വീണ്ടും ഓണം; പഴയ പ്രതാപമോർത്ത് മനസ്സു പിടച്ച്...
text_fieldsകക്കോടി: ആഘോഷങ്ങളും പ്രദർശനങ്ങളും വരുമ്പോൾ കഴിഞ്ഞകാല പ്രതാപമോർത്ത് മനസ്സുപിടക്കുകയാണ് ഒരുകാലത്ത് സംസ്ഥാനമെങ്ങും പേരുകേട്ട കക്കോടി സ്റ്റാർ വീവേഴ്സിലെ കൈത്തറി തൊഴിലാളികൾക്ക്. വിദേശ രാജ്യങ്ങളിലേക്കുൾപ്പെടെ തുണി കയറ്റി അയക്കാൻ ഓർഡർ കിട്ടിയിട്ടും തിരക്കുകാരണം ഒഴിവാക്കേണ്ടി വന്ന സൊസൈറ്റിക്ക് കടബാധ്യത കാരണം സ്വന്തമായി തുണി ഉൽപാദിപ്പിക്കാൻപോലും കഴിയാത്തതിന്റെ തേങ്ങലുകളിലാണ് ജീവനക്കാർ. 125 ഓളം ജീവനക്കാർ ഉണ്ടായിരുന്ന തൊഴിൽശാലയിൽ മുപ്പതോളം പേരേ ഇന്നുള്ളൂ.
കക്കോടിയുടെ ഹൃദയഭാഗത്ത് ഒരേക്കറിൽപരം സ്ഥലവും കെട്ടിടവും ഉണ്ടായിരുന്ന സൊസൈറ്റി കെടുകാര്യസ്ഥതമൂലം ഇപ്പോൾ ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ പ്രവർത്തിക്കേണ്ട അവസ്ഥയിലെത്തി. കഴിഞ്ഞ മാർച്ച് നാലിനാണ് അവസാനമായി ശമ്പളം ലഭിച്ചത്. ഗ്രാറ്റ്വിറ്റി നൽകാത്തുമൂലം ചില ജീവനക്കാർ കേസ് കൊടുത്തതിനാൽ അഞ്ചു സെന്റ് ഭൂമി അറ്റാച്ച് ചെയ്തിരിക്കുകയാണ്. 2014,15,16 വർഷങ്ങളിൽ ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് വിഹിതം അടക്കാത്തതിനാൽ ഏഴു ജീവനക്കാരുടെ പെൻഷൻപോലും മുടങ്ങി. വിദ്യാർഥികൾക്കുള്ള യൂനിഫോം തുണി നെയ്യാൻ ഹാൻവീവ് കൊടുക്കുന്ന കരാറിൽ മുപ്പതുതൊഴിലാളികൾ ജോലി ചെയ്യുന്നതിനാൽ പ്രവർത്തനമുണ്ടെന്നു പറയാം.
സ്വന്തമായി തുണി നെയ്യാത്തതിനാൽ ആഘോഷ സ്റ്റാളുകളിൽ പ്രദർശനത്തിൽ പങ്കെടുക്കാൻ കഴിയുന്നില്ല. അധികൃതർ മനസ്സുവെച്ചാൽ പഴയ പ്രതാപം വീണ്ടെടുക്കാമെന്ന് തൊഴിലാളികൾ ആണയിടുന്നു. എന്ത് ത്യാഗത്തിനും തയാറുള്ള തൊഴിലാളികളെ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്താൻ ഭരണസമിതിക്ക് കഴിയുന്നില്ലെന്നാണ് ആക്ഷേപം. ഇരുപത്തഞ്ച് തറികളാണ് ശാലയിൽ ഉള്ളത്. സൊസൈറ്റിയെ കരകയറ്റാൻ എല്ലാ ശ്രമവും നടത്തുന്നുണ്ടെന്നും സാമ്പത്തിക സഹായമുൾെപ്പടെയുള്ളവക്ക് ശ്രമിക്കുകയാണെന്നും പ്രസിഡന്റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.