വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: ഒരു പ്രതികൂടി അറസ്റ്റിൽ
text_fieldsതാമരശ്ശേരി: അവേലം സ്വദേശി മുഹമ്മദ് അഷ്റഫിനെ തട്ടിക്കൊണ്ടുപോയ കേസിൽ മുഖ്യ പ്രതികളിലൊരാളായ പെരുമണ്ണ പെരിങ്ങോട്ടുപറമ്പ് വീട്ടിൽ നൗഷാദ് അലി (33) യെ കോഴിക്കോട് റൂറൽ എസ്.പി ആർ. കറപ്പസ്വാമിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച വൈകീട്ട് നാലിനാണ് റൂറൽ എസ്.പിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിനടുത്തുനിന്നും ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇക്കഴിഞ്ഞ ഒക്ടോബർ 22ന് രാത്രി മുക്കത്തുള്ള സൂപ്പർമാർക്കറ്റ് അടച്ച് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടെ താമരശ്ശേരി-മുക്കം റോഡിൽ വെഴുപ്പൂർ സ്കൂളിനു സമീപം വെച്ച് കാറുകളിലെത്തിയ സംഘം സ്കൂട്ടറിന് വിലങ്ങിട്ട് അഷ്റഫിനെ ബലം പ്രയോഗിച്ച് കാറിൽ കയറ്റികൊണ്ടുപോവുകയായിരുന്നു.
സംഭവം കണ്ട ബൈക്ക് യാത്രക്കാർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കളുടെ പരാതി പ്രകാരം കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു.
കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതികളായ അലി ഉബൈറാന്റെയും സഹോദരങ്ങളായ ഷബീബുറഹ്മാൻ, മുഹമ്മദ് നാസ് എന്നിവരുടെയും നേതൃത്വത്തിലായിരുന്നു തട്ടിക്കൊണ്ടുപോയത്.
സ്വർണക്കടത്ത് സംഘങ്ങൾ തമ്മിലുള്ള പണമിടപാടിൽ മലപ്പുറം കാവനൂർ സ്വദേശിയുടെയും അലി ഉബൈറാന്റെയും കേരളത്തിലേക്ക് കടത്താനുള്ള സ്വർണം മുക്കം സ്വദേശി ഗൾഫിൽ തടഞ്ഞുവെച്ചത് വിട്ടുകിട്ടാൻ വേണ്ടിയാണ് മുക്കം സ്വദേശിയുടെ സഹോദരി ഭർത്താവിനെ തട്ടിക്കൊണ്ടുപോയത്.
തുടർന്ന് മൂന്നു ദിവസത്തിനുള്ളിൽ കരിപ്പൂർ എയർപോർട്ടിൽവെച്ച് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിെട മലപ്പുറം രണ്ടത്താണി മുഹമ്മദ് ജൗഹറിനെയും കൊടിയത്തൂർ എള്ളങ്ങൽ ഷബീബ് റഹ്മാൻ, മുഹമ്മദ് നാസ് എന്നീ പ്രതികളെയും അറസ്റ്റ് ചെയ്തതിനെ തുടർന്ന് എറണാകുളത്ത് ക്വട്ടേഷൻ സംഘം തടവിൽവെച്ച അഷ്റഫിനെ വിട്ടയക്കുകയായിരുന്നു.
കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ നൗഷാദ് അലി പൊലീസിനെ കബളിപ്പിച്ച് വാടക വീടുകൾ മാറിമാറി കഴിയുകയായിരുന്നെന്നും അലി ഉബൈറാന്റെ സ്വർണക്കടത്ത് പങ്കാളിയാണ് നൗഷാദ് അലിയെന്നും പ്രതികളിൽ ചിലർ കൂടി ഉടൻ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.
താമരശ്ശേരി ഡിവൈ.എസ്.പി അഷ്റഫ് തെങ്ങിലക്കണ്ടി, ഇൻസ്പെക്ടർ എൻ.കെ. സത്യനാഥൻ, എസ്.ഐമാരായ വി.പി. അഖിൽ രാജീവ് ബാബു, ബിജു പൂക്കോട്ട്, എ.എസ്.ഐ ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.