ഷാജീവന്റെ പച്ചക്കറികൃഷിക്ക് വളവും കീടനാശിനിയും ഒന്നാണ്
text_fieldsകക്കോടി: വളവും കീടനാശിനിയും ഒന്നാണ് കക്കോടി പഞ്ചായത്തിലെ മികച്ച കർഷകനായ കോട്ടൂപാടം ഒറ്റപിലാക്കിൽ താഴത്ത് ഷാജീവന്. ഒരേക്കറോളം ഭൂമിയിലെ വൈവിധ്യങ്ങളായ കൃഷി കണ്ടാൽ ആർക്കും അസൂയതോന്നും ഈ നാൽപത്തൊമ്പതുകാരനോട്. ഒരു തരത്തിലും രാസവളമുപയോഗിച്ച് കൃഷി ചെയ്തിട്ടില്ല ഇദ്ദേഹം. എട്ടു വർഷം മുമ്പാണ് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയത്. കരാർ ജോലികൾ ഏറ്റെടുത്ത് ചെയ്യുന്നുണ്ടെങ്കിലും വൈകീട്ട് നാലുമുതൽ എട്ടുവരെ കൃഷിയിടത്തിലാണ്.
വെണ്ട, മത്തൻ, കക്കിരി, പയർ, കയ്പ തുടങ്ങി വിവിധ തരം പച്ചക്കറികൾ വിളയിക്കുന്നുണ്ട്. ദിവസവും 20 കിലോയോളം വെണ്ട ഇപ്പോൾ പറിക്കുന്നുണ്ട്. കൃഷിയിൽ നാട്ടുകാർക്ക് വിശ്വാസമുള്ളതിനാൽ പറിച്ച വിളകൾ ചൂടപ്പംപോലെ വിറ്റുപോകും. ഗോമൂത്രവും പച്ചച്ചാണകവും ശർക്കരയും പയറുപൊടിയും പിണ്ണാക്കും ചേർത്ത മിശ്രിതമാണ് വളമായും കീടനാശിനിയായും ഉപയോഗിക്കുന്നത്. എല്ലാ ചെലവും സൗജന്യമായി പച്ചക്കറികൾ നൽകലും കഴിഞ്ഞാലും ഒരു ലക്ഷത്തോളം രൂപ സീസണിൽ ലാഭമുണ്ട്.
ഇത്തവണ ഇരട്ടിയുണ്ടാകുമെന്ന് ഈ ജൈവകർഷകൻ പറയുന്നു. വിഷം പുരളാത്ത പച്ചക്കറി കഴിക്കാനുള്ള ആഗ്രഹമാണ് ഒരു കർഷകനിലേക്ക് നയിച്ചത്. ഭാര്യ ഷീബയും മക്കളായ അഭിനവ് കൃഷ്ണയും അതുൽ കൃഷ്ണയും കർഷകവഴിയിലുണ്ട്. അയൽവാസികളായ ദിലീപും മധുവും സൗജന്യമായി ഗോമൂത്രവും ചാണകവും നൽകുേമ്പാൾ വളത്തെക്കുറിച്ചുള്ള ആധിയും ഷാജീവനില്ല. കപ്പയും പപ്പായയും കൃഷി ചെയ്യുന്നുണ്ടെങ്കിലും പപ്പായ തീർത്തും സൗജന്യമായി രോഗികൾക്ക് നൽകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.