കേന്ദ്ര, സംസ്ഥാന ഭരണങ്ങൾക്കെതിരായ വിധിയെഴുത്താകും -സാദിഖലി തങ്ങള്‍
text_fieldsകോഴിക്കോട്: കേന്ദ്രം ഭരിക്കുന്ന സര്‍ക്കാറിന്റെ ഫാഷിസത്തിനെതിരെയും കേരളം ഭരിക്കുന്ന സി.പി.എം സര്‍ക്കാറിന്റെ ദുര്‍ഭരണത്തിനെതിരെയുമുള്ള പോരാട്ടമായി ലോക്സഭ തെരഞ്ഞെടുപ്പ് മാറുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. രാമനാഥപുത്ത് മുസ്ലിം ലീഗ് സ്ഥാനാർഥിക്കെതിരായി ആര് വന്നാലും തങ്ങൾക്ക് വിജയം സുനിശ്ചിതമാണ്. വൻമരത്തെ വീഴ്ത്താൻ ചെറിയ കോടാലി മതിയെന്നും അദ്ദേഹം പറഞ്ഞു. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘ഞാന്‍ ഇന്ത്യക്കൊപ്പം’ എന്ന പേരിലുള്ള ബൂത്ത് ലെവല്‍ കാമ്പയിനിന്റെ സമാപനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി സംവിധാനം സുശക്തമാക്കാനും ഇൻഡ്യ മുന്നണിയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തകരെ സജ്ജമാക്കാനും ലക്ഷ്യമിട്ട് സംഘടിപ്പിച്ച ക്രിയേറ്റിവ് കോണ്‍ക്ലേവ് വന്‍ വിജയമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല കമ്മിറ്റിയുടെ പുതിയ പദ്ധതിയായ ബാഫഖി തങ്ങള്‍ കമ്യൂണിറ്റി റിസോഴ്സ് ഡെവലപ്മെന്റ് സെന്ററിന്റെ പ്രഖ്യാപനവും സാദിഖലി തങ്ങള്‍ നിര്‍വഹിച്ചു.
മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. പത്ത് വര്‍ഷമായി രാജ്യത്ത് നടക്കുന്ന വര്‍ഗീയ കലാപങ്ങളും സാമ്പത്തിക പ്രതിസന്ധിയും കര്‍ഷകരുടെ പ്രശ്നങ്ങളും ബി.ജെ.പി സര്‍ക്കാറിനെ താഴെയിറക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാർലമെന്ററി പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ ഡോ. എം.കെ മുനീര്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. പി.എം.എ. സലാം, പി.കെ.കെ ബാവ, പ്രഫ. ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ, എം.സി മായിന്‍ ഹാജി, ഉമ്മര്‍ പാണ്ടികശാല, പി.കെ ഫിറോസ്, എം.കെ രാഘവന് എം.പി, കെ. മുരളീധരന് എം.പി എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ‘തെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍’ വിഷയത്തില്‍ ഡോ. സരിന് പി. പ്രതിനിധികളുമായി സംവദിച്ചു. കെ.എം. ഷാജി ഉപസംഹാര പ്രസംഗം നടത്തി. ടി.ടി ഇസ്മായില്‍, സൂപ്പി നരിക്കാട്ടേരി, സി.പി ചെറിയ മുഹമ്മദ്, പാറക്കല്‍ അബ്ദുല്ല, ശാഫി ചാലിയം, യു.സി രാമന്, കെ.എ ഖാദര്‍ മാസ്റ്റര്‍, അഹമ്മദ് പുന്നക്കല്‍, എന്‍.സി അബൂബക്കര്‍, പി. അമ്മദ് മാസ്റ്റര്‍, എസ്.പി കുഞ്ഞഹമ്മദ്, പി. ഇസ്മായില്‍, വി.കെ.സി ഉമ്മര്‍ മൗലവി, സി.പി.എ അസീസ് മാസ്റ്റര്‍, ഒ.പി നസീര്‍, അഡ്വ. എ.വി അന്‍വര്‍, എ.പി മജീദ് മാസ്റ്റര്‍, എം. കുഞ്ഞാമുട്ടി, കെ.കെ നവാസ്, ഒ.കെ കുഞ്ഞബ്ദുല്ല, വി.എം ഉമ്മര്‍ മാസ്റ്റര്‍, എം.സി വടകര, അഹമ്മദ് കുട്ടി ഉണ്ണികുളം, അഡ്വ. നൂര്‍ബീന റഷീദ്, കുല്‍സു ടീച്ചര്‍, ഇ.പി ബാബു എന്നിവര്‍ നേതൃത്വം നല്കി.
മാർക്സിസ്റ്റ് പാർട്ടിയുടെ വാപ്പയല്ല, ലീഗിന്റെ വാപ്പ -എം.കെ. മുനീർ
കോഴിക്കോട്: മുസ്ലിം ലീഗ് മുന്നണി മാറുമെന്ന പ്രചാരണത്തിനെതിരെ ശക്തമായി പ്രതികരിച്ച് ലീഗ് നേതാവ് എം.കെ. മുനീർ എം.എൽ.എ. മുസ്ലിം ലീഗിൽ കുത്തിത്തിരിപ്പുണ്ടാക്കാൻ മാർക്സിസ്റ്റ് പാർട്ടി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനുവേണ്ടി ഇറക്കിയ രണ്ട് ചരക്കുകളാണ് ഇ.പി. ജയരാജനും കെ.ടി. ജലീലും. തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ്, കോൺഗ്രസിനെ ചതിക്കണം എന്നാണ് കെ.ടി. ജലീൽ പറഞ്ഞത്. മുന്നണിയിൽ നിന്നുകൊണ്ട് ആരെയെങ്കിലും ചതിക്കാൻ മാർക്സിസ്റ്റുകാരുടെ വാപ്പയല്ല, മുസ്ലിം ലീഗുകാരുടെ വാപ്പ. ചതി എന്ന് പറയുന്നത് മുസ്ലിം ലീഗിന്റെ നിഘണ്ടുവിലില്ല. ഏതു മുന്നണിയിൽ നിന്നാലും ആ മുന്നണിയെ ജയിപ്പിക്കാനാണ് മുന്നിൽനിൽക്കുക. മറ്റ് തരത്തിലുള്ള പ്രചാരണങ്ങൾ പ്രോത്സാഹിപ്പിക്കരുതെന്നും എം.കെ. മുനീർ പ്രവർത്തകരോട് ആവശ്യപ്പെട്ടു. എസ്.എഫ്.ഐ എത്രമാത്രം വലിയ കാട്ടാളന്മാർ ആയിത്തീർന്നിരിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് സിദ്ധാർഥന്റെ മരണമെന്നും റാഗിങ് എന്ന അതികാടൻ വിചാരണയാണ് പൂക്കോട് നടന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.