കല്ലായിപ്പുഴ കൈയേറിയതായി സർവേയിൽ കണ്ടെത്തൽ
text_fieldsപുഴ കൈയേറിയെന്ന കല്ലായിപ്പുഴ സംരക്ഷണ സമിതിയുടെ പരാതിയെ തുടർന്ന് കോർപറേഷൻ സർവേയറുടെ നേതൃത്വത്തിൽ കല്ലായിയിൽ നടത്തിയ പരിശോധന
കോഴിക്കോട്: കല്ലായി പാലത്തിന് സമീപത്തെ സ്വകാര്യ ഓഡിറ്റോറിയത്തിന് സമീപം പുഴ കൈയേറിയതായി സർവേയിൽ കണ്ടെത്തി. ഈ ഭാഗത്തെ നിർമാണം പുറമ്പോക്ക് ഭൂമിയിലാണെന്നാണ് വെള്ളിയാഴ്ച നടന്ന സർവേയിൽ കണ്ടെത്തിയത്.
കല്ലായിപ്പുഴ സംരക്ഷണ സമിതിയുടെ പരാതിയിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. എത്ര ഭൂമി കൈയേറിയെന്നതു സംബന്ധിച്ച കാര്യം വ്യക്തമായിട്ടില്ല. അത് കണക്കുകൂട്ടി വിശദ റിപ്പോർട്ട് താലൂക്ക് ഓഫിസിലും കോർപറേഷനിലും നൽകുമെന്ന് സർവേയർ ജിതേഷ് പറഞ്ഞു.
ചെയിൻ സർവേയർമാരായ എൻ.കെ. ഫെനുനാഥ്, അനിത്കുമാർ എന്നിവരും നടപടിക്ക് നേതൃത്വം നൽകി. കോർപറേഷൻ സർവേ വിഭാഗവും റവന്യൂ വിഭാഗവും നടത്തിയ പരിശോധനയിൽ പുഴ കൈയേറിയതാണെന്ന് കണ്ടെത്തിയിരുന്നു. 30 സെന്റോളം ഭൂമി പുഴ കൈയേറിയിട്ടുണ്ടെന്ന് നേരത്തേ കണ്ടെത്തിയിട്ടുണ്ടെന്ന് പുഴ സംരക്ഷണ സമിതി പ്രവർത്തകർ പറഞ്ഞു.
നേരത്തെ കൈയേറ്റ ഭൂമിയെന്നു കണ്ടെത്തി സർക്കാർ ഏറ്റെടുത്ത പുഴ ഭാഗത്താണ് ഇപ്പോൾ മണ്ണിട്ടു നികത്തിയതെന്ന് സമിതി ഭാരവാഹികൾ പറഞ്ഞു. വെള്ളിയാഴ്ച നടന്ന സർവ നടപടികൾ റിപ്പോർട്ട് ചെയ്യാനെത്തിയ പത്ര ഫോട്ടോഗ്രാഫർമാരെ ചിലർ തടയുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സർവേ നടക്കുന്ന സ്ഥലത്തേക്ക് പോകാൻ അനുവദിക്കാതെ തടയുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.