ബ്ലൂ ഫ്ലാഗ് പദവി: കാപ്പാടിന് കടലോളം അഭിമാനം
text_fieldsകോഴിക്കോട്: ചരിത്രമുറങ്ങുന്ന കാപ്പാട് ബീച്ചിന് അഭിമാന നേട്ടമായി ബ്ലൂ ഫ്ലാഗ് പദവി. ഡെന്മാർക്ക് ആസ്ഥാനമായ ഫൗണ്ടേഷൻ ഓഫ് എൻവയൺമെൻറൽ എജുക്കേഷൻ നൽകുന്ന ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷന് പരിസ്ഥിതി സൗഹൃദവും സുരക്ഷ സംവിധാനമുള്ളതും ഭിന്നശേഷി സൗഹൃദപരവുമായ ബീച്ചുകളെയാണ് പരിഗണിക്കുന്നത്. പരിസ്ഥിതി സൗഹൃദപരമായ നിർമിതികൾ, കുളിക്കുന്ന കടൽ വെള്ളത്തിെൻറ ഗുണമേന്മ ഉറപ്പുവരുത്തുന്നതിന് നിരന്തര പരിശോധന, സുരക്ഷ മാനദണ്ഡങ്ങൾ, പരിസ്ഥിതി അവബോധം, ശാസ്ത്രീയമായ മാലിന്യ സംസ്കരണം, ഭിന്നശേഷി സൗഹൃദമായ പ്രവേശനം തുടങ്ങി 30ലധികം മാനദണ്ഡങ്ങളാണ് പരിഗണിച്ചത്.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു കടപ്പുറത്തിന് ബ്ലൂ ഫ്ലാഗ് പദവി ലഭിക്കുന്നത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന എസ്.ഐ.സി.ഒ.എം (സൊസൈറ്റി ഓഫ് ഇൻറഗ്രേറ്റഡ് കോസ്റ്റൽ മാനേജ്മെൻറ്) ആണ് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷന് വേണ്ടി കാപ്പാട് ബീച്ചിനെ ഇന്ത്യയിൽനിന്ന് നിർദേശിച്ചത്. കോഴിക്കോട് ജില്ലയിൽനിന്നടക്കം നിരവധി ബീച്ചുകൾ അപേക്ഷിച്ചിരുന്നു. ബ്ലൂ ഫ്ലാഗ് ലഭിക്കുന്നതിനാവശ്യമായ പ്രവൃത്തികൾ കാപ്പാട് ബീച്ചിൽ പൂർത്തീകരിച്ചെന്ന് വിളംബരം ചെയ്യുന്നതിനായി ബീച്ചിൽ 'അയാം സേവിങ് മൈ ബീച്ച്' പതാക ഉയർത്തിയിരുന്നു.
ബീച്ചിൽ വിവിധ വികസന പ്രവൃത്തികളാണ് നടത്തിയത്. കൊയിലാണ്ടി എം.എൽ.എ കെ. ദാസൻ ചെയർമാനും ജില്ല കലക്ടർ നോഡൽ ഓഫിസറായും ഉള്ള ബീച്ച് മാനേജ്മെൻറ് കമ്മിറ്റി ആണ് പ്രവൃത്തികൾക്ക് നേതൃത്വം നൽകിയത്.
ഈ പ്രവൃത്തിക്കായി കേന്ദ്ര സർക്കാർ എട്ട് കോടിയോളം രൂപ നൽകിയിരുന്നു. ഡൽഹി ആസ്ഥാനമായ എ ടു ഇസഡ് ഇൻഫ്രാസ്െട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് നിർമാണ പ്രവൃത്തികൾ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.