സംസ്ഥാന സ്കൂൾ കലോത്സവം: വേദനക്കപ്പുറമാണീ ചിലങ്കക്കിലുക്കം
text_fieldsകൊല്ലം: ചിലങ്കയണിഞ്ഞ കാലിലെ വേദന നേഹയുടെ മനസ്സിനെ ഒട്ടും തളർത്തിയില്ല. കുച്ചിപ്പുടി വേദിയിൽ മകൾ കുഴഞ്ഞു വീഴുന്നത് നിറകണ്ണുകളോടെ കാണേണ്ടിവരുമെന്ന് ഭയന്ന അനിൽ കുമാറിന്റെയും സരിതയുടെയും പേടിയും ഇതോടെ മാറി. പൊട്ടിക്കരയേണ്ടി വരുമെന്ന് കരുതിയവർ മകളുടെ നടന ചാരുതക്ക് മുന്നിൽ നിറമനസ്സോടെ കൈയടിച്ചു. ജില്ല കലോത്സവത്തിൽ മത്സരം കഴിഞ്ഞപാടെ മകൾ കാലിലെ വേദന സഹിക്കാനാവാതെ വീണുപോയതിന്റെയും ആശുപത്രിയിലെത്തിച്ച് സൂചിമുനയിലൂടെ മരുന്നിറക്കിയതിന്റെയുമെല്ലാം നടുക്കുന്ന ഓർമകളായിരുന്നു മാതാപിതാക്കളെ കുച്ചിപ്പുടി വേദിയിലും ഭയപ്പെടുത്തിയത്.
ഒന്നര വർഷം മുമ്പ് നൃത്തം പരിശീലിക്കവെ വേദിയിൽ ചുവടുതെറ്റി വീണ് വലതു കാലിന്റെ ലിഗ്മെന്റ് പൊട്ടിയതാണ് സിൽവർ ഹിൽസ് എച്ച്.എസ്.എസിലെ നേഹ നായരുടെ കലാജീവിതത്തിലെ കറുത്ത അധ്യായമായത്. ചികിത്സിച്ച ഡോക്ടർ വർഷങ്ങളോളം നൃത്തത്തിൽനിന്ന് വിട്ടുനിൽക്കേണ്ടി വരുമെന്ന് പറഞ്ഞത് കരിനിഴലായി. എങ്കിലും പ്രതീക്ഷയുടെ വെള്ളിവെളിച്ചത്തിൽ നേഹ മുന്നോട്ടു പോയി. കോഴിക്കോട് ആസ്റ്റർ ഓർത്തോയിലെ ഡോ. സുഹാസാണ് ആത്മവിശ്വാസം പകർന്നത്. ആഴ്ചയിൽ രണ്ടുതവണ കാലിന് ഫിസിയോതെറപ്പി ചെയ്യുകയാണിപ്പോൾ. നൃത്തമാടുമ്പോൾ വേദന കൂടുന്നതിനാൽ ബാൻഡേജ് ചുറ്റിയാണ് കളിച്ചത്. മൂന്നാം വയസ്സുതൊട്ട് നൃത്തം പഠിക്കുന്ന നേഹ കഴിഞ്ഞ വർഷം സി.ബി.എസ്.ഇ കലോത്സവത്തിൽ കുച്ചിപ്പുടിയിൽ ഒന്നാമതെത്തിയിരുന്നു. ഇത്തവണ കുച്ചിപ്പുടിക്കു പുറമെ, ഗ്രൂപ് ഡാൻസിനും എ ഗ്രേഡ് ലഭിച്ചു. നൃത്തം ചെയ്യുന്ന ദേവി അലമേലു മങ്കയെയാണ് നേഹ അവതരിപ്പിച്ചത്. വിനീത് കുമാറാണ് ഗുരു.
വേദനകളെ കുടഞ്ഞെറിയാൻ മഹ്ഫൂസ് പാടിക്കൊണ്ടിരിക്കുന്നു...
കൊല്ലം: വേദനയുടെയും ദുഃഖത്തിന്റെയും കറുത്ത വരികളാണ് മഹ്ഫൂസിന്റെ പാട്ടുകളിൽ നിന്നുതിരുന്നത്, കുഞ്ഞുന്നാളിലേ കൂടെക്കൂടിയ നിരാശാഭരിതരായ ഈ കൂട്ടുകാർ എത്ര പാടിയിട്ടും മഹ്ഫൂസിൽനിന്ന് വേർപിരിയുന്നില്ല, ജീവിതത്തിൽ എപ്പോഴെങ്കിലും പ്രതീക്ഷയുടെ വെള്ളിവെളിച്ചം കാണുമെന്ന് പ്രതീക്ഷിക്കാൻപോലും ഇവനാകുന്നില്ല. എന്നാൽ, മധുരമനോഹരമായ ശബ്ദത്തിൽ മഹ്ഫൂസ് പാടിക്കൊണ്ടിരിക്കുന്നു.
കോഴിക്കോട് ഫറോക്ക് ഗണപതി ജി.വി.എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് മഹ്ഫൂസ് റിയാൻ. ഏതു മത്സരത്തിൽ പങ്കെടുത്താലും ഒന്നാമതെത്തുന്ന ഈ 15കാരൻ ഹൈസ്കൂൾ വിഭാഗം മാപ്പിളപ്പാട്ട് മത്സരത്തിലും എഗ്രേഡ് നേടി. മോയിൻകുട്ടി വൈദ്യരുടെ ഉഹ്ദ് കിസയിലെ ‘അടലിടയിൽ എമ്പിയനേ, അർഷരണിൽ തന്ത സെയ്ഫ് അധികമേ ഉശങ്കിയതുമായ്’ എന്ന പാട്ടാണ് പാടിയത്. കുഞ്ഞിലേ തന്നെയും സഹോദരനെയും മാതാവിനെയും പിതാവ് ഉപേക്ഷിച്ചു പോയതിനെ തുടർന്ന് ബന്ധുക്കളുടെ തണലിലായിരുന്നു വിദ്യാഭ്യാസം. വാടക വീട്ടിൽ കഴിയുന്ന മഹ്ഫൂസ് റിഹാന് ഒറ്റ സ്വപ്നം മാത്രമാണുള്ളത്. പാട്ടിലൂടെ ഒരു വീട്. നഷ്ടപ്പെട്ട സന്തോഷങ്ങൾ തിരിച്ചുപിടിക്കണമെന്ന് ഈ കൊച്ചുമിടുക്കന് ആഗ്രഹമുണ്ട്.
അഞ്ചാം ക്ലാസ് മുതൽ മാപ്പിളപ്പാട്ടുകൾ പാടുമായിരുന്നു. യൂട്യൂബിൽ പാടിയ പറുദീസയിലെ മുല്ലക്ക് 13 ദശലക്ഷം കാഴ്ചക്കാരെ ലഭിച്ചിരുന്നു. സഹോദരൻ സിനാനും സംസ്ഥാന കലോത്സവത്തിൽ ഗ്രേഡ് നേടിയിട്ടുണ്ട്. പുതിയ തലമുറ എഴുത്തുകാരുടെ മാപ്പിളപ്പാട്ടുകളായിരുന്നു മത്സരാർഥികളിൽ ഭൂരിഭാഗവും പാടിയത്. ബദറുദ്ദീൻ പാറന്നൂർ, ഹംസ നരേക്കാവ്, ഫസൽ കൊടുവള്ളി, ഒ.എം. കരുവാരക്കുണ്ട് എന്നിവരുടെ മാപ്പിള ഗാനങ്ങളായിരുന്നു. ഓരോ പാട്ടും ഒന്നിനൊന്ന് മെച്ചപ്പെട്ടതായതിനാൽ എല്ലാവരും നന്നായി പാടിയെന്ന് വിധികർത്താക്കളും അഭിപ്രായപ്പെട്ടു.
നന്മണ്ടക്ക് അഭിമാനമായി യദുകൃഷ്ണ റാം ‘കുമരു’ വേഷത്തിൽ മികച്ച നടനിലേക്ക്
നന്മണ്ട: 62ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നാടക മത്സരത്തിലൂടെ നന്മണ്ടയിലേക്ക് എത്തിയത് മികച്ച നടൻ. ഹയർ സെക്കൻഡറിതല നാടക മത്സരത്തിൽ ‘കുമരു’ ആയി അരങ്ങിലെത്തിയ യദു കൃഷ്ണ റാം എന്ന ചീക്കിലോട്ടുകാരനാണ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. ‘കുമരു’വിനെ പരുവപ്പെടുത്തിയതും മറ്റൊരു നന്മണ്ടക്കാരൻ. നന്മണ്ടയിലെ മണ്ണാംപൊയിൽ സ്വദേശിയായ പി.എസ്. നിവേദാണ് നാടകത്തിന്റെ സംവിധാനം നിർവഹിച്ചത്.
കോഴിക്കോട് ജില്ലയെ പ്രതിനിധാനംചെയ്ത് കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ടീം അവതരിപ്പിച്ച എമിൽ മാധവിയുടെ ‘കുമരു’ എന്ന കൃതിയുടെ സ്വതന്ത്ര നാടക ആവിഷ്കാരമായ കുമരു നാടകമാണ് സംസ്ഥാന കലോത്സവം നാടകം മത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയത്.
ഈ നാടകത്തിൽ കുമരുവായി വേഷമിട്ട യദുകൃഷ്ണ റാം മികച്ച നടനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
കോക്കല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ ചീക്കിലോട് ഉദയ വായനശാലക്ക് സമീപം ശ്രീശിവത്തിൽ താമസിക്കുന്ന രാമചന്ദ്രൻ മാസ്റ്ററുടെയും സിവിൽ സ്റ്റേഷൻ ജീവനക്കാരി ഹിമയുടെയും മകനാണ് യദുകൃഷ്ണ റാം. കോക്കല്ലൂർ ഹയർ സെക്കൻഡറിയിൽ പ്ലസ് വൺ സയൻസ് വിദ്യാർഥിയാണ്.
ചെണ്ടമേളത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്
കൊയിലാണ്ടി: മേളം കൊട്ടിക്കയറി, ചെണ്ടമേളത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആസ്വാദകരുടെ മനംകവർന്ന് ചെണ്ടമേളത്തിൽ കുത്തക നിലനിർത്തി. നേരത്തേ ഹയർ സെക്കൻഡറി വിഭാഗത്തിലും കൊയിലാണ്ടി ജി.വി.എച്ച്.എസ് വിദ്യാർഥികൾ എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു. കുട്ടികൾ കൊട്ടിക്കയറിയപ്പോൾ ആസ്വാദകർക്ക് ആവേശമായി.
സബ് ജില്ലയിൽ അപ്പീൽ മുഖാന്തരമാണ് ജില്ല കലോത്സവത്തിൽ പങ്കെടുത്തത്. അവിടെ നിന്നും നേരിട്ട് സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. കഴിഞ്ഞ 20 വർഷമായി നേടി വരുന്ന വിജയം പതിവുതെറ്റിക്കാതെ ചെണ്ടമേളത്തിലെ കുത്തക നിലനിർത്തി കുട്ടികൾ വിജയക്കൊടി നാട്ടുകയായിരുന്നു.
മറ്റ് വിദ്യാലയങ്ങൾ പതിനായിരങ്ങൾ നൽകി കുട്ടികൾക്ക് പരിശീലനം നൽകുമ്പോൾ കഴിഞ്ഞ 20 വർഷമായി കളിപ്പുരയിൽ രവീന്ദ്രൻ ശ്രീലകം ആണ് ജി.വി.എച്ച്.എസ്.എസിനു വേണ്ടി ഒരു പ്രതിഫലവുമില്ലാതെ ചെണ്ടമേളത്തിനായി തയാറെടുപ്പിക്കുന്നത്.
കൊരയങ്ങാട് വാദ്യസംഘത്തിലെ വാദ്യക്കാരാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്.
ഇന്ന് ഈ കഥയല്ലേ പറയേണ്ടത്
കൊല്ലം: ‘ഇന്നത്തെ കാലത്ത് ഈ കഥയല്ലേ ഞങ്ങൾ പറയേണ്ടത്’ സമയപ്രായക്കാർ പോലും ലഹരിക്കടിപ്പെടുന്ന ഈ ദുഷിച്ച കാലത്ത് രാസലഹരി ഉപയോഗം കാരണം സ്വന്തം അമ്മയോടുപോലും അരുതായ്മ കാണിക്കുന്ന അവസ്ഥ ഞങ്ങളല്ലാതെ മറ്റാര് പറയുമെന്നാണ് മേമുണ്ട എച്ച്.എസ്.എസിന്റെ മിടുക്കർ ചോദിക്കുന്നത്.
ആ ദുരവസ്ഥ പറഞ്ഞ് എച്ച്.എസ്.എസ് മൂകാഭിനയത്തിൽ സംസ്ഥാന വേദിയിൽ വിധികർത്താക്കളുടെ എ ഗ്രേഡ് സ്വന്തമാക്കിയാണ് അപ്പീലിലൂടെ എത്തിയ മേമുണ്ടക്കാർ തിരിച്ചുപോയത്.
കോഴിക്കോട്ട് നടന്ന യഥാർഥ സംഭവമാണ് സംഘം മൗനപ്രകടനത്തിലൂടെ വേദിയിലെത്തിച്ചത്. നടനും മൂകാഭിനയ അധ്യാപകനുമായ ദേവരാജ് ദേവിന്റെ ശിഷ്യരാണ് സംഘം. 16 വർഷമായി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിവിധ സംഘങ്ങളുമായി എത്തുന്ന ദേവരാജ് ഇത്തവണയും പതിവ് തെറ്റിക്കാതെ എത്തിയതാണ്. ഓരോ വർഷവും പുതുമയാർന്ന വിഷയങ്ങളുമായി വരുന്നതാണ് ദേവരാജിന്റെ പ്രത്യേകത.
അത് മികവുറ്റതായിരിക്കുമെന്നതിന്റെ അടയാളമായി മേമുണ്ട മിടുക്കികളുടെ പ്രകടനം.
കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറിക്ക് നേട്ടം
കുറ്റ്യാടി: കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറിക്ക് രണ്ട് എ ഗ്രേഡ്. അറബി പ്രസംഗമത്സരത്തിൽ സംസ്ഥാനതലത്തിൽ രണ്ടാം തവണയും പ്ലസ് വണ്ണിലെ ദാമിയ ജാബിർ ബക്രി എ ഗ്രേഡ് നേടി. കഴിഞ്ഞ വർഷം ഹൈസ്കൂൾ വിഭാഗത്തിലായിരുന്നു എ ഗ്രേഡ്.
പരേതനായ മുഹമ്മദ് ജാബിർ മാസ്റ്റർ കായക്കൊടിയുടെയും കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക റഹീലയുടെയും മകളാണ്. പ്ലസ് ടുവിലെ രേവതി ആന്റണി തുടർച്ചയായ രണ്ടാം തവണയും ഹയർ സെക്കൻഡറി വിഭാഗം വീണ വായനയിൽ എ ഗ്രേഡ് നേടി. റിട്ട. അധ്യാപകൻ കെ.എം. ആന്റണിയുടെയും കാവിലുംപാറ ഗവ. ഹൈസ്കൂൾ അധ്യാപിക കെ.ജെ. ഷീലയുടെയും മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.