‘കെ- സ്മാർട്ട്’ കോഴിക്കോടും തുടങ്ങി
text_fieldsകോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾ കടലാസ് രഹിതമായി ഒറ്റ ക്ലിക്കിൽ ഓൺലൈനിൽ ലഭ്യമാക്കുന്ന കെ- സ്മാർട്ട് പദ്ധതിക്ക് ജില്ലയിൽ തുടക്കം. പുതുവത്സര ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിൽ ഉദ്ഘാടനം ചെയ്ത കെ-സ്മാർട്ട് ആപ് വഴിയുള്ള സേവനം കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ജനുവരി മൂന്നുമുതൽ ആരംഭിക്കുമെന്നും പഞ്ചായത്തുകളിൽ ഏപ്രിൽ മാസത്തിൽ പ്രാവർത്തികമാക്കുമെന്നുമായിരുന്നു പ്രഖ്യാപനം.
കോഴിക്കോട് കോർപറേഷനിൽ ബുധനാഴ്ച രാവിലെ പദ്ധതി വഴിയുള്ള സേവനങ്ങൾ ലഭ്യമാക്കിത്തുടങ്ങി. പ്രാരംഭ ഘട്ടത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും ജനങ്ങളെ സഹായിക്കാനുമുള്ള 10 കെ- സ്മാർട് ഫെസിലിറ്റേഷൻ സെന്ററുകളും കെ- സ്മാർട് പദ്ധതിയും കോർപറേഷൻ ഓഫിസിൽ മേയർ ഡോ. ബീന ഫിലിപ് ഉദ്ഘാടനം ചെയ്തു. എന്നാൽ, ജില്ലയിലെ ഏഴ് മുനിസിപ്പാലിറ്റികളിലും പദ്ധതി ബുധനാഴ്ചതന്നെ നടപ്പാക്കാനായില്ല. ഓൺലൈൻ സംവിധാനങ്ങൾ ഒരുക്കാൻ കൂടുതൽ സമയം വേണ്ടതിനാലാണിത്. തിരുവനന്തപുരത്ത് സംവിധാനങ്ങൾ പൂർത്തിയാകാത്തതാണ് മുഖ്യപ്രശ്നമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപന അധികാരികൾ പറയുന്നു.
വടകര: നഗരസഭയിൽ ഫെസിലിറ്റേഷൻ കൗണ്ടറിന് തുടക്കമായി. അഞ്ച് ജീവനക്കാരെ സെന്ററിൽ നിയമിച്ചിട്ടുണ്ട്. ഓഫിസിൽ എത്തുന്നവർക്ക് നേരിട്ട് ജീവനക്കാർ അപേക്ഷകളും മറ്റും ചെയ്ത് കൊടുക്കുകയാണ് ആദ്യഘട്ടത്തിൽ ചെയ്യുന്നത്. ഇതോടൊപ്പം പുതിയ പദ്ധതിയെക്കുറിച്ച് അവബോധം നൽകുന്നുണ്ട്. മുഴുവൻ ഉദ്യോഗസ്ഥർക്കും ലോഗിൻ ചെയ്യാനാനുളള പാസ്വേഡുകൾ നൽകിത്തുടങ്ങി. വിവാഹ രജിസ്ട്രേഷൻ ഉൾപ്പെടെ ഓഫിസിൽ വരാതെ ഇനി ചെയ്യാൻ കഴിയും. ഇതിന് വിഡിയോ കോൺഫറൻസ് ഉപയോഗിക്കാം. മൊബൈൽ ഫോൺ വഴി എല്ലാ അപേക്ഷകളും നൽകാൻ കഴിയുമെന്ന് നഗരസഭ സെക്രട്ടറി പറഞ്ഞു.
കൊയിലാണ്ടി: പദ്ധതിക്ക് തുടക്കം കുറിച്ചതായി നഗരസഭ വൈസ് ചെയർമാൻ കെ. സത്യൻ പറഞ്ഞു. ഒരു മാസം ഫെസിലിറ്റേഷൻ സെന്റർ എന്ന നിലയിലായിരിക്കും പ്രവർത്തനം. ഓഫിസിലെത്തുന്നവർക്ക് വിശദാംശങ്ങൾ പറഞ്ഞു മനസ്സിലാക്കുകയും അപേക്ഷകൾ സ്വീകരിക്കുകയും ചെയ്യും. അതിനുശേഷം കുടുംബശ്രീ സംവിധാനം ഉപയോഗിച്ചും അക്ഷയകേന്ദ്രങ്ങൾ വഴിയും അപേക്ഷകൾ നൽകാം. പദ്ധതിക്ക് നഗരസഭ സജ്ജമായിക്കഴിഞ്ഞു. പ്രിന്റർ, ലാപ്ടോപ്, സ്കാനർ എന്നിവ ഒരുക്കിക്കഴിഞ്ഞു, ജീവനക്കാരുടെ പരിശീലനം പൂർത്തിയായി. കൗൺസിലർമാരുടെ പരിശീലനം നടക്കുന്നു.
കെ- സ്മാർട്ട്
ഇൻഫർമേഷൻ കേരള മിഷന്റെ സോഫ്റ്റ് വെയറായ കെ- സ്മാർട്ട് (കേരള സൊല്യൂഷൻ ഫോർ മാനേജിങ് അഡ്മിനിസ്ട്രേറ്റിവ് റിഫോർമേഷൻ ആൻഡ് ട്രാൻസ്ഫോർമേഷൻ) വഴി 350 ഓളം സേവനങ്ങൾ ഓഫിസ് കയറിയിറങ്ങാതെയും നേരിട്ട് പണമിടപാടില്ലാതെയും, അപേക്ഷകന്റെ മൊബൈലിൽ സർട്ടിഫിക്കറ്റും രശീതികളും ലഭ്യമാക്കുന്നതാണ് പദ്ധതി.
അഴിമതിക്ക് തടയിടാനാവും -മേയർ
പണമിടപാടുകൾ പുതിയ ആപ് വഴിയാവുന്നതോടെ അഴിമതിക്ക് തടയിടാനാവുമെന്ന് കെ- സ്മാർട്ട് ഉദ്ഘാടനം ചെയ്ത് മേയർ ഡോ. ഡോ. ബീന ഫിലിപ് പറഞ്ഞു. സർക്കാർ അഴിമതിരഹിതമെന്ന് സ്ഥിരം പറയുന്നത് കഴിയുന്നിടത്തോളം ഉറപ്പാക്കാൻ പദ്ധതികൊണ്ടാവും. ഏപ്രിൽ മാസത്തോടെ എല്ലാ സേവനവും പുതിയ ആപ് വഴിയാവും. സുതാര്യതയും പ്രവർത്തനക്ഷമതയും ഉറപ്പാവും.
ആധാർ നമ്പറും ലിങ്ക് ചെയ്ത ഫോൺ നമ്പറും വേണം
കെ -സ്മാർട്ടുമായി ബന്ധപ്പെട്ട് പൊതുജനങ്ങളെ സഹായിക്കാൻ കോർപറേഷൻ ഓഫിസിൽ തുറന്ന 10 ഫെസിലേറ്റഷൻ കൗണ്ടറുകളിൽ ആപ് ഡൗൺലോഡ് ചെയ്യാനും ഉപയോഗിക്കാനും സഹായം ലഭിക്കും. ഒരുമാസത്തോളം സെന്ററുകൾ പ്രവർത്തിക്കും. അക്ഷയ സെന്ററുകൾ വഴിയും സഹായങ്ങൾ ലഭ്യമാക്കാം. എട്ട് സേവനങ്ങളാണ് ആദ്യഘട്ടത്തിൽ ആപിൽ ലഭ്യമാവുകയെന്ന് കോർപറേഷൻ സെക്രട്ടറി കെ.യു. ബിനി പറഞ്ഞു.
ജനന മരണ വിവാഹ രജിസ്ട്രേഷൻ, നികുതിയടക്കൽ, ലൈസൻസ് തുടങ്ങിയവയെല്ലാം ഇവയിൽപെടുന്നു. ആധാർ നമ്പറും ആധാർ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ഒ.ടി.പി അടിസ്ഥാനമാക്കിയുള്ള സേവനങ്ങൾക്ക് അത്യാവശ്യമാണ്. ഫെസിലിറ്റേഷൻ സെന്ററിൽ വരുന്നവർ ഇവ നൽകണം. ഹൈസ്പീഡ് ഇന്റർനെറ്റ് കണക്ഷനടക്കം യുദ്ധകാലാടിസ്ഥാനത്തിൽ ലഭ്യമാക്കിയാണ് പെട്ടെന്ന് സേവനം ലഭ്യമാക്കിയതെന്ന് സെക്രട്ടറി പറഞ്ഞു.
അടുത്ത ദിവസംമുതൽ മറ്റ് നഗരസഭകളിൽ
ഫറോക്ക്: കെ- സ്മാർട്ട് പദ്ധതിയുടെ ഉദ്ഘാടനം രാമനാട്ടുകര നഗരസഭയിൽ വ്യാഴാഴ്ച രാവിലെ 10ന് നടക്കുമെന്ന് വൈസ് ചെയർമാൻ കെ. സുരേഷും സെക്രട്ടറി പി. ശ്രീജിത്തും അറിയിച്ചു. സോഫ്റ്റ് വെയർ ഇൻസ്റ്റലേഷൻ ചൊവ്വാഴ്ച രാത്രിയോടെ പൂർത്തിയായി. ഫറോക്ക് നഗരസഭയിൽ ഇതു സംബന്ധിച്ചുള്ള പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്. സോഫ്റ്റ് വെയർ ഇമേജ് സിസ്റ്റത്തിലേക്ക് ഡൗൺലോഡ് ചെയ്യുന്ന ജോലി നടക്കുന്നുണ്ട്. രണ്ടു ദിവസത്തിനകം ഉദ്ഘാടനം ചെയ്യാനുള്ള ഒരുക്കത്തിലാണെന്ന് ചെയർമാൻ എൻ.സി. അബ്ദുൽ റസാഖും സെക്രട്ടറി ഷാജു പോളും പറഞ്ഞു.
മുക്കം: നഗരസഭയിൽ കെ- സ്മാർട്ട് പദ്ധതി വ്യാഴാഴ്ചയോടെ പൂർണമായി പ്രവർത്തന സജ്ജമാവും. നിലവിൽ എല്ലാ സംവിധാനങ്ങളും ഒരുക്കിക്കഴിഞ്ഞതായി നഗരസഭ ചെയർമാൻ പി.ടി. ബാബു പറഞ്ഞു. ഇൻഫർമേഷൻ കേരള മിഷന്റെ ആഭിമുഖ്യത്തിൽ ഹെൽപ് ഡെസ്കും ആരംഭിച്ചിട്ടുണ്ട്.
കൊടുവള്ളി: പദ്ധതിക്കായുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും ഒരാഴ്ചക്കകം സജ്ജമാവുമെന്നും നഗരസഭ ചെയർമാൻ അബ്ദു വെള്ളറ പറഞ്ഞു.
പയ്യോളി: കെ- സ്മാർട്ട് പദ്ധതിയുടെ നടപടികൾ തുടങ്ങിയെന്നും അഞ്ച് ദിവസത്തിനകം പ്രാവർത്തികമാകുമെന്നും പയ്യോളി നഗരസഭ ചെയർമാൻ വി.കെ. അബ്ദുറഹിമാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.