കോഴിക്കോട് ജില്ലയിലെ 1479 സർക്കാർ സ്ഥാപനങ്ങളിൽ കെ-ഫോൺ സൗകര്യം
text_fieldsകോഴിക്കോട്: എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാറിന്റെ കെ-ഫോൺ പദ്ധതി ജൂൺ അഞ്ചിന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുന്നതോടൊപ്പം ജില്ലയിലെ 13 മണ്ഡലങ്ങൾ കേന്ദ്രീകരിച്ചും ഉദ്ഘാടനച്ചടങ്ങുകൾ നടക്കും. മന്ത്രിമാർ, എം.എൽ.എമാർ, ജനപ്രതിനിധികൾ ഉൾെപ്പടെയുള്ളവർ വിവിധ മണ്ഡലങ്ങളിലായി നടക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കും.
കെ-ഫോൺ പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഭാഗമായി ജില്ലയിലെ 13 മണ്ഡലങ്ങളിലെയും ബി.പി.എൽ കുടുംബങ്ങൾക്കാണ് കണക്ഷൻ നൽകുന്നത്. ആദ്യഘട്ടത്തിന്റെ ഭാഗമായി ജില്ലയിൽ ആകെയുള്ള 2614 സർക്കാർ സ്ഥാപനങ്ങളിൽ 1479 ഓഫിസുകളിൽ കെ-ഫോൺ കണക്ഷൻ ലഭ്യമായി. ഒരു നിയമസഭ മണ്ഡലത്തിൽ 100 വീടുകൾ എന്ന കണക്കിൽ 13 നിയമസഭ മണ്ഡലങ്ങളിലെയും 1300 കുടുംബങ്ങൾക്കും കണക്ഷൻ നൽകും.
ഇതിൽ നിലവിൽ 1195 ബി.പി.എൽ കുടുംബങ്ങളിൽ കെ-ഫോൺ അനുവദിക്കുന്നതിന്റെ സർവേ നടപടികൾ പൂർത്തിയാക്കി കണക്ഷൻ നൽകുന്ന ജോലികൾ ആരംഭിച്ചു. നിലവിൽ 36 വീടുകളിൽ കണക്ഷൻ ലഭ്യമാക്കി. ബാക്കിയുള്ള വീടുകളിൽ കണക്ഷൻ നൽകുന്ന നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. കേരള വിഷനാണ് വീടുകളിൽ കണക്ഷനെത്തിക്കുന്ന കരാർ ഏറ്റെടുത്തിരിക്കുന്നത്.
ജില്ലയിൽ കെ-ഫോണിനായി മൊത്തം 2595.482 കി.മീ ദൂരത്തിലാണ് ലൈൻ വലിക്കേണ്ടത്. ഇതിൽ ദേശീയപാത പ്രവൃത്തി കാരണവും റെയിൽവേ ക്രോസിങ്ങും വരുന്ന 210 കി.മീ ദൂരം ഒഴികെയുള്ള സ്ഥലങ്ങളിൽ കേബിൾ വലിക്കുന്ന പ്രവൃത്തികൾ പൂർത്തിയായി.
കെ-ഫോൺ ഇന്റർനെറ്റ് വിതരണം ബന്ധിപ്പിക്കുന്ന പോയന്റ്സ് ഓഫ് പ്രസൻസുകളും സ്ഥാപിച്ചു. ജില്ലയിലെ 26 കെ.എസ്.ഇ.ബി സബ് സ്റ്റേഷനുകളിലാണ് പോയന്റ്സ് ഓഫ് പ്രസൻസ് സ്ഥാപിച്ചത്. കെ-ഫോണിന്റെ കേബിളുകളും ട്യൂട്ടർ, സ്വിച്ച്, 24 മണിക്കൂർ വൈദ്യുതി, യു.പി.എസ്, ബാറ്ററികൾ, ഇൻവെർട്ടർ, എയർകണ്ടീഷൻ എന്നിവയാണ് പോയന്റസ് ഓഫ് പ്രസൻസിൽ സജ്ജീകരിച്ചിരുക്കുന്നത്.
26 സബ് സ്റ്റേഷനുകൾ വഴി ജില്ലയിലെ കെ-ഫോൺ കണക്ഷനുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പോയന്റ് ഓഫ് പ്രസൻസ് (പി.ഒ.പി) ചേവായൂർ സബ് സ്റ്റേഷനിലാണ് സ്ഥാപിച്ചത്. പി.ഒ.പിയുടെ നിർമാണ പ്രവൃത്തി ഒരു വർഷം മുന്നേ തന്നെ പൂർത്തീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.