Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫൈനലിൽ എ.ടി.കെയെ...

ഫൈനലിൽ എ.ടി.കെയെ കിട്ടണമെന്ന് ആരാധകർ; ആവേശ വിജയത്തിൽ മഞ്ഞക്കടലിരമ്പം

text_fields
bookmark_border
ഫൈനലിൽ എ.ടി.കെയെ കിട്ടണമെന്ന് ആരാധകർ; ആവേശ വിജയത്തിൽ മഞ്ഞക്കടലിരമ്പം
cancel
camera_alt

മ​ഡ്ഗാ​വി​ല്‍ ന​ട​ക്കു​ന്ന ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ലീ​ഗ് സെ​മി​യി​ലെ ര​ണ്ടാം​പാ​ദ മ​ത്സ​ര​ത്തി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് ജാം​ഷ​ഡ്പു​ര്‍ എ​ഫ്.​സി​യെ നേ​രി​ടു​മ്പോ​ള്‍ കോ​ഴി​ക്കോ​ട് ബീ​ച്ചി​ലെ ഫാ​ന്‍പാ​ര്‍ക്കി​ല്‍ ബ്ലാ​സ്റ്റേ​ഴ്‌​സി​നാ​യി ആ​ര​വ​ങ്ങ​ള്‍ മു​ഴ​ക്കു​ന്ന ആ​രാ​ധ​ക​ര്‍ - ചി​ത്രം : കെ. ​വി​ശ്വ​ജി​ത്ത്

കോഴിക്കോട്: പതിവിലേറെ ശാന്തമായ അറബിക്കടലി‍െൻറ ഓരത്ത് മറ്റൊരു കടലിരമ്പി. മലയാളത്തി‍െൻറ സ്വന്തം കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐ.എസ്.എൽ) സെമിയിൽ ജാംഷഡ്പുർ എഫ്.സിയെ കീഴടക്കിയപ്പോൾ മഞ്ഞക്കടലേറ്റത്തിൽ കടപ്പുറം കോരിത്തരിച്ചു.

കോഴിക്കോടി‍െൻറ ഫുട്ബാൾ പ്രേമികൾ ഒത്തുചേർന്നതോടെ കടപ്പുറത്ത് ആവേശ തിരയടിച്ചു. ഐ.എസ്.എൽ സെമിഫൈനലിൽ ആരാധകർക്കായി ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ഏഥർ ഒരുക്കിയ ഫാൻ പാർക്കിൽ സ്ത്രീകളും കുട്ടികളുമടക്കം ഒഴുകിയെത്തി. ബ്ലാസ്റ്റേഴ്സി‍െൻറ മഞ്ഞ ജഴ്സിയുമണിഞ്ഞാണ് പലരും കളി കാണാൻ അണിനിരന്നത്. മലയാളി സൂപ്പർ താരം സഹൽ അബ്ദുൽ സമദിന് ആദ്യ ഇലവനിൽ സ്ഥാനമില്ലെന്നറിഞ്ഞതി‍െൻറ നിരാശയും പലരും പ്രകടിപ്പിച്ചു.

ആദ്യ മിനിറ്റിൽതന്നെ ബ്ലാസ്റ്റേഴ്സ് താരം വാസ്ക്വസ് മികച്ച അവസരം അവിശ്വസനീയമായി തുലച്ചത് ആരാധകർക്ക് നിരാശയുണ്ടാക്കി. പിന്നീടും കോഴിക്കോട്ടുകാരൻ ടി.പി. രേഹനേഷിനെ നിരന്തരം മഞ്ഞക്കൊമ്പന്മാർ പരീക്ഷിക്കാൻ തുടങ്ങിയതോടെ ഫാൻ പാർക്കിലും പിന്തുണയുടെ കൈയടിയുയർന്നു. 10ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സി‍െൻറ പെരേര ഡയസ് പന്ത് വലയിലെത്തിയെങ്കിലും ഓഫ് സൈഡ് വിളിച്ചതോടെ ആരവം നിശ്ശബ്ദതയിലേക്ക് മാറി.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ ആരാധകർക്ക് പുറമേ, ബീച്ചിൽ സായാഹ്നം ആഘോഷിക്കാനെത്തിയവരും ബീച്ച് ഫ്രീഡം സ്ക്വയർ സ്റ്റേജിൽ സ്ഥാപിച്ച സ്ക്രീനിൽ മത്സരം കാണാനുണ്ടായിരുന്നു. 18ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് നായകൻ അഡ്രിയാൻ ലൂണയുടെ ഗോൾ പിറന്നപ്പോൾ അയ്യായിരത്തോളം കണ്ഠങ്ങളിൽനിന്ന് സന്തോഷാർപ്പുവിളികളുയർന്നു. എന്നാൽ, ജാംഷഡ്പുരി‍െൻറ നൈജീരിയൻ താരം ഡാമിയൽ ചീമ ചുക്ക്വുവി‍െൻറ ഷോട്ടിൽ പന്ത് വലയിൽ കയറിയപ്പോൾ കടപ്പുറം നിശ്ശബ്ദമായി. പിന്നാലെ, ഓഫ് സൈഡാണെന്ന് തെളിഞ്ഞപ്പോൾ ആരാധകരുടെ മനവും തെളിഞ്ഞു.

രണ്ടാം പകുതിയിലും ആവേശത്തിനും ഓളത്തിനും കുറവുണ്ടായില്ല. 50ാം മിനിറ്റിലെ പ്രണോയ് ഹാൽദറി‍െൻറ ഗോളിൽ ജാംഷഡ്പുർ തിരിച്ചടിച്ചെങ്കിലും ആദ്യപാദത്തിലെ ലീഡ് ആരാധകർക്ക് കരുത്തായി. എതിരാളികളുടെ ആക്രമണ തിരമാലകളെ പ്രതിരോധത്തി‍െൻറ കടൽഭിത്തി കെട്ടി ബ്ലാസ്റ്റേഴ്സ് ഇരുപാദങ്ങളിലുമായി 2-1ന് കലാശക്കളിയിലേക്ക് കുതിച്ചപ്പോൾ ഫാൻപാർക്ക് ഇളകി മറിഞ്ഞു. ഫൈനലിൽ എ.ടി.കെയെ കിട്ടണമെന്നും ചില പഴയ കണക്കുകൾ തീർക്കാനുണ്ടെന്നും കളികഴിഞ്ഞ് മടങ്ങുമ്പോൾ ആരാധകർ അഭിപ്രായപ്പെട്ടു. പുതിയപാലം ഫാസ്കോ ആഭിമുഖ്യത്തിലുള്ള ബിഗ്സ്ക്രീൻ പ്രദർശനം കാണാനും കളിപ്രേമികൾ കൂട്ടമായെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blasterskozhikode beachISL Semi
News Summary - kerala blasters fans united in kozhikode beach to see ISL semi matc
Next Story