ജോലി നഷ്ടമാകില്ല; പാലിയേറ്റിവ് കെയർ നഴ്സുമാർക്ക് ആശ്വാസമായി സർക്കാർ നടപടി
text_fieldsകക്കോടി: പാലിയേറ്റിവ് കെയർ നഴ്സുമാരെ തദ്ദേശ സ്വയംഭരണ വകുപ്പ് അനധികൃതമായി പിരിച്ചുവിടുമെന്ന ആശങ്കക്ക് അറുതിവരുത്തി സർക്കാർ ഉത്തരവ്. ഇത് ജോലി നഷ്ടമാകുമെന്ന ആശങ്കയിൽ കഴിഞ്ഞ നൂറുകണക്കിന് ആരോഗ്യ പ്രവർത്തകർക്ക് ആശ്വാസമായി. 2003 മുതൽ പ്രതിമാസം മൂവായിരം രൂപക്കുമുതൽ ജോലി ചെയ്ത് തുടങ്ങിയവരും ഇപ്പോഴും ജോലിയിൽ തുടരുന്നവരുമായ പാലിയേറ്റിവ് കെയർ നഴ്സുമാരെ പ്രോജക്ട് നിലനിൽക്കുന്നിടത്തോളം കാലം പിരിച്ചുവിടാൻ പാടില്ലെന്ന ഉത്തരവാണ് ആരോഗ്യ പ്രവർത്തകരുടെ ജോലിസുരക്ഷ ഉറപ്പാക്കിയത്.
സർക്കാറിന്റെ മുൻ ഉത്തരവ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചതിനെത്തുടർന്നാണ് അടിയന്തര പ്രാധാന്യത്തോടെ പുതിയ ഉത്തരവിറക്കിയത്.
2003 വർഷം മുതൽ ജോലി ചെയ്ത് തുടങ്ങിയവരും ഇപ്പോഴും സർവിസിൽ തുടരുന്നവരും എന്ന മാനദണ്ഡമുള്ളവരെ മാത്രമാണ് ഉത്തരവിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും അതിനുശേഷം ജോലിയിൽ പ്രവേശിച്ചവരെ പിരിച്ചുവിടുന്നതിൽ തടസ്സമില്ല എന്നും വ്യാഖ്യാനിച്ച് നഴ്സുമാരെ പിരിച്ചുവിടാനുള്ള നീക്കം ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടത്തിയിരുന്നതാണ് ആശങ്ക തീർത്തത്.
സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചശേഷമാണ് 2003ലും തുടർന്നുള്ള വർഷങ്ങളിലും ജോലി ചെയ്ത് തുടങ്ങിയവരും ഇപ്പോഴും ജോലിയിൽ തുടരുന്നവരുമായ പാലിയേറ്റിവ് കെയർ നഴ്സുമാരെ പ്രോജക്ട് നിലനിൽക്കുന്നിടത്തോളംകാലം പിരിച്ചുവിടാൻ പാടില്ലെന്ന് ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.