മാധവൻ നമ്പീശന് ജീവൻ തിരിച്ചുകിട്ടി, തലനാരിഴക്ക്
text_fieldsകക്കോടി: ‘ദൈവകടാക്ഷം, രക്ഷപ്പെട്ടത് വലിയ അപകടത്തിൽനിന്നാ, എന്താ പറ്റീത് ന്ന് ഒരു നിശ്ചയവുമില്ലാർന്നു. റോഡിലേക്ക് തെറിച്ചാ വീണത്’ -കഴിഞ്ഞ ദിവസം കക്കോടി പാലത്തിനു മുകളിലെ അപകടത്തിൽനിന്ന് തലനാരിഴ വ്യത്യാസത്തിൽനിന്ന് ജീവൻ തിരിച്ചുകിട്ടിയ തണ്ണീർപന്തൽ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനരികിലെ മാധവൻ നമ്പീശന്റെ വാക്കുകളാണിത്.
പാലത്തിനു വലതുവശത്തൂടെ കഴിഞ്ഞദിവസം രാവിലെ 11ഓടെ കക്കോടിയിലേക്ക് സാധനം വാങ്ങാൻ നടന്നുപോവുകയായിരുന്നു 72കാരനായ മാധവൻ നമ്പീശൻ. കക്കോടി പഞ്ചായത്ത് ഓഫിസിനടുത്തെ വളവിലെത്താൻ തുടങ്ങവേ കക്കോടി ഭാഗത്തുനിന്ന് ഓറഞ്ചുമായി വേഗത്തിലെത്തിയ ഗുഡ്സ് ഓട്ടോറിക്ഷയിലെ നിവർത്തിവെച്ച അലങ്കാരക്കുട മാധവൻ നമ്പീശന്റെ ദേഹത്തേക്ക് ചരിഞ്ഞുവീണു.
നിവർന്ന കുട തലയിൽ കൊളുത്തിയതോടെ മാധവൻ നമ്പീശൻ റോഡിലേക്ക് തെറിച്ചുവീണു. ഓട്ടോറിക്ഷക്കു തൊട്ടുപിന്നിൽ എത്തിയ കാർ ശരീരത്തിൽ ഇടിക്കുന്നതിന് മുമ്പേ ഡ്രൈവർ വെട്ടിച്ചുമാറ്റുകയായിരുന്നു. കാർ ഡ്രൈവറുടെ ശ്രദ്ധകൊണ്ടുമാത്രം മാധവൻ നമ്പീശന്റെ ജീവൻ രക്ഷപ്പെട്ടു. തലക്കും കൈക്കും കാലിനും പരിക്കേറ്റ മാധവൻ നമ്പീശൻ ആശുപത്രിയിൽ ചികിത്സതേടി.
എച്ച്.ആർ ആൻഡ് സി റിട്ട. ജീവനക്കാരനായ മാധവൻ നമ്പീശനെ ഓട്ടോ ഡ്രൈവർ ആദ്യം ഹോമിയോ ആശുപത്രിയിലേക്കാണ് കൊണ്ടുപോയതത്രെ. പിന്നീട് ബന്ധുക്കൾ കക്കോടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. അപകടത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ചേവായൂർ പൊലീസ് മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചു.
മടക്കിവെച്ച കുടയിൽ കാറ്റുപിടിക്കുകയായിരുന്നുവെന്നും ചരിഞ്ഞതോടെ കാറ്റ് കയറി നിവർന്ന് തലയിൽ കുരുങ്ങുകയായിരുന്നുവെന്നുമാണ് ഓട്ടോ ഡ്രൈവർ പറഞ്ഞത്. കുട നിവർത്തിയാണ് വണ്ടിയിൽവെച്ചതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.