മതസൗഹാർദ വേദിയായി പൂനൂർ ഞാറപ്പൊയിൽ ജുമാ മസ്ജിദ്
text_fieldsപൂനൂർ: പുതുക്കിപ്പണിത പൂനൂർ ഞാറപ്പൊയിൽ മഹല്ല് ജുമാമസ്ജിദ് ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സൗഹൃദ സംഗമ പരിപാടിയിൽ ജാതിമതഭേദമന്യേ നാട്ടുകാർ പങ്കെടുത്തതോടെ ജനകീയമായി മാറി. 65 വർഷം പഴക്കമുള്ള പഴയ പള്ളി പൊളിച്ചുമാറ്റിയാണ് പുതുക്കിപ്പണിതത്. 1000ത്തിലധികം വീടുകളാണ് ഈ ജുമാ മസ്ജിദിന് കീഴിലുള്ളത്. മൂന്നര കോടിയോളം രൂപ വിനിയോഗിച്ചാണ് പള്ളിയുടെ നിർമാണം പൂർത്തിയാക്കിയത്.
ഖബർസ്ഥാൻ ഉൾപ്പെടെ നാല് ഏക്കറിലാണ് പള്ളി സ്ഥിതിചെയ്യുന്നത്. വ്യാഴാഴ്ച രാവിലെ മുതൽ സംഘടിപ്പിച്ച മതസൗഹാർദ സംഗമ പരിപാടിയിൽ 4000 പേർക്ക് ഭക്ഷണമടക്കം ഒരുക്കിയിരുന്നു. മത, രാഷ്ട്രീയ, കക്ഷി ഭേദമന്യേ സ്ത്രീകളടക്കം നാട്ടുകാർക്ക് മുഴുവൻ പള്ളിയുടെ അകത്തു കയറി സന്ദർശിക്കാനുള്ള അവസരവും നൽകിയിരുന്നു. മതസൗഹാർദ സംഗമത്തിന് എൻ.പി. ഷുക്കൂർ നേതൃത്വം നൽകി. ഡിസംബർ മൂന്നിന് അസർ നമസ്കാരത്തിന് നേതൃത്വം നൽകി പുതിയ പള്ളിയുടെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും. മത, സാംസ്കാരിക, സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കുമെന്ന് നിർമാണ കമ്മിറ്റി ചെയർമാൻ ഡോ. ജമാൽ ഞാറപ്പൊയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.