കാപ്പാട്-കൊയിലാണ്ടി റോഡ് പുനർ നിർമാണം; പാത ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തം
text_fieldsകൊയിലാണ്ടി: കാപ്പാട്-കൊയിലാണ്ടി തീരദേശ പാത ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ശക്തമാവുന്നു. വിനോദ സഞ്ചാര കേന്ദ്രമായ കാപ്പാട് ബീച്ചിലേക്കും തിരിച്ച് കൊയിലാണ്ടി ഹാര്‍ബറിലേക്കുമുളള പാതയാണ് മാസങ്ങളായി തകര്‍ന്ന നിലയിലുള്ളത്. കാപ്പാട് തുവ്വപ്പാറക്കു സമീപം ഒരു കാര്‍ കടന്നുപോകാനുളള വഴി മാത്രമാണ് ഇപ്പോഴുള്ളത്.
ഇവിടെ റോഡ് മുക്കാല്‍ ഭാഗത്തോളം കഴിഞ്ഞ സീസണിൽ കടലെടുത്തിരിക്കുകയാണ്. തുവ്വപ്പാറ മുതല്‍ പൊയില്‍ക്കാവ് ബീച്ച് വരെയും ഇതേ സ്ഥിതിയാണ്. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണത്തിലുളള പൊതു ശ്മശാനത്തിനു മുന്നിലും റോഡ് പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. കടലാക്രമണത്തെതുടര്‍ന്ന് നാല് വര്‍ഷത്തിലേറെയായി ഈ അവസ്ഥയിലാണ് പാത.
കൊയിലാണ്ടിയില്‍നിന്ന് കാപ്പാട് വിനോദസഞ്ചാര കേന്ദ്രത്തിലെത്താനുള്ള എളുപ്പ മാര്‍ഗമാണിത്. ഹാര്‍ബര്‍ എൻജിനീയറിങ് വകുപ്പിനാണ് റോഡ് ഗതാഗത യോഗ്യമാക്കേണ്ട ചുമതല. എന്നാല്‍, തകര്‍ന്നുകിടക്കുന്ന കടല്‍ ഭിത്തി പുനര്‍ നിർമിച്ചെങ്കില്‍ മാത്രമേ റോഡ് നന്നാക്കുന്നതുകൊണ്ട് പ്രയോജനം കിട്ടുകയുള്ളൂവെന്നാണ് ഹാര്‍ബര്‍ എൻജിനീയറിങ് വകുപ്പ് അധികൃതര്‍ പറയുന്നത്. കടല്‍ ഭിത്തി ശക്തിപ്പെടുത്തിയില്ലെങ്കില്‍ ജൂണ്‍, ജൂലൈ മാസത്തില്‍ അനുഭവപ്പെടുന്ന ശക്തമായ കടലാക്രമണത്തില്‍ റോഡ് വീണ്ടും തകരുകയും റോഡ് നന്നാക്കാന്‍ ഉപയോഗിച്ച തുക പാഴായി പോകുകയും ചെയ്യും.
ഈ ഭാഗത്ത് രണ്ടര കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ കുറച്ചുകൂടി പൊക്കത്തില്‍ കടല്‍ ഭിത്തി പുനര്‍ നിർമിക്കാന്‍ ആറ് കോടി രൂപ അനുവദിച്ചിട്ടുണ്ട്. മേജര്‍ ഇറിഗേഷന്‍ വകുപ്പിനാണ് ഇതിന്റെ മേല്‍നോട്ട ചുമതല. കാപ്പാട് തുവ്വപ്പാറ മുതല്‍ ഹാര്‍ബര്‍ വരെ ആറ് കിലോമീറ്ററോളം ദൈര്‍ഘ്യത്തിലാണ് തീരപാത തകര്‍ന്നുകിടക്കുന്നത്.
രണ്ടര വര്‍ഷത്തിനുളളില്‍ തുടര്‍ച്ചയായുണ്ടായ കടലേറ്റത്തെത്തുടര്ന്നാണ് കാപ്പാട്-കൊയിലാണ്ടി തീരപാത പൂര്‍ണമായി തകര്‍ന്നത്. കടലാക്രമണം ഏറ്റവും രൂക്ഷമായ സംസ്ഥാനത്തെ 10 ഹോട്ട് സ്പോട്ടുകളിലൊന്നാണ് ഇവിടെ. എം.എൽ.എയുടെ നേതൃത്വത്തിൽ വകുപ്പു മേധാവികൾ പരിഹാരം ആരാഞ്ഞ് നിരവധി തവണ സന്ദർശനം നടത്തിയിരുന്നു. മന്ത്രി മുഹമ്മദ് റിയാസും ഇവിടെ സന്ദർശിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.