മധുമലയിൽ ഖനനത്തിനെതിരെ നടപടി
text_fieldsകക്കട്ടിൽ: പ്രതിഷേധം ശക്തമായതോടെ മധുകുന്ന് മലയിലെ അനധികൃത ഖനനത്തിനെതിരെ നടപടിയുമായി അധികൃതർ. ശക്തമായ മഴയിൽ ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് മധുകുന്ന് മലയിൽനിന്ന് നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു. ഇതോടെ, നാട്ടുകാരുടെ നേതൃത്വത്തിൽ രൂപവത്കരിച്ച മധുകുന്ന് സംരക്ഷണ സമിതിയുടെ പ്രതിഷേധത്തെ തുടർന്ന് നാദാപുരം ഫയർഫോഴ്സ് സി.ഐ, കുന്നുമ്മൽ വില്ലേജ് ഓഫിസർ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി പരിശോധന നടത്തുകയും ആർ.ഡി.ഒവിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.
കുന്നുമ്മൽ, പുറമേരി കുറ്റ്യാടി പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന മധുകുന്നിെൻറ ഏറ്റവും മുകൾഭാഗത്തെ കല്ല് മുറിക്കുന്നതോടെ രൂപപ്പെടുന്ന ഗർത്തങ്ങളിൽ വെള്ളം നിറഞ്ഞുകിടക്കുകയാണ്. ഇത് കുന്നിടിച്ചിലിന് കാരണമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിലും ഖനനത്തിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടിരുന്നു. ആർ.ഡി.ഒവിെൻറ നേതൃത്വത്തിലുള്ള സംഘവും ഇവിടെ സന്ദർശനം നടത്തിയതിനു പിന്നാലെയാണ് അനധികൃത ചെങ്കൽഖനനത്തിനെതിരെ നടപടികൾ ആരംഭിച്ചത്.
നിലവിൽ ഖനനം നടത്തുന്നവർക്ക് സ്റ്റോപ് മെമ്മോ നൽകിയതിനു പിന്നാലെ സ്ഥലം ഉടമകളെ കണ്ടെത്താനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. അനധികൃത ഖനനം നടത്തിയ സ്ഥലമുടമകളിൽനിന്ന് പിഴ ഈടാക്കാനും തീരുമാനിച്ചതായി അറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.