കല്ലായി വിട്ടാൽ കാടാണ് കാട്; ലഹരി വിൽപനക്കാരുടെ പ്രധാന ഒളിത്താവളങ്ങളിലൊന്നായി റെയിൽവേ ട്രാക്ക്
text_fieldsകോഴിക്കോട്: നഗരം നീളെ റെയിൽവേ ട്രാക്കിൽ കാട് വളർന്ന് സമീപവാസികൾക്കും ജീവനക്കാർക്കും തലവേദന. കല്ലായിക്കും കോഴിക്കോടിനുമിടയിലും അതിന് വടക്കോട്ടുമെല്ലാം ട്രാക്കിൽ നിറയെ കാടാണ്. പാമ്പും പെരുച്ചാഴികളും കീരിയും കുറുക്കനും ഉടുമ്പുമെല്ലാം ഇഴയുന്ന നഗര മധ്യത്തിലൂടെ നീളത്തിലുള്ള കുറ്റിക്കാട് കൊണ്ട് പൊറുതിമുട്ടിയിരിക്കയാണ് നാട്ടുകാർ. മാലിന്യം തള്ളുവാനുള്ള മറയായും ട്രാക്ക് മാറി. തെരുവു നായ്ക്കളുടെ വിഹാര കേന്ദ്രം കൂടിയാണ് പല ഭാഗങ്ങളും. മയക്കുമരുന്ന് കച്ചവടക്കാരുടെയും സാമൂഹികവിരുദ്ധരുടെയും താവളമായിരിക്കയാണ് റെയിലോരം. പല തവണ പരാതിപ്പെട്ടിട്ടും റെയിലധികാരികൾ ശ്രദ്ധിക്കുന്നില്ല. എന്നാൽ, കാടു വെട്ടി വൃത്തിയാക്കാൻ റെസിഡന്റ്സ് അസോസിയേഷനുകളോ സന്നദ്ധ പ്രവർത്തകരോ തുനിഞ്ഞാൽ കൃത്യസമയത്ത് അധികാരികളെത്തി തടയുകയാണെന്നാണ് നാട്ടുകാരുടെ പരാതി.
കാടുമൂടിയ അവസ്ഥയിൽ സമീപവാസികൾ ഏറെ പ്രയാസങ്ങൾ അനുഭവിക്കുന്നതായി നഗരസഭ കൗൺസിലർ എം. ബിജുലാൽ പറഞ്ഞു. റെയിൽവേ തൊഴിലാളികൾക്കും ഏറെ പ്രയാസമുണ്ട്. കഴിഞ്ഞ ദിവസം കല്ലായി ഭാഗത്തെ കാട്ടിൽ നിന്ന് മൊബൈൽ ഫോണുകൾ, പവർ ബാങ്കുകൾ എന്നിവ കിട്ടിയിരുന്നു. കഴിഞ്ഞ ദിവസം മോഷ്ടാക്കളെ പിന്തുടർന്ന പൊലീസ് സംഘത്തിലൊരാൾ കാടുമൂടിയ ഓടയിൽ വീെണങ്കിലും ഭാഗ്യംകൊണ്ടാണ് വലിയ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. ട്രാക്കിലുള്ള ഓവുചാലുകളും പൈപ്പുകളും മറ്റും കാണാനാവാത്തവിധം കാടുമൂടിക്കിടപ്പാണ്. ലഹരി വിൽപനക്കാരുടെ പ്രധാന ഒളിത്താവളങ്ങളിലൊന്നായി ട്രാക്ക് മാറുകയാണ്. അടിയന്തര നടപടിയാവശ്യപ്പെട്ട് കോർപറേഷൻ റെയിൽവേയെ സമീപിച്ചിട്ടുണ്ടെങ്കിലും നടപടിയായില്ല.
ചരിത്രമുറങ്ങുന്ന കല്ലായി റെയിൽവേ സ്റ്റേഷനിലും ഇപ്പോൾ കാടാണ്. ഫുട് പാത്ത് പോലും കാടുമൂടി. പ്ലാറ്റ് ഫോം സ്ലാബ് തകർന്ന് ട്രാക്കിലേക്ക് വലിയ കുഴി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ശ്രദ്ധിച്ചാലേ അപകടം ഒഴിവാകൂ. പ്ലാറ്റ്ഫോമിൽ നടക്കുന്നവർക്കും കാട് തടസ്സമാവുന്നു. ജനവാസമേഖലയായ ഇവിടെ ആയിരക്കണക്കിന് യാത്രക്കാരാണ് റെയിലിനരികിലൂടെ യാത്ര ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.