ഓർമകളുടെ കയർ പിരിച്ച് തൊഴിലാളികൾ
text_fieldsകക്കോടി: ‘അന്ന് പെണ്ണുങ്ങൾക്ക് ഞാറുനടലും നെല്ലുകൊയ്യലും കയറുപിരിക്കലും അല്ലേ മുഖ്യപണി. ഇപ്പം നൂറായിരം പണിയല്ലേ. ഞങ്ങൾ അന്ന് കയറുപിരിക്കാനാ കൂടുതലും പോയത്. ഇന്നും അത് ശീലമാണ്’- കക്കോടി ഗ്രാമപഞ്ചായത്തിന്റെ കയറുപിരിക്കൽ മത്സരത്തിൽ പങ്കെടുത്ത ചെലപ്രം ആറന്നോളി മീത്തൽ ജാനകി പറയുന്നു.
കക്കോടി കയർ വ്യവസായ സഹകരണ സംഘത്തിൽനിന്ന് ചകിരി വാങ്ങി വീട്ടിലെത്തിച്ച് പിരിച്ച് കയറാക്കി കൊടുക്കുന്ന പത്തോളം പേരാണ് മത്സരത്തിൽ പങ്കെടുത്തത്. യൗവനകാലം മുതൽ ചെലപ്രം പുഴക്കരയിൽ കയറുപിരിക്കാനും ചകിരി തല്ലാനും തുടങ്ങിയതാണ്. ജീവിതപ്രതിസന്ധികളെ അതിജീവിക്കാൻ ഉറക്കമൊഴിഞ്ഞും കയറുപിരിച്ച ഓർമകളാണ് ഇവർക്ക്. ഒപ്പമുണ്ടായിരുന്ന കല്യാണിയേടത്തിയും ചന്ദ്രിയേടത്തിയും ശാരദേടത്തിയും ഇപ്പഴും തൊഴിൽ ചെയ്യുന്നുണ്ട്. അരമണിക്കൂർ നീണ്ട മത്സരത്തിൽ എൺപതു വയസ്സായ കല്യാണിയും പങ്കെടുത്തു. അരമണിക്കൂറിനുള്ളിൽ അരക്കിലോയോളം ചകിരിയാണ് മത്സരാർഥികൾ കയറാക്കി മാറ്റിയത്. പ്രേമ, മാധവി, ജാനുഅമ്മ, സുനിജ, ശോഭന, ദേവി എന്നിവരും മത്സരത്തിൽ പങ്കെടുത്തു. കയറുപിരിക്കലിന്റെ മികവ് വിദഗ്ധർ പരിശോധിച്ച് മത്സര വിജയികളെ വരും ദിവസം പ്രഖ്യാപിക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഷീബ, വൈസ് പ്രസിഡന്റ് ടി.ടി. വിനോദ്, സംഘം പ്രസിഡന്റ് വി. മുകുന്ദൻ, സെക്രട്ടറി കെ.എൻ. രജില, വി. രാജൻ, ഹേമചന്ദ്രൻ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.