കാപ്പ പ്രതിയും കൂട്ടാളിയും എം.ഡി.എം.എയുമായി പിടിയിൽ
text_fieldsകോഴിക്കോട്: ആഡംബര ഹോട്ടലുകളിൽ മുറിയെടുത്ത് മയക്കുമരുന്ന് വിൽപന നടത്തുന്ന രണ്ട് യുവാക്കളെ അരയിടത്തുപാലം പരിസരത്തെ ഹോട്ടലിൽനിന്നു പിടികൂടി. 32 ഗ്രാം എം.ഡി എം.എയുമായി കൊടുവളളി സ്വദേശി എളേറ്റിൽ വട്ടോളി കരിമ്പാപൊയിൽ കെ.പി. ഫായിസ് മുഹമ്മദ് (26), ചേളന്നൂർ സ്വദേശി കണ്ണങ്കര പള്ളിയറപൊയിൽ ജാഫർ സാദിഖ് (27) എന്നിവരാണ് പിടിയിലായത്.
വിപണിയിൽ രണ്ട് ലക്ഷം രൂപ വരുന്ന എം.ഡി.എം.എയാണ് പിടികൂടിയത്. നടക്കാവ്, എരഞ്ഞിപ്പാലം, മാവൂർ റോഡ് ഭാഗങ്ങളിൽ കോളജ് വിദ്യാർഥികൾ ഉൾപ്പടെയുള്ള യുവതീ യുവാക്കൾക്കാണ് ഇവർ വിൽപന നടത്തുന്നത്.
നാർകോട്ടിക്ക് സെൽ അസി. കമീഷണർ ടി.പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും സബ് ഇൻസ്പെക്ടർ ബിനുമോഹന്റെ നേതൃത്വത്തിലുള്ള നടക്കാവ് പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ആവശ്യക്കാർ ഫോണിൽ വിളിക്കുമ്പോൾ നിശ്ചിത സ്ഥലം പറയുകയും ആഡംബര കാറുകളിൽ പോയി കൈമാറ്റം ചെയ്യുകയുമാണ് രീതി. ചില സമയങ്ങളിൽ മുറിയെടുക്കാതെ കാറിൽതന്നെ കിടന്നുറങ്ങുന്നതും പതിവാണ്.
റെന്റ് എ കാർ ബിസിനസ് കൂടി ഉള്ളതിനാൽ പല കാറുകളിൽ സഞ്ചരിക്കുന്നതാണ് പതിവ്. കോഴിക്കോട് കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവരുടെ നീക്കങ്ങൾ മനസ്സിലാക്കിയാണ് പൊലീസ് പ്രതികളെ പിടികൂടിയത്. രണ്ട് പേരും സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണ്.
പിടിയിലായ ഫായിസ് മുഹമ്മദിന് നേരത്തേ കാപ്പ കേസ് ചുമത്തിയിട്ടുണ്ട്. ജില്ലയിൽ പ്രവേശിക്കരുതെന്ന് വിലക്കുണ്ടായിട്ടും പൊലീസ് പിടിക്കില്ലെന്ന വിശ്വാസത്തിൽ മയക്കുമരുന്ന് കച്ചവടം നടത്തുകയായിരുന്നു. ബാലുശ്ശേരി സ്റ്റേഷനിൽ രണ്ട് മയക്കുമരുന്ന് കേസും കൊടുവള്ളി, താമരശ്ശേരി സ്റ്റേഷനുകളിൽ അടിപിടി കേസും നിലവിലുണ്ട്.
ജാഫർ സാദിഖിന്റെ പേരിൽ ബാലുശ്ശേരി സ്റ്റേഷനിൽ മയക്കുമരുന്ന് കേസുണ്ട്. നടക്കാവ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിജീഷ്, ഡാൻസാഫിലെ സബ് ഇൻസ്പെക്ടർ മനോജ് ഇടയേടത്ത്, എ.എസ്.ഐ കെ. അബ്ദുറഹ്മാൻ, കെ. അഖിലേഷ്, ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, അർജുൻ അജിത്ത് എന്നിവരും നടക്കാവ് സ്റ്റേഷനിലെ എസ്.ഐ എൻ. പവിത്രകുമാർ, എസ്.സി.പി.ഒ മാരായ കെ. ഷിജിത്ത്, വി.കെ. ജയേഷ്, കെ. രജ്ഞിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.