കുറ്റ്യാടി കനാൽ 20ന് തുറക്കും: ചേളന്നൂർ, കക്കോടി ഭാഗങ്ങളിൽ 27ന് മുമ്പ് വെള്ളമെത്തും
text_fieldsകക്കോടി: കുറ്റ്യാടി ജലസേചന പദ്ധതിക്കു കീഴിലെ കനാൽ ഷട്ടർ 20ന് തുറക്കും. കൊയിലാണ്ടി ഇടതുകര ഭാഗത്തെ കനാലാണ് ആദ്യം തുറക്കുക. 22ന് കക്കോടി മുഖ്യശാഖ കനാൽ തുറക്കും. കക്കോടി, ചേളന്നൂർ, കുരുവട്ടൂർ, പുതിയങ്ങാടി ഭാഗത്തെ കനാലിൽ 27ന് മുമ്പ് വെള്ളമെത്തുമെന്ന് കനാൽ ഡിവിഷൻ ഉദ്യോഗസ്ഥൻ അറിയിച്ചു.
ഇതുസംബന്ധിച്ച് എ.ഡി.എമ്മിന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് തീരുമാനമായിട്ടുണ്ട്. മുഖ്യകനാലിന്റെ മണ്ണ് നിരപ്പ് ഏകീകരിക്കുന്നതിന് 1.23 കോടി രൂപ തനതു ഫണ്ടിൽനിന്ന് വകയിരുത്തിയിട്ടുണ്ട്.
ഉപകനാലുകളുടെ പുല്ല് ചെത്തലും സമീപത്തെ കാടുവെട്ടലും മാത്രമാണ് നടത്തുന്നത്. ഈ ഭാഗങ്ങളിൽ മണ്ണ് നീക്കംചെയ്ത് നിരപ്പ് നിലനിർത്താത്തതിനാൽ വെള്ളത്തിന്റെ ഒഴുക്ക് പഴയപടി തന്നെയാകുമെന്ന് കർഷകർ പറയുന്നു.
ചേളന്നൂർ, മൂട്ടോളി ഭാഗങ്ങളിൽ ചോർന്നൊലിക്കുന്ന അക്വഡക്ടുകൾ അപകടഭീഷണിയിലാണ്. ഇതുകാരണം പലഭാഗത്തും വെള്ളമെത്തുന്നില്ല. തൊഴിലുറപ്പ് പദ്ധതി പ്രകാരം തുടർപ്രവൃത്തി അനുവദിക്കാത്തതിനാൽ പുല്ല് ചെത്തി ശുചീകരിക്കുന്നതിനാണ് ഇത്തവണ പുറംകരാർ നൽകിയത്.
50 വർഷം മുമ്പ് നിർമിച്ച കനാലുകളും ഉപകനാലുകളും പലഭാഗത്തും തകർന്നതിനാൽ മതിയായ തുക വകയിരുത്തണമെന്ന ആവശ്യം ഉയർന്നിരുന്നു. 76 കിലോമീറ്റർ നീളമുള്ള പ്രധാന കനാലുകൾക്കു പുറമെ 400 കിലോമീറ്ററോളമുള്ള ഉപകനാലുകളും ശാഖാ കനാലുകളുമാണ് കുറ്റ്യാടി പദ്ധതിയുടെ ഭാഗമായുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.