പരീക്ഷിക്കാനേറെയില്ല; മത്സ്യക്കടയിലെ പ്രതീക്ഷയുമായി യുവതികൾ
text_fieldsകക്കോടി: പരീക്ഷണംപോലെ തുടങ്ങിയ ഈ മത്സ്യവിൽപനകൂടി തണലാവുന്നില്ലെങ്കിൽ പിന്നെ പ്രതീക്ഷിക്കാൻ വല്ലാതൊന്നുമില്ല, കക്കോടി സ്വദേശികളായ പ്രഭിതക്കും നിവ്യക്കും. ലോക്ഡൗണിനെ തുടർന്ന് തൊഴിൽമേഖല മാറിമാറി പരീക്ഷിച്ച സുഹൃത്തുക്കളായ ഇരുവരും കുടുംബശ്രീയിൽനിന്ന് വായ്പയെടുത്താണ് അവസാനം കക്കോടി പാലത്തിനു സമീപം മത്സ്യക്കട നടത്തുന്നത്. വർഷങ്ങൾക്കു മുമ്പ് ജോലിക്കിടെ പരിചയപ്പെട്ട ഇരുവർക്കും ബാധ്യതകളേറെയാണ്. ജീവിതസാമ്യതകൾ ഏറെയുള്ള ഈ യുവതികളുടെ തലയിലാണ് ഇരു കുടുംബങ്ങളുടെയും മുഴുവൻ പ്രാരബ്ധങ്ങളും.
20,000 രൂപ കടമെടുത്താണ് മത്സ്യക്കച്ചവടം തുടങ്ങിയത്. അശ്രദ്ധ അൽപംപോലും ഉണ്ടാവാതിരിക്കാനുള്ള കരുതലോടെയുള്ള കച്ചവടം രാവിലെ ഏഴുമണിക്ക് തുടങ്ങും. വൈകീട്ട് ഏഴുമണിവരെ തുടരും. 50 കിലോയോളം മത്സ്യം വിറ്റുപോകുന്നതിനാൽ നാലുദിവസമായി ആരംഭിച്ച കച്ചവടം നഷ്ടം വരുത്തുന്നില്ലെന്ന് ഇരുവരും പറയുന്നു.
പ്രദേശവാസികളുടെ അകമഴിഞ്ഞ സഹായംകൊണ്ട് ബിസിനസ് ഉഗ്രനാകുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്. ചെറിയ ലാഭം മാത്രമെടുത്തായതിനാൽ കൊണ്ടുവരുന്ന മത്സ്യം പൂർണമായും വിറ്റുപോകുന്നതാണ് കച്ചവടം തങ്ങൾക്ക് തുണയാകുമെന്ന വിശ്വാസത്തിലേക്കെത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.