കക്കയം കരിയാത്തൻപാറ പുഴയിൽ കാട്ടാനയുടെ ജഡം
text_fieldsബാലുശ്ശേരി: കക്കയം കരിയാത്തൻപാറ പുഴയിൽ കാട്ടാനയുടെ ജഡം കണ്ടെത്തി. കക്കയം ഉരക്കുഴി വെള്ളച്ചാട്ടത്തിെൻറ അടിഭാഗം വരുന്ന കരിയാത്തൻപാറ പുഴയുടെ കമ്പകപ്പാറ ഭാഗത്ത് ഇന്നലെ വൈകീട്ടോടെയാണ് ജീർണിച്ച നിലയിൽ കാട്ടാനയുടെ ജഡം കണ്ടത്. പുഴയിലെ പാറക്കല്ലുകൾക്കിടയിൽ കുടുങ്ങിയ നിലയിലായിരുന്നു ജഡം.
കഴിഞ്ഞയാഴ്ച കനത്ത മഴയെ തുടർന്ന് ഡാമിെൻറ ഷട്ടർ മൂന്നു മീറ്ററോളം തുറന്നിരുന്നു. ഇതേതുടർന്നുണ്ടായ വെള്ളത്തിെൻറ ശക്തമായ ഒഴുക്കിൽപ്പെട്ടാകാം കാട്ടാന കൊല്ലപ്പെട്ടതെന്നാണ് സംശയിക്കുന്നത്. ഷട്ടർ അടയ്ക്കുകയും മഴയുടെ ശക്തി കുറയുകയും ചെയ്ത് പുഴയിലെ വെള്ളം താഴ്ന്നതോടെയാണ് കാട്ടാനയുടെ ജഡം കണ്ടത്. ദുർഗന്ധം കാരണം സമീപവാസികൾ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.
ഇതേതുടർന്ന് ഇന്നലെ വൈകീട്ടോടെ പെരുവണ്ണാമൂഴി ഡെപ്യൂട്ടി റേഞ്ചർ ശ്രീജിത്ത്, സെക്ഷൻ ഫോറസ്റ്റർമാരായ ഗണേശ് ബാബു, എം.ഡി. മോഹനൻ, കെ. അബ്ദുൽ ഗഫൂർ എന്നിവർ സ്ഥലത്തെത്തി പരിശോധിച്ചു. ഏകദേശം 50 വയസ്സുള്ള മോഴയാനയാണെന്നാണ് സംശയമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കൂടുതൽ പരിശോധനയും പോസ്റ്റ്മോർട്ടവും താമരശ്ശേരി അസി. ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. അരുൺ സത്യെൻറ നേതൃത്വത്തിൽ ഇന്ന് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.