ട്രാഫിക് പൊലീസ് സ്ഥാപിച്ച ബോർഡ് നിലംപതിച്ചു; കക്കോടിയിൽ വൺവേ സംവിധാനം പാളുന്നു
text_fieldsകക്കോടി: ട്രാഫിക് പൊലീസ് സ്ഥാപിച്ച സൂചന ബോർഡുകൾ വാഹനമിടിച്ച് തകർന്നതിനാൽ കക്കോടിയിലെ വൺവേ സംവിധാനം പാളുന്നു. ബാലുശ്ശേരി-കോഴിക്കോട് പാതയിൽ കക്കോടി ബസാറിലെ വീതിയില്ലായ്മ മൂലം രൂപപ്പെട്ട ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും ഒരുവിധം പരിഹാരമായത് വൺവേ സംവിധാനം ഏർപ്പെടുത്തിയതായിരുന്നു.
കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തുനിന്ന് ബൈപാസ് ബണ്ട് റോഡ് വഴിയായിരുന്നു നാലു വർഷത്തോളമായി കടന്നുപോകുന്നത്. ഇതിന്റെ സൂചനയായി ബാലുശ്ശേരി ഭാഗത്തുനിന്നുള്ള വാഹനങ്ങൾ വഴി തിരിച്ചുപോവാനും കക്കോടി ബസാർ റോഡിലേക്ക് കയറാതിരിക്കാനും ട്രാഫിക് പൊലീസ് കോൺഗ്രീറ്റ് കുറ്റിയിൽ ഉറപ്പിച്ച ഇരുമ്പ് ബോർഡ് റോഡിന്റെ പാതി ഭാഗത്തോളം വീതിയിൽ വെച്ചിരുന്നു.
അമിത വേഗതക്കുള്ള നിയന്ത്രണം കൂടിയായിരുന്നു ഇത്. കഴിഞ്ഞ ദിവസം വാഹനമിടിച്ച് കോൺഗ്രീറ്റ് കുറ്റി തകർന്ന് ബോർഡ് നിലംപതിച്ചു. ഇതോടെ നിയന്ത്രണങ്ങളില്ലാതായി പല വാഹനങ്ങളും ബസാർ വഴി കടന്നുപോവുകയാണ്. സ്ഥലപരിചയമില്ലാത്ത ഡ്രൈവർമാരും സൂചന ബോർഡ് ഇല്ലാത്തതിനാൽ വൺവേ തെറ്റിച്ച് കക്കോടി ബസാർ വഴി കടന്നുപോവുകയാണ്.
അമിതവേഗതയിലെത്തുന്ന വാഹനങ്ങൾ അപകടം വരുത്തുംവിധമാണ് പോവുന്നത്. ദിവസങ്ങളായി ഗതാഗത നിയമലംഘനങ്ങൾ തുടരുമ്പോഴും ചേവായൂർ പൊലീസോ ട്രാഫിക് പൊലീസോ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി. മുന്നറിയിപ്പ് ബോർഡ് പുനഃസ്ഥാപിച്ച് അപകട ഭീഷണി ഒഴിവാക്കണമെന്ന് വ്യാപാരികളും പ്രദേശവാസികളും ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.