ടത്തല്ലാണ് തിങ്കളാഴ്ച പുനരാരംഭിച്ചത്. വിദ്യാർഥികൾ ചേരിതിരിഞ്ഞ് കോളജ് പരിസരത്ത് ആരംഭിച്ച കൈയാങ്കളി കൂട്ടംകൂടി വിദ്യാർഥികളെ പരസ്പരം മർദിക്കുകയായിരുന്നു. കൂട്ടമായി ദേശീയപാതയിൽ പരന്നോടിയതിനാൽ ചെറിയ കുട്ടികൾ ഉൾപ്പെടെ തിക്കിലും തിരക്കിലുംപെട്ടു. ചില കുട്ടികൾക്ക് വീണ് പരിക്കേൽക്കുകയും ചെയ്തു.
മൂന്നേ മുക്കാലോടെയാണ് കോളജ് പരിസരത്ത് സംഘർഷം ആരംഭിച്ചത്. റോഡിലൂടെ പരസ്പരം ഓടിച്ച് വിദ്യാർഥികൾ കൂട്ടംകൂടി ഏറ്റുമുട്ടുകയായിരുന്നു. മാധ്യമം ഓഫിസിനു താഴെ എത്തിയപ്പോഴേക്കും ചേവായൂർ സ്റ്റേഷനിലെ എസ്.ഐമാരായ നിമിൻ, നിഥിൻ എന്നിവരുടെ നേതൃത്വത്തിൽ സംഘം സ്ഥലത്തെത്തി. പൊലീസിനെ കണ്ടതോടെ വിദ്യാർഥികൾ ചിതറിയോടി. സമീപത്തെ വീടുകളിലേക്കും ഇടവഴികളിലേക്കും കെട്ടിടങ്ങൾക്കകത്തേക്കും ഓടിയവരെ പൊലീസ് പിന്തുടർന്നു. ചിലരെ പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
കണ്ടാലറിയാവുന്ന മുപ്പതോളം പേർക്കെതിരെ ചേവായൂർ പൊലീസ് കേസെടുത്തു. ഗതാഗതവും ഏറെനേരം തടസ്സപ്പെട്ടു. ജെ.ഡി.ടിയിലെ ചില വിദ്യാർഥികൾ ക്രമസമാധാന പ്രശ്നങ്ങൾ ബോധപൂർവം ഉണ്ടാക്കുന്നതായും ഇവർക്കു പുറത്തുനിന്നുള്ള ലഹരിസംഘങ്ങളുടെ പിന്തുണ ലഭിക്കുന്നതായി വിവരമുണ്ടെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞവർഷം നിരന്തരമായ സംഘർഷം നിലനിന്നതിനാൽ സർവകക്ഷിയോഗം വിളിച്ച് സമാധാനം നിലനിർത്താനും മുഖംനോക്കാതെ നടപടിയെടുക്കാനും മാനേജ്മെന്റും പൊലീസും നാട്ടുകാരും രക്ഷിതാക്കളും തീരുമാനിച്ചിരുന്നു. അക്രമം നടത്തുന്ന വിദ്യാർഥികൾക്കെതിരെ കർശനമായ നടപടിയുണ്ടാകുമെന്ന് എസ്.ഐ നിമിൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.