കടലുണ്ടി വാവുത്സവം സമാപിച്ചു; ഉത്തരമലബാറിലെ ഉത്സവങ്ങൾക്ക് തുടക്കമായി
text_fieldsകടലുണ്ടി: ജാതവൻ തന്റെ മണ്ണൂരിലെ കോട്ടയിലേക്ക് മടങ്ങിയതോടെ ഈ വർഷത്തെ കടലുണ്ടി വാവുത്സവത്തിന് സമാപനമായി. ഉത്സവത്തിന്റെ പ്രധാന ചടങ്ങായ ജാതവൻ പുറപ്പാട് ഞായറാഴ്ച മൂന്നിന് ആചാര അനുഷ്ഠാനങ്ങളുടെ നിറവിൽ ജാതവൻ കോട്ടയിൽ നിന്ന് ആരംഭിച്ചിരുന്നു.
ചൊവ്വാഴ്ച പുലർച്ച വാക്കടവത്ത് മകൻ ജാതവൻ അമ്മ ദേവിയെ കണ്ടു. ചൊവ്വാഴ്ച രാവിലെ സർവാഭരണ വിഭൂഷിതയായ അമ്മ ദേവിക്ക് ഒപ്പം മകനും വാക്കടവത്ത് നിന്നെഴുന്നള്ളി. ദേവിയുടെ ആദ്യ എഴുന്നള്ളത്ത് കുന്നത്ത് തറവാട്ടിലേക്കായിരുന്നു.
വ്രതനിഷ്ഠരായ തറവാട്ടുകാർ ദേവിയെ എതിരേറ്റു. നിവേദ്യമായ ഉണങ്ങലരി, പൂവൻപഴം, ഇളനീര്, വെറ്റില, അടക്ക എന്നിവ ദേവിക്ക് നിവേദ്യമായി സമർപ്പിച്ചു. തറവാട്ടിലെ മണിത്തറയെ മൂന്നു വട്ടം വലം െവച്ച ശേഷം മണിപീഠത്തിലിരുന്നു.
ദേവിയുടെ ഇഷ്ട വിനോദമായ പടകളി തല്ല് ആസ്വദിച്ചു. അതിനു ശേഷം കറുത്തങ്ങാട് തറവാട്ടിലേക്ക് യാത്ര തിരിച്ചു. മണ്ണൂർ ശിവക്ഷേത്രത്തിലെ മേൽശാന്തിയുടെ വെള്ളരി നിവേദ്യ സമർപ്പണത്തിനുശേഷം വൈകീട്ട് പേടിയാട്ട് കാവിലെത്തി .
ഇവിടെ ദേവിക്ക് പനയംമഠ തറവാട്ടുകാർ ഒരുക്കിയ നിവേദ്യ സമർപ്പണത്തിനുശേഷം നാലു മണിയോടെ കുടികൂട്ടൽ ചടങ്ങ് നടന്നു. പലയിടങ്ങളിൽ നിന്നും ആയിരക്കണക്കിനാളുകളാണ് കടലുണ്ടിയിലെത്തിയത്. ഉത്തര മലബാറിലെ ഉത്സവങ്ങൾക്ക് ഇതോടെ തുടക്കമാകും.
വാവുത്സവം കോവിഡ് കാരണം കഴിഞ്ഞ രണ്ടു വർഷവും കടുത്ത നിയന്ത്രണത്തിലായിരുന്നു. ഇക്കുറി നിയന്ത്രണങ്ങളൊന്നുമില്ലാതെ ഭക്തിസാന്ദ്രമായ കൂപ്പുകൈകളോടെ പേടിയാട്ടമ്മയെയും മകൻ ജാതവനെയും ജനസാഗരം സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.