രാത്രികാല പരിശോധന കുറഞ്ഞു; വാഹനാപകടം പെരുകി
text_fieldsകക്കോടി: രാത്രികാല പരിശോധന കുറയുന്നതുമൂലം വാഹനാപകടം പെരുകുന്നു. ബുധനാഴ്ച അർധരാത്രി കക്കോടി പാലം വളവിൽ നിയന്ത്രണം വിട്ട കാർ പതിനഞ്ചടിയോളം താഴ്ചയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന നന്മണ്ട സ്വദേശികളായ രണ്ടുപേർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
രണ്ടു തവണ മലക്കംമറിഞ്ഞ കാറിൽനിന്ന് ഇരുവരും പുറത്തുവരുകയായിരുന്നു. ബുധനാഴ്ച രാത്രി വേങ്ങേരി മാളിക്കടവിൽ കാർ നിയന്ത്രണംവിട്ട് താഴ്ഭാഗത്തേക്ക് പതിച്ചു. കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് ആറുവരിപ്പാത നിർമാണം നടക്കുന്ന വേങ്ങേരി ജങ്ഷനിൽ ഇരുപത്തഞ്ചടിയോളം താഴ്ചയിലേക്ക് കാർ മറിഞ്ഞത്.
കാർ ഓടിച്ച നരിക്കുനി സ്വദേശി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും രാത്രികാല പരിശോധന കർശനമല്ലാത്തതിനാലാണ് അപകടം വർധിക്കുന്നതെന്നാണ് പരാതി. വാഹനം നിർത്തി പരിശോധിക്കുന്നതുമൂലം മദ്യപിച്ച് വാഹനമോടിക്കുന്നവരെയും അമിതവേഗത്തിൽ വാഹനമോടിക്കുന്നവരെയും പിടികൂടുമായിരുന്നു. ഉറക്കച്ചടവ് തീർക്കാനും സഹായകമെന്ന നിലയിലായിരുന്നു പൊലീസും മോട്ടോർ വാഹന വകുപ്പും പരിശോധന കർശനമാക്കിയത്. പരിശോധനക്ക് അയവുവന്നതിനാൽ അപകടവും പെരുകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.