കെ-റെയിൽ: സിൽവർലൈനല്ല, ജനങ്ങളെ നശിപ്പിക്കുന്ന ബ്ലാക് തണ്ടർ –ഡോ. സഞ്ജയ് മംഗള ഗോപാൽ
text_fieldsകോഴിക്കോട്: മുംബൈ -അഹ്മദാബാദ് ബുള്ളറ്റ് ട്രെയിനിനെതിരെ കർഷകരെയും ഇരകളെയും സംഘടിപ്പിച്ച് സമരം നയിക്കുന്ന സി.പി.എം നേതാക്കൾ കേരളത്തിൽ എത്തുമ്പോൾ കെ- റെയിലിനുവേണ്ടി സംസാരിക്കുന്നത് വിചിത്രമാണെന്ന് 'നാഷനൽ അലയൻസ് ഓഫ് പീപ്ൾസ് മൂവ്മെന്റ്' ദേശീയ കൺവീനർ ഡോ. സഞ്ജയ് മംഗള ഗോപാൽ.
നിരന്തരമായ സമാധാന സമരമാണ് കെ-റെയിലിനെതിരെ ഉയരേണ്ടത്. ഇത് സിൽവർ ലൈനല്ല, കറുപ്പിെൻറ ഇടിമുഴക്കമാണെന്നും ജനങ്ങളെ നശിപ്പിക്കാനുള്ള പദ്ധതിയാണെന്നും അദ്ദേഹം വിമർശിച്ചു. കെ-റെയിൽ വിരുദ്ധസമര ഐക്യദാർഢ്യസമിതി കോഴിക്കോട്ട് സംഘടിപ്പിച്ച സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ കാര്യത്തിലും വേഗത വേണമെന്നത് കോർപറേറ്റ് താൽപര്യമാണ്.
മുംബൈയിൽനിന്ന് അഹ്മദാബാദിലേക്കും തിരിച്ചും അതിവേഗമെത്താനാണ് ബുള്ളറ്റ് ട്രെയിൻ വേണമെന്നു പറയുന്നത്. പണമുള്ളവരാണ് ഇതിെൻറ ഗുണഭോക്താക്കൾ.
അവർക്കുവേണ്ടി രാജ്യത്തിെൻറ പ്രകൃതിയും വിഭവങ്ങളും പണവും ചൂഷണം ചെയ്യുകയാണ്. ഇതു തന്നെയാണ് കെ- റെയിലിലും സംഭവിക്കുന്നത്. ഭരണത്തുടർച്ച ലഭിച്ചതിനാൽ എന്തുമാവാമെന്ന അവസ്ഥയാണ് കേരളത്തിലും. കെ- റെയിൽ സി.പി.എമ്മിന് മറ്റൊരു നന്ദിഗ്രാം ആവുമെന്നും ഡോ. സഞ്ജയ് മംഗള ഗോപാൽ പറഞ്ഞു.
എഴുത്തുകാരൻ യു.കെ. കുമാരൻ ഐക്യദർഢ്യസംഗമം ഉദ്ഘാടനം ചെയ്തു. നാടിനെ പിളർക്കുന്ന കെ-റെയിൽ പദ്ധതിക്കെതിരെ ശക്തമായ സമരവുമായി മുന്നോട്ടു പോവണമെന്ന് അദ്ദേഹം പറഞ്ഞു. ടി.വി. രാജൻ അധ്യക്ഷത വഹിച്ചു. ജോൺ പെരുവന്താനം, വിജയരാഘവൻ ചേലിയ, യു. രാമചന്ദ്രൻ, അൻവർസാദത്ത് എന്നിവർ സംസാരിച്ചു. ശബരി മുണ്ടക്കൽ സ്വാഗതവും രാമദാസ് വേങ്ങേരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.