ലാപ്ടോപ് കിട്ടി; വിധിയെ നേരിട്ടു പഠിക്കാൻ ജിതേഷിന് ആവേശമായി
text_fieldsഅമ്മയുടെ ലാളനയേറ്റ് മടിയിൽ കിടക്കെ തെങ്ങിൽ നിന്നു വീണ ഇളനീർ തെറിച്ച് തലക്ക് ക്ഷതമേറ്റ് അരക്കു താഴെ തളർന്ന ജിതേഷ് രാജ് പഠനത്തിനുള്ള ലാപ് ടോപ്പ് കിട്ടിയതോടെ ഏറെ സന്തോഷത്തിലാണ്.
മരുന്നിനും ചികിത്സക്കും വക കിട്ടാൻ പ്രാർഥിക്കുന്ന അമ്മ സുമതിയെ പഠന കാര്യത്തിൽ പ്രയാസപ്പെടുത്താതിരിക്കാൻ ശ്രമിക്കുന്ന ജിതേഷ് രാജിന് ഒരു ലാപ് ടോപ്പ് കിട്ടിയാൽ നന്നായിരുന്നുവെന്നുള്ള ആഗ്രഹം മാസങ്ങളായി കൊണ്ടു നടക്കുകയായിരുന്നു.
പട്ടിണി തൊടാതെ ജീവിതം കൊണ്ടുപോകാൻ ശ്രമിക്കുന്ന സുമതിക്ക് മകെൻറ പഠന കാര്യങ്ങളെക്കുറിച്ച് ഓർക്കാൻ പോലും പേടിയാണ്.
പത്താം ക്ലാസിലെ പരീക്ഷയിലും ഉയർന്ന വിജയം നേടിയെങ്കിലും എഴുന്നേറ്റ് നടക്കാനും പ്രാഥമിക കാര്യങ്ങൾക്കും ജിതേഷിന് അമ്മയുടെ അതേ കരുതൽ ഇന്നും വേണം. ആറു സെൻറ് ഭൂമിയിലെ കിടപ്പാടത്തിെൻറ അവസ്ഥ മെച്ചപ്പെട്ടില്ലെങ്കിലും മകെൻറ കാലുകൾ നടന്നു തുടങ്ങാനായിരുന്നു പിതാവ് കെട്ടാങ്ങൽ പുള്ളാവൂർ കുന്നത്ത് രാജനും ഭാര്യയും മനസ്സുരുകി പ്രാർഥിച്ചത്.
ജിതേഷ് ഏഴാം ക്ലാസിൽ പഠിക്കവെ മൂന്നു വർഷം മുമ്പ് രാജൻ കുഴഞ്ഞ് വീണ് തലക്ക് പരിക്കറ്റ് മരിച്ചു. മകനെ നടത്തിക്കാൻ ശ്രമിച്ച രാജനും ഇല്ലാതായതോടെ സുമതിയുടെ ജീവിതത്തിെൻറ കുഴച്ചിലിന് വേഗത ഏറി.കമ്പ്യൂട്ടർ സയൻസിനോടാണ് ജിതേഷിന് താൽപര്യം.
അതുകൊണ്ട് പ്ലസ്സ് വൺ ക്ലാസ്സിൽ ആർ.ഇ.സി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ജൂനിയർ സോഫ്റ്റ് വെയർ ഡവലപ്പർ ഐച്ഛിക കവിഷയമായി പഠിക്കാനാണ് ആഗ്രഹം. ഇതിന് സ്വന്തമായി ഒരു ലാപ് ടോപ്പ് വേണമെന്ന ആഗ്രഹം തന്നെയും കുടുംബത്തെയും ഏറെ സഹായിച്ച പ്രഫ. വർഗീസ് മാത്യുവിനെ അറിയിച്ചു.
ഉടൻ തന്നെ സുഹൃത്തായ കുവൈത്തിൽ ജോലിചെയ്യുന്ന പത്തനംതിട്ട കിടങ്ങന്നൂർ കടവൻകോട്ടു കിഴക്കേതിൽ ജോർജ് മാത്യുവിനെ വിവരം അറിയിച്ചു. ആഗ്രഹം പോലെ പുതിയ ലാപ് ടോപ് കൈയിൽ കിട്ടുകയായിരുന്നു. കോഴിക്കോട്ട് ബിഷപ്പ് ഹൗസിൽ വെച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ ജിതേഷ് രാജിന് ലാപ്ടോപ് കൈമാറി.
സെൻറ് സേവ്യേഴ്സ് കോളജ് മാനേജർ മോൺ വിൻ സെന്റ് അറയ്ക്കൽ, വൈസ് പ്രിൻസിപ്പൽ ഫാ.ജോൺസൺ കൊച്ചു പറമ്പിൽ, പ്രിൻസിപ്പൽ പ്രഫ. വർഗീസ് മാത്യു, മോൺ പുത്തൽ പുരയ്ക്കൽ, വികാരി ജനറൽ ഫാദർ തോമസ് പനക്കൽ, അമലി ക്ലിനിക്കിലെ ഡോ. മേരി ജോസഫ്, ജിതേഷ് രാജിെൻറ അമ്മ സുമതി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.