അനുപമ വ്യക്തിത്വത്തിന് അനുശോചനപ്രവാഹം
text_fieldsകോഴിക്കോട്: മനുഷ്യജന്മം എങ്ങനെയാവണമെന്ന് മാതൃക തീർത്ത പ്രഫ. കെ.എ. സിദ്ദീഖ് ഹസനെ അവസാനമായി കാണാൻ ആയിരങ്ങൾ. ഏറെക്കാലം അദ്ദേഹത്തിെൻറ കർമമണ്ഡലമായിരുന്ന കോഴിക്കോട്ടേക്ക് നാടിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരങ്ങളാണ് ഒഴുകിയത്.
വൈകീട്ട് നാലിനുശേഷം മകെൻറ വീട്ടിൽനിന്ന് മൃതദേഹം വെള്ളിമാട്കുന്ന് ജെ.ഡി.ടി വളപ്പിലേക്ക് പൊതുദർശനത്തിന് എത്തിച്ചതോടെ വനിതകളടക്കം ജീവിതത്തിെൻറ വിവിധതുറകളിൽനിന്നുള്ളവരാണ് പ്രാർഥനാനിരതമായ മനസ്സോടെ എത്തിയത്. കോവിഡ് മുൻകരുതൽ പരിഗണിച്ച് ഓരോ 15 മിനിറ്റിലും നടന്ന മയ്യിത്ത് നമസ്കാരത്തിൽ നൂറുകണക്കിനാളുകൾ അണിനിരന്നു.
ഇ.ടി. മുഹമ്മദ് ബഷീർ എം.പി, എം.കെ. രാഘവൻ എം.പി, ബിനോയ് വിശ്വം എം.പി, ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, അഖിലേന്ത്യ സെക്രട്ടറി ജനറൽ ടി. ആരിഫലി, മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, എഡിറ്റർ വി.എം. ഇബ്രാഹിം, ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ്, മാധ്യമം സി.ഇ.ഒ പി.എം. മുഹമ്മദ് സാലിഹ്, ജോ. എഡിറ്റർ പി.ഐ നൗഷാദ്, അസോസിയേറ്റ് എഡിറ്റർ പ്രഫ. യാസീൻ അശ്റഫ്, അബ്ദുസ്സലാം വാണിയമ്പലം, ടി.കെ. ഉബൈദ്, കെ.സി. അബു, ഒ. അബ്ദുല്ല, എം.പി. അഹമ്മദ്, എൻജിനീയർ മുഹമ്മദ് കോയ, സി.പി. ഉമർ സുല്ലമി, പി.എം.എ. സലാം, ശൈഖ് മുഹമ്മദ് കാരകുന്ന്, പി. കോയ, പി.ടി.എ. റഹീം എം.എൽ.എ,
സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ, കെ.ഇ.എൻ. കുഞ്ഞഹമ്മദ്, ബഷീറലി തങ്ങൾ, മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് ഉമർ പാണ്ടികശാല, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം, ജമാൽ കൊച്ചങ്ങാടി, മെറാൾഡ നിഷാദ്, കെ.ടി. വേലായുധൻ, പി. മുജീബുറഹ്മാൻ, എം.കെ. മുഹമ്മദലി, കെ.പി. രാമനുണ്ണി, ഡോ.പി.കെ. പോക്കർ, എം.വി. സലിം മൗലവി, അഹമ്മദ് ദേവർകോവിൽ, സി.പി. മുഹമ്മദ് ബഷീർ, നാസറുദ്ദീൻ എളമരം, ഇ.എം. അബ്ദുറഹ്മാൻ, മുസ്തഫ കൊമ്മേരി, തസ്ലിം റഹ്മാനി, മജീദ് ഫൈസി, സൂര്യ ഗഫൂർ തുടങ്ങി നിരവധി പേർ ആദരാഞ്ജലി അർപ്പിക്കാനെത്തി.
സൗമ്യൻ സത്യസന്ധൻ...
പ്രഫ. കെ.എ. സിദ്ദീഖ് ഹസെൻറ നിര്യാണത്തിൽ സമൂഹത്തിെൻറ നാനാതുറകളിലുള്ളവർ അനുശോചിച്ചു. അനുപമ വ്യക്തിത്വത്തിെൻറ ഉടമയും പണ്ഡിതനുമായിരുന്നു സിദ്ദീഖ് ഹസനെന്ന് എം.കെ. രാഘവൻ എം.പി അനുസ്മരിച്ചു. സൗമ്യനും സത്യസന്ധനുമായ പൊതുപ്രവർത്തകനെയാണ് സിദ്ദീഖ് ഹസെൻറ മരണത്തോടെ നഷ്ടമായതെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. കേരളത്തിലെ വിഭവങ്ങളുപയോഗിച്ച് 'പാൻ ഇന്ത്യൻ ഓപറേഷൻ' സാധ്യത വെട്ടിത്തെളിച്ച കർമയോഗിയാണ് വിടവാങ്ങിയതെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. വി.കെ. ഫൈസൽ ബാബു പറഞ്ഞു.
മതവിശ്വാസം പാവപ്പെട്ടവർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും വേണ്ടി ഉപയോഗപ്പെടുത്തിയ നേതാവാണ് സിദ്ദീഖ് ഹസനെന്ന് കെ.പി.സി.സി ട്രഷറർ കെ.കെ. കൊച്ചുമുഹമ്മദ് പറഞ്ഞു. അത്യപൂർവ മാതൃക കാഴ്ചവെച്ച മഹദ് വ്യക്തിത്വമാണ് സിദ്ദീഖ് ഹസനെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡൻറ് സി.പി. മുഹമ്മദ് ബഷീറും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറ് പി. അബ്ദുല്‍ മജീദ് ഫൈസിയും അനുശോചിച്ചു. മാധ്യമം ജേണലിസ്റ്റ് യൂനിയനും എംപ്ലോയീസ് യൂനിയനും സിദ്ദീഖ് ഹസെൻറ നിര്യാണത്തിൽ അനുശോചിച്ചു.
കേരളത്തിലെ സാമൂഹിക-വിദ്യാഭ്യാസരംഗത്ത് അതുല്യസംഭാവന ചെയ്ത പ്രഫ. കെ.എ. സിദ്ദീഖ് ഹസെൻറ നിര്യാണത്തിൽ കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡൻറ് കരമന ബയാർ അനുശോചിച്ചു.
പ്രഫ. കെ.എ. സിദ്ദീഖ് ഹസെൻറ വിയോഗം മുസ്ലിം സമുദായത്തിനും കേരളീയ സമൂഹത്തിനും തീരാനഷ്ടമാണെന്ന് കെ.എം.വൈ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി കടയ്ക്കൽ ജുനൈദ്. വെള്ളവും വെളിച്ചവുമില്ലാത്ത ഉത്തരേന്ത്യൻ ഗലികളിൽ അന്നവും അറിവുമെത്തിക്കാൻ സിദ്ദീഖ് ഹസൻ നടത്തിയ പ്രയത്നങ്ങൾ ചരിത്രത്തിൽ മായാതെ നിലനിൽക്കുമെന്നും അദ്ദേഹം അനുസ്മരിച്ചു.
പ്രഫ. കെ.എ. സിദ്ദീഖ് ഹസെൻറ വേര്‍പാടില്‍ സുന്നി യുവജന വേദി സംസ്ഥാന ജനറൽ സെക്രട്ടറി പി.ടി. അബ്ദുല്‍ ലത്തീഫ് മൗലവി അനുശോചിച്ചു. എഴുത്തുകാരന്, ഇസ്ലാമിക പണ്ഡിതന്, വാഗ്മി, സാമൂഹികപ്രവര്ത്തകന് എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിെൻറ വേര്‍പാട് നികത്താനാവാത്തതാണെന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
എല്ലാവരെയും ചേർത്തുപിടിച്ച മനുഷ്യൻ –കുഞ്ഞാലിക്കുട്ടി
മത, സാംസ്കാരിക, വിദ്യാഭ്യാസ മേഖലയിൽ വലിയ സംഭാവനകൾ അർപ്പിച്ച വ്യക്തിയാണ് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ മുൻ വൈസ് പ്രസിഡൻറ് പ്രഫ. കെ.എ. സിദ്ദീഖ് ഹസനെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. അദ്ദേഹത്തിെൻറ വേർപാട് നികത്താനാവാത്ത നഷ്ടമാണ്. സ്വന്തം സംഘടനക്ക് പുറത്ത് പൗരപ്രമുഖരുമായും മത-വിദ്യാഭ്യാസ-സാംസ്കാരിക മേഖലയിലുള്ളവരുമായൊക്കെ ഊഷ്മളമായ വ്യക്തിബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു.
മുസ്ലിം സംഘടനകളുടെ കൂട്ടായ്മ രൂപവത്കരിക്കാനും മുന്നോട്ട് നയിക്കാനും വഹിച്ച പങ്ക് വലുതാണ്. വിദ്യാഭ്യാസ, സാംസ്കാരിക മേഖലയിലുള്ള വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് എ.കെ. ആൻറണി സർക്കാറിെൻറ കാലത്ത് നിരവധി തവണ ഞങ്ങൾ ഒന്നിച്ചിരുന്നിട്ടുണ്ട്. പദ്ധതികളും നിർദേശങ്ങളും അവതരിപ്പിക്കുന്നതിൽ അസാമാന്യ മിടുക്കുണ്ടായിരുന്നു. കേരളത്തിന് പുറത്തേക്ക് പ്രവർത്തന മേഖല വ്യാപിപ്പിച്ചപ്പോൾ അവിടെയും വ്യക്തിമുദ്ര പതിപ്പിച്ചു. വ്യക്തിപരമായി എനിക്ക് ഏറെ അടുപ്പമുണ്ടായിരുന്നവരിൽ ഒരാളാണ് -കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നിസ്വാർഥ സേവകൻ –ഗൾഫാർ മുഹമ്മദലി
പ്രൊഫസർ സിദ്ദീഖ് ഹസൻ സാഹിബിന്റെ നിര്യാണ വാർത്ത അതീവ ദുഖത്തോടെയാണ് കേട്ടത്. ഞങ്ങൾ തമ്മിൽ വർഷങ്ങളായുള്ള ബന്ധമുണ്ട്. മാധ്യമത്തിന്റെ സ്ഥാപകകാലത്ത് പ്രസുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾക്കായാണ് ഞങ്ങൾ ആദ്യമായി പരിചയപ്പെടുന്നത്. പിന്നീട് അടുത്ത ബന്ധം പുലർത്തുകയും പല പൊതുപ്രവർത്തനങ്ങളിലും ഒരുമിച്ച് സഹകരിക്കുകയും ചെയ്തു.
നിസ്വാർഥ സേവകനായിരുന്നു അദ്ദേഹം. പ്രവർത്തനങ്ങളിൽ ഒരിക്കലും സ്വന്തം താൽപര്യങ്ങൾ കലർന്നിരുന്നില്ല. വിഷൻ 2016ന്റെ ഭാഗമായി അദ്ദേഹത്തോടൊപ്പം ഡൽഹിയിൽ യോഗത്തിൽ ഞാനും പങ്കെടുത്തിരുന്നു.സിദ്ദീഖ് ഹസൻ സാഹിബിന്റെ ഉൾക്കാഴ്ചയും കാഴ്ചപ്പാടും അതേ അളവിൽ ഏറ്റെടുത്ത് ആർജവത്തോടെ മുന്നോട്ട് കൊണ്ടുപോകണമെന്ന് അദ്ദേഹത്തിന്റെ സഹപ്രവർത്തകേരാടും കുടുംബത്തോടും അഭ്യർഥിക്കുന്നു.
മതനിരപേക്ഷതക്ക് കനത്ത നഷ്ടം –പന്ന്യൻ
പ്രഫ. കെ.എ. സിദ്ദീഖ് ഹസന്റെ വേർപാട് മതനിരപേക്ഷതക്ക് ഉണ്ടായ കനത്ത നഷ്ടമെന്ന് സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ അനുശോചിച്ചു. എല്ലാ മതങ്ങൾക്കും ഒരുപോലെ പ്രവർത്തിക്കാനും മതത്തിന്റെ ആശയങ്ങൾ പങ്കുവെക്കാനുള്ള അവസരവും അവകാശവും നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു.
അതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രത്യേകത. അവ ഇല്ലാതാകുന്ന കാലത്ത് സിദ്ദീഖ് ഹസനെ പോലുള്ളവരുടെ സാന്നിധ്യംകൂടി നഷ്ടപ്പെടുന്ന് വേദനാജനകെമന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നന്മയുടെ പ്രകാശഗോപുരം –അഡ്വ. പി.എസ്. ശ്രീധരൻപിള്ള
നന്മയുടെ പ്രകാശഗോപുരമായിരുന്ന പൊതുപ്രവർത്തകനായിരുന്നു അന്തരിച്ച കെ.എ. സിദ്ദീഖ് ഹസൻ. ജമാഅത്തെ ഇസ്ലാമിയുടെ ചട്ടക്കൂട്ടിലൂടെ വാർത്തെടുത്ത ജീവിതത്തിൽ സത്യവും ധർമവിശുദ്ധിയും മറ്റു വിഭാഗങ്ങളിൽപെട്ടവരോടുള്ള ഉൽക്കടമായ സ്നേഹവും അദ്ദേഹം എപ്പോഴും പ്രകടിപ്പിച്ചിരുന്നു.
എെൻറ താമസസ്ഥലത്തിനടുത്ത് അദ്ദേഹത്തിെൻറ പ്രസ്ഥാനത്തിെൻറ കേരള ആസ്ഥാനം വന്നശേഷം അദ്ദേഹവുമായി കൂടുതൽ അടുപ്പം എനിക്കുണ്ടായി. മാധ്യമം പത്രവും അനുബന്ധ പ്രസിദ്ധീകരണങ്ങളും ഇന്നത്തെ നിലയിൽ വളർത്തിക്കൊണ്ടുവരുന്നതിൽ അദ്ദേഹത്തിെൻറ സംഭാവനകൾ വിലപ്പെട്ടതായിരുന്നു എന്ന് നേരിട്ട് അറിയാവുന്ന ആളാണ് ഞാൻ.
രണ്ടു പതിറ്റാണ്ട് മുമ്പ് ഒരു റമദാൻ വ്രതക്കാലത്ത് ഞാനും എെൻറ നേതാവായിരുന്ന ദത്താത്രേയ റാവുവും കൂടി അദ്ദേഹത്തിെൻറ കോവൂരിലെ വസതിയിൽ ബി.ജെ.പിയുടെ പ്രചാരണത്തിെൻറ ഭാഗമായി സമ്പർക്കത്തിന് പോയിരുന്നു. ആ അവസരത്തിൽ അദ്ദേഹവും കുടുംബവും നോമ്പുകാലമായിട്ടും എനിക്കും ദത്താത്രേയ റാവുവിനും ചായയും മറ്റും തന്ന് ഞങ്ങളോട് സൗഹൃദം പങ്കുവെച്ചത് ഓർക്കുകയാണ്. അദ്ദേഹത്തിെൻറ വേർപാടോടെ ഒരു മാതൃകാ പൊതുപ്രവർത്തകനെയും ദൈവത്തിനുവേണ്ടിയുള്ള സമർപ്പിത ജീവിതത്തിെൻറ ഉടമയെയുമാണ് നഷ്ടമായത്. അദ്ദേഹത്തിെൻറ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
ഏറെക്കാലത്തെ ആത്മബന്ധം –എം.എ. യൂസുഫലി
എഴുത്തുകാരൻ, പണ്ഡിതൻ, അധ്യാപകൻ, വാഗ്മി, സാമൂഹിക പ്രവർത്തകൻ തുടങ്ങിയ നിലകളിൽ നാടിെൻറ മത-സാമൂഹ്യ-സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്ന പ്രഫ. സിദ്ധീഖ് ഹസനെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി. വിയോഗ വാർത്ത ഏറെ ദു:ഖത്തോടെയും വിഷമത്തോടെയുമാണ് ശ്രവിച്ചത്. അദ്ദേഹവുമായി ഏറെക്കാലമായുള്ള ആത്മബന്ധവും സ്നേഹബന്ധവുമുണ്ട്.
കോവിഡിന് മുമ്പ് അദ്ദേഹത്തിെൻറ വസതിയിലെത്തി കാണാനും സ്നേഹം പങ്കിടാനും സംസാരിക്കാനും സാധിച്ചത് ഈ അവസരത്തിൽ ഓർമ്മിക്കുന്നു. സമൂഹ നന്മക്കായും വിവിധ ജനവിഭാഗങ്ങളുടെ പുരോഗമനത്തിനായും വിദ്യാഭ്യാസപരമായി സമൂഹത്തെ ഉയർത്താൻ നിസ്വാർഥ സേവനം കാഴ്ചവെച്ച അദ്ദേഹം എല്ലാവരുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന മനുഷ്യസ്നേഹി കൂടിയായിരുന്നു.
'മാധ്യമം' അടക്കമുള്ള പ്രസിദ്ധീകരണങ്ങളുടെ സ്ഥാപകന്മാരിലൊരാളായ അദ്ദേഹം തെൻറ നിലപാടുകളിലും കാഴ്ചപ്പാടുകളിലും എന്നും ഉറച്ചുനിന്നിരുന്നെന്നും യൂസുഫലി അനുസ്മരിച്ചു.
പണ്ഡിത കേരളത്തിന് തീരാനഷ്ടം –ഇ.ടി. മുഹമ്മദ് ബഷീർ
സിദ്ദീഖ് ഹസെൻറ നിര്യാണം പണ്ഡിത കേരളത്തിന് ഒരിക്കലും നികത്താൻ കഴിയാത്ത നഷ്ടമാെണന്ന് മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി. അദ്ദേഹത്തിെൻറ ജീവിതം അടുത്ത് പഠിച്ച ഒരാളെന്ന നിലയിൽ അദ്ദേഹം കാത്തുസൂക്ഷിച്ച സൂക്ഷ്മത പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അസാമാന്യ പണ്ഡിതൻ –സമദാനി
അസാമാന്യ പാണ്ഡിത്യത്തിെൻറയും അതോടൊപ്പം കർമസമരത്തിെൻറയും ഉടമസ്ഥനായിരുന്നു കെ.എ. സിദ്ദീഖ് ഹസനെന്ന് എം.പി അബ്ദുസ്സമദ് സമദാനി.
അപൂർവ ധിഷണയുടെ ഉടമയായിരുന്നു അദ്ദേഹം. സൈദ്ധാന്തികനും കർമയോഗിയും ഒരേ വ്യക്തിത്വത്തിൽ സമ്മേളിച്ച അപൂർവതയായിരുന്നു സിദ്ദീഖ് ഹസൻ. പാർശ്വവൽകൃത ജനവിഭാഗങ്ങളെപ്പറ്റി ഹൃദയാലുത്വത്തോടെ ചിന്തിക്കുകയും അവരുടെ ഉന്നമനത്തിന് ഒട്ടേറെ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുകയും ചെയ്തു.
സംഘടനകൊണ്ട് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ഏകദേശം ഒറ്റക്ക് ഏകാന്തപഥികനായി ചെയ്തു തീർത്തു. വിദ്യാഭ്യാസപരമായ ആശയങ്ങളും അഭിപ്രായങ്ങളും പുരോഗമനാത്മകമായിരുന്നു. യുവതലമുറയുടെ യഥാർഥ വികാസത്തെ ലക്ഷ്യം വെച്ചുള്ളതായിരുന്നു.
വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം ആസൂത്രണം ചെയ്ത കാര്യങ്ങൾ പിൽക്കാലത്ത് വലിയ ആശയങ്ങളും സ്ഥാപനങ്ങളും പ്രായോഗിക മാതൃകകളുമായി മാറിയെന്നത് സാമൂഹിക സേവനങ്ങളിൽ വളരെ പ്രധാനപ്പെട്ടതാണ്.
സമുദായ ഐക്യത്തിന് ശ്രമിച്ച മനുഷ്യസ്നേഹി–കെ.പി.എ. മജീദ്
ജമാഅത്തെ ഇസ്ലാമി മുൻ അഖിലേന്ത്യ ഉപാധ്യക്ഷനും കേരള അമീറുമായിരുന്ന പ്രഫ. കെ.എ. സിദ്ദീഖ് ഹസൻ സമുദായ ഐക്യത്തിന് ശ്രമിച്ച മനുഷ്യസ്നേഹിയായിരുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് കെ.പി.എ. മജീദ് പറഞ്ഞു.
ധിഷണാശാലി –ഡോ. ആസാദ് മൂപ്പൻ
ധിഷണാശാലിയും പ്രതിഭാശാലിയുമായ നേതാവായിരുന്നു പ്രൊഫ. സിദ്ദീഖ് ഹസനെന്ന് ആസ്റ്റർ ഗ്രൂപ്പ് ചെയർമാനും സോഷ്യൽ അഡ്വാൻസ്മെൻറ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (സാഫി) ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ.
നിരവധി വര്‍ഷങ്ങള്‍ ജമാഅത്തെ ഇസ്ലാമിയുടെ അമീറായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന് ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്, സാഫി ഉള്‍പ്പെടെ നിരവധി സംരംഭങ്ങളാരംഭിക്കുന്നതില് നേതൃപരമായ പങ്ക് വഹിക്കാന്‍ സാധിച്ചു. ലളിതവും വിനീതവുമായ സ്വഭാവ മഹിമയിലൂടെ എല്ലാവരുടെയും ബഹുമാനവും പ്രശംസയും നേടാന്‍ അദ്ദേഹത്തിനായി.
ദൈവം അദ്ദേഹത്തിെൻറ ആത്മാവിനെ അനുഗ്രഹിക്കുകയും സ്വര്‍ഗത്തില്‍ ഇടം നല്‍കുകയും ചെയ്യട്ടെയെന്ന് പ്രാർഥിക്കുന്നതായി ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.
ജീവകാരുണ്യരംഗത്തെ വ്യക്തിമുദ്ര –മഅ്ദനി
പ്രബോധന രംഗത്തും ജീവകാരുണ്യ പ്രവർത്തന രംഗത്തും ശക്തമായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു ജമാഅത്തെ ഇസ്ലാമി മുൻ സംസ്ഥാന അമീറും അഖിലേന്ത്യ അസിസ്റ്റൻറ് അമീറുമായിരുന്ന പ്രഫ. സിദ്ദീഖ് ഹസൻ സാഹിബ് എന്ന് പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി അനുശോചനസന്ദേശത്തിൽ പറഞ്ഞു.
''ഉത്തരേന്ത്യയിലെ നിർധന ജനങ്ങൾക്കിടയിൽ ഒട്ടനവധി വിദ്യാഭ്യാസ-സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹം രോഗബാധിതനാകുന്നത്. ഞാൻ അനുഭവിക്കുന്ന നീതിനിഷേധത്തിനെതിരെ കഴിയുന്ന നിലയിലെല്ലാം അദ്ദേഹം നിലകൊണ്ടിട്ടുണ്ട്.
രോഗബാധിതനാകുന്നതിനുമുമ്പ് അദ്ദേഹം ബംഗളൂരുവിൽ ജയിലിൽ വന്ന് എന്നെ കാണുകയും കേസ് സംബന്ധമായും മറ്റും ദീർഘനേരം സംസാരിക്കുകയും ചെയ്തിരുന്നു. അഭിപ്രായാന്തരങ്ങൾക്കപ്പുറം വ്യക്തിബന്ധങ്ങൾ ഭദ്രമായി സൂക്ഷിച്ചിരുന്ന സിദ്ദീഖ് ഹസൻ സാഹിബിെൻറ വേർപാടിൽ വേദനിക്കുന്ന അദ്ദേഹത്തിെൻറ ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു'' -മഅ്ദനി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
മനുഷ്യസ്നേഹി -ഓൾ ഇന്ത്യ മില്ലി കൗൺസിൽ
പ്രഫ. കെ.എ. സിദ്ദീഖ് ഹസെൻറ നിര്യാണത്തിൽ ഓൾ ഇന്ത്യ മില്ലി കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എ.എം.കെ. നൗഫൽ അനുശോചിച്ചു.
മാനുഷികമൂല്യങ്ങൾക്ക് വില കൽപിച്ച്, ദുരിതമനുഭവിക്കുന്നവർക്ക് അത്താണിയായ മനുഷ്യസ്നേഹിയെയാണ് രാജ്യത്തിന് നഷ്ടപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.