കല്ലായി പുഴ കൈയേറ്റം: ഒഴിപ്പിക്കൽ തുടങ്ങി; നേരിയ സംഘർഷാവസ്ഥ
text_fieldsകോഴിക്കോട്: കോടതി ഉത്തരവിനെത്തുടർന്ന് കല്ലായി പുഴയോരത്തെ കൈയേറ്റങ്ങൾ ഒഴിപ്പിച്ചുതുടങ്ങി. പഴയ കെട്ടിടങ്ങളടക്കമുള്ളവ മണ്ണുമാന്തിയന്ത്രം എത്തിച്ച് പൊളിച്ചുനീക്കി ബോർഡുകൾ സ്ഥാപിക്കുകയാണ് റവന്യൂ വകുപ്പ് അധികൃതർ ചെയ്യുന്നത്.
ചൊവ്വാഴ്ച രാവിലെയോടെ കല്ലായി പാതാർ ഭാഗത്തെ കൈയേറ്റങ്ങളാണ് ആദ്യം ഒഴിപ്പിച്ചത്. വൻകിട കൈയേറ്റ ഭൂമികളിലേക്ക് പോകാതെ അറുപതും എഴുപതും വർഷത്തോളം പഴക്കമുള്ള ചെറുകിട കെട്ടിടങ്ങൾ പൊളിക്കുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത് സ്ഥലത്ത് നേരിയ സംഘർഷാവസ്ഥ സൃഷ്ടിച്ചു.
കൂടുതൽ പൊലീസെത്തിയാണ് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കിയത്. കസബ, വളയനാട് വില്ലേജുകളിലെ പത്ത്, അഞ്ച് എന്നിങ്ങനെ ആകെ 15 സ്ഥലങ്ങളിലെ കൈയേറ്റങ്ങളാണ് പൊളിച്ചുനീക്കിയത്. മൂന്ന് വില്ലേജുകളിലായി 95 കൈയേറ്റങ്ങളാണുള്ളതെന്നും ഇതിൽ 37 പേർക്ക് ഒരു സ്റ്റേയും ഇല്ലെന്നും ഇവരെ ഉടൻ ഒഴിപ്പിക്കണമെന്നുമാണ് കോടതി ജില്ല കലക്ടറോട് നിർദേശിച്ചതെന്ന് ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കലക്ടർ പി.എൻ. പുരുഷോത്തമൻ പറഞ്ഞു.
കേസ് വീണ്ടും ഈ മാസം 28ന് പരിഗണിക്കുന്നതിനാൽ 25നകം നടപടികൾ പൂർത്തീകരിക്കാനാണ് ശ്രമം. അതേസമയം ചിലർ രണ്ടു ദിവസത്തിനുള്ളിൽ സ്വന്തംനിലയിൽ കെട്ടിടങ്ങൾ പൊളിച്ചുനീക്കി സാധനങ്ങൾ എടുത്തുമാറ്റാമെന്ന് അറിയിച്ചിട്ടുണ്ട്.
മാത്രല്ല, ചില കെട്ടിടങ്ങൾ ഒന്ന് പൊളിച്ചാൽ മറ്റൊന്ന് നിലംപൊത്തുന്ന അവസ്ഥയിലാണെന്നത് പ്രതിസന്ധിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാതാർ ഭാഗത്തെ അബൂബക്കറിന്റെ (ഔക്കർ) ചായക്കടയും കൊമ്മേരി സ്വദേശി സനലിന്റെ പഴയ വാഹനവിൽപന ഷോപ്പും പൊളിച്ചതാണ് നാട്ടുകാരുടെ വലിയ പ്രതിഷേധത്തിനിടയാക്കിയത്.
വൻകിടക്കാരെ സംരക്ഷിച്ച് ചെറുകിടക്കാരെ ഒഴിപ്പിക്കുകയാണെന്നാരോപിച്ചായിരുന്നു പ്രതിഷേധം. കല്ലായി പുഴയോരത്തെ ചില വൻകിടക്കാരാണ് ഇതിനുപിന്നിലെന്നാരോപിച്ച് നേരത്തെ ജണ്ട കെട്ടിയ ഭാഗത്തെ വുഡ് ഹൗസ് മരമിൽ ഓഫിസിലേക്ക് നാട്ടുകാർ പ്രതിഷേധവുമായി പോവുകയും ചെയ്തു.
പൊലീസാണ് നാട്ടുകാരെ പിന്തിരിപ്പിച്ചത്. കല്ലായി പുഴയോരത്തെ ഒട്ടനവധി കെട്ടിടങ്ങളുള്ളത് കൈയേറ്റ ഭൂമിയിലാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. തുടർന്ന് റവന്യൂ അധികൃതർ സർവേ നടത്തുകയും ഒഴിയാൻ നോട്ടീസ് നൽകുകയും ചെയ്തു.
എന്നാൽ, പല കെട്ടിട ഉടമകളും കോടതിയെ സമീപിച്ചു. ഇവർക്ക് അനുകൂല വിധിയൊന്നും ആദ്യം ലഭിച്ചില്ല. ഉദ്യോഗസ്ഥർ പിന്നീട് കൈയേറ്റ ഭൂമിയിലെല്ലാം ജണ്ട കെട്ടി. എന്നാലിതിനെ മറികടക്കാനും ഒഴിപ്പിക്കൽ തടയാനുമായി കെട്ടിട ഉടമകളിൽ പലരും പാട്ടക്കരാർ ഉണ്ടാക്കുകയായിരുന്നുവത്രേ.
ഇതുപയോഗിച്ച് പിന്നീട് സ്റ്റേ ഉൾപ്പെടെ സംഘടിപ്പിച്ചും ഉദ്യോഗസ്ഥർക്കടക്കം കൈക്കൂലി നൽകിയുമാണ് വൻകിടക്കാർ ഒഴിപ്പിക്കലിൽനിന്ന് ഒഴിഞ്ഞുനിൽക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കലക്ടർ പി.എൻ. പുരുഷോത്തമൻ, തഹസിൽദാർ എ.എം. പ്രേംലാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഒഴിപ്പിക്കൽ. കസബ സി.ഐ എൻ. പ്രജീഷിന്റെ നേതൃത്വത്തിലായിരുന്നു പൊലീസ് സുരക്ഷ ഒരുക്കിയത്.
അബൂബക്കറിനില്ലാതായത് അരനൂറ്റാണ്ടുകാലത്തെ ജീവനോപാധി
കോഴിക്കോട്: അമ്പത്തെട്ട് വർഷമായി കച്ചവടം നടത്തുന്ന കടയാണ് ഇന്നില്ലാതായത്. സ്കൂളിൽ പഠിക്കുമ്പോൾ ബാപ്പക്കൊപ്പം പത്താം വയസ്സിലാണ് ഇവിടെയെത്തിയത്. അന്നുമുതലിതാണ് എന്റെ ജീവിതം... റവന്യൂ അധികൃതർ പൊളിച്ചുനീക്കിയ തന്റെ കടക്കുമുന്നിൽനിന്ന് അബൂബക്കർ എന്ന നാട്ടുകാരുടെ ഔക്കർക്കയുടെ കണ്ഠമിടറിയ വാക്കുകളാണിത്.
ജീവനോപാധിയായ പഴയ വാഹനങ്ങളുടെ വിൽപന ഷോറൂം ഇല്ലാതായ വേദനയിലാണ് കൊമ്മേരി സ്വദേശി സനൽ. കണ്ണുനിറഞ്ഞ് തുളുമ്പിയതോടെ ഇദ്ദേഹത്തിന് കൂടുതലൊന്നും പറയാനാവുന്നില്ല. കേവലം 30 സ്ക്വയർ ഫീറ്റ് മാത്രം വലുപ്പമുള്ള ചായ്പായിരുന്നു അബൂബക്കറിന്റെ ചായക്കട.
സുനിലിന്റെ കടക്ക് അൽപംകൂടി വലുപ്പമുണ്ട്. രണ്ടുപേരുടെയും ഏക ജീവനോപാധിയാണില്ലാതായത്. സമീപ പ്രദേശങ്ങളിലെ കൈയേറ്റഭൂമികളിലെല്ലാം ലക്ഷങ്ങൾ മുടക്കി വിവിധ സ്ഥാപനങ്ങൾ നടത്തുന്നവരെല്ലാം പാട്ടക്കരാറുണ്ടാക്കിയും മറ്റും പൊളിച്ചുനീക്കൽ നടപടികളിൽനിന്ന് ഒഴിഞ്ഞുനിൽക്കുമ്പോഴാണ് ഇവരുടെ ജീവനോപാധിതന്നെ ഇല്ലാതായത് എന്നവേദനയാണ് നാട്ടുകാരും പങ്കുവെക്കുന്നത്.
തങ്ങൾക്ക് വലിയ തുക മുടക്കി കോടതിയുടെ അനുകൂല ഉത്തരവൊന്നും വാങ്ങാൻ ത്രാണിയില്ലെന്നും ഇരുവരും പറയുന്നു. അടുത്തുതന്നെയെവിടെയെങ്കിലും ആരുടെയെങ്കിലും ആശ്രയത്തിൽ കടകൾ വീണ്ടും തുടങ്ങണമെന്നാണ് ആഗ്രഹം.
കല്ലായിപ്പുഴ സംരക്ഷിക്കണമെന്നും കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്നും ആവശ്യപ്പെടുന്നവരാരും ഇവരുടെ കട പൊളിച്ചതിനെ അനുകൂലിക്കുന്നില്ല. വൻകിടക്കാരെ സംരക്ഷിക്കുകയും ചെറുകിടക്കാരെ ദ്രോഹിക്കുകയുമാണ് നടക്കുന്നതെന്നാണ് മിക്കവരും പറയുന്നത്. പൊളിച്ച ചായക്കടയിലെ സാധനങ്ങളെല്ലാം ഏറെ വേദനയോടെയാണ് അബൂബക്കർ ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയത്.
ഒഴിപ്പിക്കുന്നത് ചെറുകിടക്കാരെ; കോടതിയെ സമീപിക്കും -കല്ലായിപ്പുഴ സംരക്ഷണസമിതി
കോഴിക്കോട്: കല്ലായി പുഴയോരത്തെ വൻകിട കൈയേറ്റക്കാരെ സംരക്ഷിച്ച് ചെറുകിടക്കാരെ മാത്രം ഒഴിപ്പിക്കുന്ന നടപടിയാണിപ്പോൾ നടക്കുന്നതെന്നും ഇതംഗീകരിക്കാനാവില്ലെന്നും കോടതിയെ സമീപിക്കുമെന്നും കല്ലായിപ്പുഴ സംരക്ഷണ സമിതി.
മുഴുവൻ കൈയേറ്റങ്ങളും ഒഴിപ്പിക്കുകയാണ് വേണ്ടത്. ഇപ്പോൾ രണ്ടും മൂന്നും സെന്റ് മാത്രം കൈയേറിയവരെ ഒഴിപ്പിച്ച് നാൽപതും അമ്പതും സെന്റ് കൈയേറിയവരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. കോടതി പറഞ്ഞത് എല്ലാവരും കൈയേറ്റക്കാരാണെന്നാണ്.
ഇതിനിടെ ചിലർ പാട്ടക്കരാറുണ്ടെന്ന് പറഞ്ഞ് കോടതിയെ സമീപിക്കുകയായിരുന്നു. ഇക്കാര്യത്തിൽ സർക്കാറിനോട് നടപടി സ്വീകരിക്കാൻ നിർദേശിച്ചിട്ട് തുടർനടപടിയൊന്നും ഉണ്ടായിട്ടില്ല. ഉദ്യോഗസ്ഥർ ഏകപക്ഷീയ നിലപാടാണ് സ്വീകരിക്കുന്നത് പ്രസിഡന്റ് ഫൈസൽ പള്ളിക്കണ്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.