കെ-റെയിൽ: കോഴിക്കോട്ടെ തുരങ്കം അപകടകരം
text_fieldsകോഴിക്കോട്: കെ-റെയിലിനായി കോഴിക്കോട് നിർമിക്കാനുദ്ദേശിക്കുന്ന തുരങ്കം വളരെ ശക്തികുറഞ്ഞ മണ്ണിലാണെന്നും ഒരുവിധ സർവേയും നടത്താതെയുള്ള ഇത്തരം ആശയങ്ങൾ നടപ്പാക്കിയാൽ നഗരത്തിലെ കെട്ടിടങ്ങളുടെ തകർച്ചക്ക് പോലും കാരണമാവുമെന്നും റിട്ട.റെയിൽവേ ചീഫ് എൻജിനീയർ അലോക് കുമാർ വർമ. ജനകീയ സംവാദ സമിതി ആഭിമുഖ്യത്തിൽ 'കെ-റെയിൽ വികസനമോ, വിനാശമോ?' എന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട്ടെ സ്റ്റേഷൻ തുരങ്കത്തിലാണ് നിർമിക്കുന്നതെന്നാണ് ഡി.പി.ആറിലുള്ളത്. സ്റ്റേഷന് ഇരുവശവും 40 മീറ്റർ വീതിയിലും 6.2 കിലോമീറ്റർ ദൂരത്തിലുമാണ് തുരങ്കം. കല്ലായിപ്പുഴക്കടിയിലൂടെയാണിത് പോവുന്നത്. തിരക്കേറിയതും കെട്ടിടങ്ങൾ നിറഞ്ഞതും ലോലമായ മണ്ണുള്ളതുമായ ഇത്തരം സ്ഥലത്ത് തുരങ്കം നിർമിക്കുന്നത് അപകടകരമാണ്. മണ്ണിടിച്ചിലിനും മറ്റും സാധ്യതയുണ്ട്. കേരളത്തിൽ മറ്റെവിടെയും ഇതുപോലുള്ള തുരങ്കം റെയിലിനു വേണ്ടിയോ റോഡിനായോ പണിതിട്ടില്ല.
ജിയളോജിക്കൽ സർവേയോ കെട്ടിടങ്ങളുടെ അവസ്ഥയെപ്പറ്റിയുള്ള പഠനമോ നടത്തിയിട്ടില്ല. ഭൂമിയുടെ 30-35 മീറ്ററടിയിൽ കൂടിയുള്ള തുരങ്കം ബഹുനില കെട്ടിടങ്ങൾക്ക് വിള്ളൽ വരെയുണ്ടാക്കും. ഇതൊന്നും പരിഗണിക്കാതെയാണ് ഡി.പി.ആർ തയാറാക്കിയത്. തൃശൂർ നഗരത്തിൽ 20 മീറ്റർ ഉയരത്തിൽ മേൽപാലത്തിൽ പണിയുന്ന സ്റ്റേഷനടക്കം വലിയ നിർമാണങ്ങൾ ഒരു പഠനവും നടത്താതെയാണ് നിർമിക്കുന്നത്. ഏകീകൃത റെയിൽ പാത നടപ്പാക്കാൻ യൂറോപ്പിലടക്കം ശ്രമിക്കുമ്പോൾ ഇന്ത്യയിൽ മറ്റെങ്ങുമില്ലാത്ത സ്റ്റാൻഡേഡ് ഗേജ് അടിച്ചേൽപ്പിക്കുന്നത് രാജ്യത്തെ റെയിൽ സംവിധാനത്തെ വെട്ടിമുറിക്കുന്നതിന് തുല്യമാണ്.
വസ്തുതകൾ മറച്ച് വെച്ചുള്ള റിപ്പോർട്ടിന് മുമ്പേ മണ്ണ്, ജലം തുടങ്ങിയവയെപ്പറ്റിയുള്ള അടിസ്ഥാന പഠനമൊന്നും നടത്തിയിട്ടില്ല. കടന്നുപോവുന്ന 93 ശതമാനം പ്രദേശവും പരിസ്ഥിതി ലോലമാണെന്ന് കണ്ടെത്തിയത് മറച്ചുവെച്ച് സത്യസന്ധമല്ലാത്ത റിപ്പോർട്ടാണ് തയാറാക്കിയത്. തത്ത്വത്തിലുള്ള അംഗീകാരം പിൻവലിക്കാൻ ഉടൻ പ്രക്ഷോഭകർ കേന്ദ്ര സർക്കാറിനെ സമീപിക്കണം. ഡി.പി.ആർ പൂർണമായി പിൻവലിച്ച് ബദൽമാർഗങ്ങളുമായി മുന്നോട്ട് പോവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പരാതികളെല്ലാം സാങ്കേതിക വിദ്യകൊണ്ട് പരിഹരിക്കാം
പദ്ധതിക്കെതിരായ എല്ലാ പരാതികളും പരിഹരിക്കാവുന്നതാണെന്നും സാങ്കേതികവിദ്യ അത്രമാത്രം ശക്തമാണെന്നും കെ-റെയിലിനെ അനുകൂലിച്ച് സംസാരിച്ച കോഴിക്കോട് മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് കെ. ആനന്ദമണി പറഞ്ഞു. നിലവിലുള്ള റെയിൽ നവീകരിക്കുന്നതിന് കെ-റെയിലിന് പകരമാവില്ലെന്നും അദ്ദേഹം പറഞ്ഞു. ശ്രീധർ രാധാകൃഷ്ണൻ, ടി.ടി. ഇസ്മയിൽ, എൻ.പി. ചെക്കുട്ടി, എം. ഷാജർഖാൻ, അഡ്വ.പി. കുമാരൻ കുട്ടി, വിജയരാഘവൻ ചേലിയ എന്നിവരും സംസാരിച്ചു. എൻ.വി. ബാലകൃഷ്ണൻ മോഡറേറ്ററായി.
എതിക്സ് കമ്മറ്റിക്ക് പരാതി നൽകണം
ഡി.പി.ആറിൽ നിറയെ കളവായതിനാൽ ഇത് തയാറാക്കിയവർക്കെതിരെ കമ്പനിയുടെ എതിക്സ് കമ്മിറ്റിക്ക് പരാതി നൽകണമെന്ന് സംസ്ഥാന ദുരന്തനിവാരണ സമിതി മുൻ അധ്യക്ഷ ഡോ.കെ.ജി. താര ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാറിനെ എതിർക്കുന്നവരെ ദേശവിരോധികളാക്കുംപോലെ കെ-റെയിലിനെതിരെ പറഞ്ഞാൽ വികസന വിരോധികളാക്കുകയാണെന്നും അവർ ആരോപിച്ചു. മലയാളി ഉണർന്നെന്നും ഇനി കെ-റെയിൽ പദ്ധതി നടപ്പാക്കാനാവില്ലെന്നും ഇടതു ചിന്തകൻ ജോസഫ് സി. മാത്യു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.