കല്ലായി സ്റ്റേഷൻ പരിസരം ലഹരിത്താവളം
text_fieldsകോഴിക്കോട്: ബുധനാഴ്ച രാവിലെ ട്രെയിൻതട്ടി രണ്ടുപേർ മരിച്ച കല്ലായി റെയിൽവേ സ്റ്റേഷൻ പരിസരം സാമൂഹിക വിരുദ്ധരുടെയും ലഹരിക്കടിപ്പെട്ടവരുടെയും പ്രിയ താവളമാണെന്ന് പരിസരവാസികളുടെ പരാതി.
മൂന്നുപേർ ട്രാക്കിലിരുന്ന് മദ്യപിക്കവേ ട്രെയിൻ വരുന്നത് ശ്രദ്ധയിൽ പെടാതിരുന്നതാണ് അപകടകാരണമെന്ന് പൊലീസ് കരുതുന്നു. അപകടസ്ഥലത്ത് നിന്ന് ഗ്ലാസും കുപ്പിയും മറ്റും കണ്ടെടുത്തു. കൗമാരക്കാരടക്കം നിരവധി പേർ ലഹരിവസ്തുക്കൾക്കായി ഈ ഭാഗത്ത് തമ്പടിക്കുന്നുവെന്നാണ് ആരോപണം.
റോഡിൽനിന്ന് ഉയരത്തിലുള്ള റെയിൽവേ സ്റ്റേഷന്റെ വടക്കും തെക്കുമുള്ള റെയിലോരത്ത് ഇരു ഭാഗങ്ങളിലും കാടുമൂടിയതിനാൽ പുറത്തുനിന്ന് കാണാനാവാത്ത സ്ഥിതിയാണ്. കാടുപിടിച്ച ട്രാക്കിൽ പകലും രാത്രിയും പലരും തങ്ങുന്നു.
നേരത്തെ സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായ ക്വാർട്ടേഴ്സ് പൊളിച്ചുമാറ്റിയെങ്കിലും ട്രാക്കിനരികിലാണിപ്പോൾ ഇത്തരക്കാരുടെ താവളം. ഒറ്റപ്പെട്ട ഭാഗങ്ങളിൽ ചെറുസംഘങ്ങൾ കൂട്ടംകൂടുന്നു. അടുത്തുള്ള ജീർണിച്ച കെട്ടിടത്തിലും ആളുകൾ എത്തുന്നുണ്ട്. റെയിൽവേ സ്റ്റേഷന് സ്ഥലമുണ്ടെങ്കിലും പ്ലാറ്റ് ഫോമിന് നീളമില്ലാത്തതിനാൽ യാത്രക്കാർ ഏറെ ബുദ്ധിമുട്ടുന്നുണ്ട്.
പ്ലാറ്റ് ഫോം നീളം കൂട്ടിയാൽ ഒഴിഞ്ഞുകിടക്കുന്ന ഭാഗം ഉപയോഗപ്പെടുത്തുക വഴി ആവശ്യമില്ലാതെ ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കാനാവും. പ്ലാറ്റ്ഫോമിന് കുറച്ചുഭാഗം മാത്രമേ മേൽക്കൂരയുള്ളൂ. മതിയായ വിളക്കുകളും ഉച്ചഭാഷിണിയിലുള്ള അറിയിപ്പും കാന്റീനുമൊന്നും സ്റ്റേഷനിലില്ല. ചരിത്ര പ്രാധാന്യമുള്ള സ്റ്റേഷനോടുള്ള അവഗണനയും ഈ ഭാഗത്ത് ലഹരി ഉപയോഗിക്കുന്നവർ കൂട്ടംകൂടാൻ കാരണമായി പറയുന്നു.
മുമ്പ് സൗത്ത് ബീച്ച് ഭാഗത്തായിരുന്നു ലഹരി ഉപയോഗിക്കുന്നവർ ഒന്നിച്ചുകൂടിയിരുന്നത്. ബീച്ച് നവീകരിച്ച് ആളുകൾ എത്താൻ തുടങ്ങിയതോടെ പലരും താവളം കല്ലായിക്കുമാറ്റി. കല്ലായിക്കും കോഴിക്കോടിനുമിടയിലും അതിന് വടക്കോട്ടും ട്രാക്കിൽ നിറയെ കാടാണ്.
മാലിന്യം തള്ളാനുള്ള മറയായും ട്രാക്കിലെ കാട് മാറി. തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രം കൂടിയാണ് പല ഭാഗങ്ങളും. മുമ്പ് കല്ലായി ഭാഗത്തെ കാട്ടിൽനിന്ന് മൊബൈൽ ഫോണുകൾ, പവർ ബാങ്കുകൾ എന്നിവ കിട്ടിയിരുന്നു. ലഹരി വിൽപനക്കാരുടെ പ്രധാന ഒളിത്താവളങ്ങളിലൊന്നാണ് ട്രാക്ക്. തെക്കുഭാഗത്ത് പാളത്തിന് കുറുകെ ഫൂട്ട് ഓവർ ബ്രിഡ്ജുണ്ടെങ്കിലും സ്റ്റേഷനുമായി ബന്ധമില്ലാതെയാണ് നിർമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.