കണ്ടംകുളം ജൂബിലി ഹാൾ; മുഹമ്മദ് അബ്ദുറഹിമാന്റെ പേരിടുന്നതിന് പിന്തുണ
text_fieldsകോഴിക്കോട്: കണ്ടംകുളം ജൂബിലി ഹാളിന് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ സ്വാതന്ത്ര്യ സുവർണ ജൂബിലി ഹാൾ എന്ന് പേര് നൽകാനുള്ള കോർപറേഷൻ കൗൺസിൽ തീരുമാനത്തിന് മേയർ ഡോ. ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ കോർപറേഷൻ കൗൺസിൽ ഹാളിൽ ചേർന്ന വിവിധ രാഷ്ട്രീയ നേതാക്കളുടെയും പൗരപ്രമുഖരുടെയും യോഗം പൂർണ പിന്തുണ പ്രഖ്യാപിച്ചു.
അബ്ദുറഹിമാൻ സാഹിബിന്റെ പേര് മതവുമായി ബന്ധപ്പെടുത്തി വിവാദമാക്കുന്നത് അദ്ദേഹത്തെ നിന്ദിക്കലാണെന്നും കോഴിക്കോടിന്റെ മഹത്തായ മതേതര പാരമ്പര്യത്തിന് കളങ്കമുണ്ടാക്കുന്ന നടപടിയിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു.
അബ്ദുറഹിമാൻ സാഹിബിന്റെ പേരിടുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് പ്രസംഗിച്ച ബി.ജെ.പി ജില്ല പ്രസിഡന്റ് വി.കെ. സജീവൻ യോഗം പൂർത്തിയാവും മുമ്പേ വിയോജനക്കുറിപ്പ് നൽകി ബി.ജെ.പി കൗൺസിലർ നവ്യ ഹരിദാസിനൊപ്പം ഇറങ്ങിപ്പോയി.
ഹാളിന് പഴയ പേരുതന്നെ വേണമെന്ന് വി.കെ. സജീവൻ ആവശ്യപ്പെട്ടു. സ്വാതന്ത്ര്യ സുവർണജൂബിലി ഹാൾ ഒരു വ്യക്തിയുടെ മാത്രം സ്മാരകമാക്കരുത്. ഉപ്പു സത്യഗ്രഹം കേളപ്പജി തുടങ്ങിയത് തളിയിൽ വെച്ചാണ്. അങ്ങനെ നിരവധി നേതാക്കളുണ്ട്.
തളിയുടെ പേര് മാറ്റാൻ ശ്രമിക്കുന്നുവെന്നും സാമൂതിരി കുടുംബത്തെയും പ്രദേശവാസികളെയും യോഗത്തിന് വിളിച്ചില്ലെന്നും പ്രതിഷേധം സംഘടിപ്പിക്കുന്ന തളി പൈതൃകസംരക്ഷണ സമിതിയെ വിളിച്ച് പരിഹാരമുണ്ടാക്കണമെന്നും സജീവൻ ആവശ്യപ്പെട്ടു.
പങ്കെടുത്തവരെല്ലാം സംസാരിച്ചശേഷം ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ് മറുപടി പറയാൻ ശ്രമിച്ചപ്പോൾ ബി.ജെ.പി നേതാക്കൾ വിയോജനക്കുറിപ്പ് കൈമാറി ഇറങ്ങിപ്പോവുകയായിരുന്നു.
മുഹമ്മദ് അബ്ദുറഹിമാന്റെ പേര് ജൂബിലി ഹാളിന് തന്റെ കാലത്തുതന്നെ ഇടാനായില്ലെന്ന ദുഃഖമാണ് ഇപ്പോഴുള്ളതെന്ന് മുൻ മേയർ എം.എം. പത്മാവതി പറഞ്ഞു. കോഴിക്കോട്ട് ഇങ്ങനെയൊരു യോഗം വിളിക്കേണ്ടിവന്നതുതന്നെ നാണക്കേടായെന്ന് വിവിധ നേതാക്കൾ പറഞ്ഞു.
പെട്ടെന്നെടുത്ത തീരുമാനം അടിച്ചേൽപിച്ചതല്ലെന്ന് രേഖകൾ വായിച്ചുകൊണ്ട് ഡെപ്യൂട്ടി മേയർ അറിയിച്ചു. ഫെബ്രുവരി 28ന് കൗൺസിൽ പാർട്ടി നേതാക്കളുടെയും മാർച്ച് രണ്ടിന് കൗൺസിലിന്റെയും തീരുമാനപ്രകാരമായാണ് പേരിട്ടത്. ഡെപ്യൂട്ടി മേയറോ മറ്റാരെങ്കിലുമോ വിചാരിച്ചാൽ പേര് മാറ്റാനൊന്നുമാകില്ല.
മേയറുടെ അനുമതിയോടെയുള്ള സപ്ലിമെന്ററി അജണ്ടയോട് ആരും വിയോജിപ്പ് പോലും കാണിച്ചിട്ടില്ല. ജീവിതം രാജ്യത്തിന് സമർപ്പിച്ച അബ്ദുറഹിമാൻ സാഹിബിനെ പോലുള്ളവരുള്ളതിനാലാണ് സ്വാതന്ത്ര്യത്തിന്റെ ജൂബിലി ആഘോഷിക്കാനായതെന്നെങ്കിലും ഓർക്കണമെന്ന് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ പറഞ്ഞു.
മാൻഹോളിൽ പെട്ടവരെ രക്ഷിക്കാൻ ശ്രമിക്കവെ ഓട്ടോ തൊഴിലാളി വീണ് മരിച്ചതിന് തൊട്ടടുത്ത പാർക്കിനാണ് നൗഷാദിന്റെ പേര് നൽകുന്നത്. നേതാക്കളായ അഡ്വ. കെ. പ്രവീൺ കുമാർ, എം.എ. റസാഖ്, ടി.പി. ദാസൻ, മനയത്ത് ചന്ദ്രൻ, എം.പി. സൂര്യനാരായണൻ, പി.എം. നിയാസ്, കെ.സി. അബു, പി.ടി. ആസാദ്, പി. അസീസ് ബാബു, പാലക്കണ്ടി മൊയ്തീൻ അഹമ്മദ്, ടി.കെ.എ. അസീസ്, റാഫി പി. ദേവസ്യ, കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷർ തുടങ്ങിയവർ പങ്കെടുത്തു.
ഹാൾ ഉദ്ഘാടനം നാളെ
കോഴിക്കോട്: നവീകരണം പൂർത്തിയാക്കിയ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ സ്വാതന്ത്ര്യ സുവർണ ജൂബിലി ഹാൾ 29ന് വൈകീട്ട് അഞ്ചിന് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യുമെന്ന് മേയർ ഡോ. ബീന ഫിലിപ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. തൊട്ടടുത്ത നൗഷാദ് പാർക്കിന്റെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. മുഹമ്മദ് അബ്ദുറഹിമാന്റെ പടം മന്ത്രി അഹമ്മദ് ദേവർകോവിൽ അനാഛാദനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.