ജലദുരുപയോഗവും ചൂഷണവും അറിയിച്ചാൽ പ്രതിഫലം: ജലം പാഴാക്കുന്നതിന് ആര് പിഴയടക്കും?
text_fieldsകക്കോടി: ജലമോഷണവും ദുരുപയോഗവും യഥാസമയം ബന്ധപ്പെട്ട വാട്ടര്‍ അതോറിറ്റിയെ അറിയിക്കുന്ന പൊതുജനങ്ങള്‍ക്ക് പാരിതോഷികം നല്‍കാനുള്ള സർക്കാർ പ്രഖ്യാപനം, അധികൃതരുടെ അനാസ്ഥയിൽ പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകുമ്പോൾ ആര് പിഴയടക്കുമെന്ന ചോദ്യമുയർത്തുന്നു. ജലജീവൻ പദ്ധതിയുടെ പൈപ്പ് ലൈനിലെ അശാസ്ത്രീയതമൂലം പല ഭാഗങ്ങളിലും പൈപ്പ്പൊട്ടി കുടിവെള്ളം പരന്നൊഴുകുകയാണ്.
അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച പല റോഡുകളും ഇതുമൂലം പൊട്ടിത്തകരുകയുമാണ്. പലയിടങ്ങളും മാസങ്ങളായി ജലച്ചോർച്ച തുടരുകയാണ്. പൈപ്പ് ലൈനിന്റെ പൊട്ടിയ ഭാഗങ്ങളിൽ കല്ലെടുത്തുവെച്ചും മറ്റും നാട്ടുകാർ കുടിവെള്ളം പാഴാകുന്നത് തടയാൻ ശ്രമിക്കുന്നുണ്ട്.
ഇതിനിടെയാണ് വാട്ടര്‍ കണക്ഷനുകളിലെയും പൊതുടാപ്പുകളിലെയും ജല ദുരുപയോഗവും ജലമോഷണവും യഥാസമയം ബന്ധപ്പെട്ട വാട്ടര്‍ അതോറിറ്റിയെ അറിയിക്കുന്ന പൊതുജനങ്ങള്‍ക്ക് പാരിതോഷികം നല്‍കുമെന്ന് രണ്ടുദിവസം മുമ്പ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്.
പിഴത്തുകയുടെ 10 ശതമാനം (പരമാവധി 5000 രൂപ) പാരിതോഷികമായി നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ അതോറിറ്റി രഹസ്യമായി സൂക്ഷിക്കുമെന്നും പ്രഖ്യാപനത്തിലുണ്ട്.
വിവരം വാട്ടര്‍ അതോറിറ്റിയുടെ ടോള്‍ ഫ്രീ നമ്പര്‍ ആയ 1916ല്‍ വിളിച്ചറിയിക്കാം. വാട്ടര്‍ അതോറിറ്റിയിലെ സ്ഥിര- താല്‍ക്കാലിക (കുടുംബശ്രീ, എച്ച്.ആര് ഉള്‍പ്പെടെ) ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും പാരിതോഷികത്തിന് അർഹരല്ല.
വിഡിയോ, ഫോട്ടോ എന്നിവ തെളിവായി അതത് ഡിവിഷനിലെ എക്സിക്യൂട്ടിവ് എന്‍ജിനീയറുടെ മൊബൈല്‍ നമ്പറിലേക്കോ, 9495998258 എന്ന നമ്പറിലേക്കോ, rmc2internal@gmail.com എന്ന ഇമെയിലിലേക്കോ അയക്കണം. കൃത്യമായ ലൊക്കേഷന്‍ നല്‍കുന്നവരെ മാത്രമേ പാരിതോഷികത്തിന് പരിഗണിക്കുകയുള്ളു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.