കാപ്പാട് പൊതുശ്മശാനം പ്രവർത്തനം നിലച്ചു
text_fieldsകൊയിലാണ്ടി: ചേമഞ്ചേരി പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ കാപ്പാട് പ്രവർത്തിക്കുന്ന പൊതുശ്മശാനം, കുട്ടികളുടെ പാർക്ക്, പഞ്ചായത്ത് നിർമിച്ച റിഫ്രഷ്മെന്റ് സ്റ്റാൾ എന്നിവയുടെ പ്രവർത്തനം നിലച്ചതായി പരാതി.
ലക്ഷക്കണക്കിന്ന് രൂപ ചെലവഴിച്ച് നിർമിച്ച ഇവയെല്ലാം പഞ്ചായത്ത് വിലകൊടുത്ത് വാങ്ങിയ ഭൂമിയിൽ സമീപത്തായാണ് നിലകൊള്ളുന്നത്. വൻ തുക ചെലവിട്ട് സ്വന്തമായി നിർമിച്ച വാതകശ്മശാനം വിശ്രാന്തി എന്ന പേരിലാണ് അറിയപ്പെടുന്നത്.
ശവമടക്കിന് സ്വന്തമായി ഭൂമിയില്ലാത്തവരുൾപ്പെടെ ഏറെ പേർക്ക് പ്രയോജനകരമായ പദ്ധതിയായിരുന്നു ഇത്. കോവിഡ് കാലത്ത് മാത്രം നൂറിൽപരം മൃതദേഹങ്ങൾ ഇവിടെ മറവ് ചെയ്തിരുന്നു. ഇപ്പോൾ പ്രവർത്തനം നിലച്ചു. നേരത്തെ, ലേലത്തിന് നൽകിയായിരുന്നു പ്രവർത്തനം മുന്നോട്ട് കൊണ്ടുപോയിരുന്നത്. 4000 രൂപയാണ് ഒരാളുടെ സംസ്കരണ ഘട്ടത്തിൽ ഇവിടെ ചാർജായി ഈടാക്കിയിരുന്നത്. വാതകമുപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. എന്നാൽ, ഗ്യാസിന്റെ ക്രമാതീതമായ വിലവർധന കാരണം 4500 രൂപയോളം ചെലവഴിക്കേണ്ടി വരുന്നുണ്ട്. നഷ്ടം കാരണം ലേലത്തിനെടുക്കാൻ ആരും വരാതാവുകയായിരുന്നു. ഇപ്പോൾ ഒരു സ്വയംസഹായ സംഘത്തിന് നടത്തിപ്പ് നൽകിയിരിക്കുകയാണ്.
ഇതിന് സമീപത്താണ് കുട്ടികൾക്കുള്ള പാർക്കും പണിതത്. ശ്മശാനം പ്രവർത്തനമാരംഭിച്ചതോടെ കുട്ടികളുടെ വരവ് തീരെ നിലക്കുകയും വൻ തുക ഈ ഇനത്തിൽ നഷ്ടമാവുകയുമായിരുന്നു. ഇതോടൊപ്പം നിർമിച്ച് വാടകക്ക് നൽകിയ റിഫ്രഷ്മെൻറ് കെട്ടിടവും അടച്ചുപൂട്ടേണ്ടിവന്നു.
ശവമടക്കൽ ചൂളക്ക് സമീപം പാർക്കും റിഫ്രഷ്മെൻറ് സ്റ്റാളും പണിയരുതെന്ന് അന്നത്തെ പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും പരിഗണിച്ചില്ലെന്ന പരാതിയുണ്ട്.
ശവമടക്കൽ ചൂളയിലേക്കുള്ള വഴിയിൽ പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞുകിടക്കുന്നതായും പരാതിയുണ്ട്. കോമ്പൗണ്ടിലെ കിണറിൽ വെള്ളമില്ലാത്തതാണ് ശ്മശാനം പ്രവർത്തിപ്പിക്കാൻ തടസ്സമാവുന്നതത്രെ. അതേസമയം, ശ്മശാനത്തിന്റെ പ്രവൃത്തി നിലച്ച വിവരം ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് ചേമഞ്ചരി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.