Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതട്ടിക്കൊണ്ടുപോകൽ:...

തട്ടിക്കൊണ്ടുപോകൽ: പ്രധാന പ്രതികൾക്കെതിരെ നടപടിയില്ല

text_fields
bookmark_border
തട്ടിക്കൊണ്ടുപോകൽ: പ്രധാന പ്രതികൾക്കെതിരെ നടപടിയില്ല
cancel

നാദാപുരം: സ്വർണക്കടത്ത് ഇടപാടിൽ ക്വട്ടേഷൻ സംഘം യുവാക്കളെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിക്കുകയും ദേഹോപദ്രവം ഏൽപിക്കുകയും ചെയ്യുന്ന സംഭവങ്ങൾ വർധിക്കുമ്പോൾ പ്രധാന കണ്ണികൾക്കെതിരെ നടപടിയില്ല.

ഫെബ്രുവരി അഞ്ചിനാണ് കുനിങ്ങാട് മുതുവത്തൂർ കാട്ടിൽ ലക്ഷംവീട് കോളനിയിലെ മുഹമ്മദ് ഷഫീഖിനെ തട്ടിക്കൊണ്ടുപോയതായി മാതാവ് സക്കീന നാദാപുരം പൊലീസിൽ പരാതി നൽകുന്നത്. മലപ്പുറം വേങ്ങര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ സ്വർണക്കടത്ത് സംഘത്തിലാണ് അന്വേഷണം എത്തിയത്. എന്നാൽ, യുവാവിനെ പിടികൂടിയ രണ്ടുപേർക്കെതിരെ കേസെടുത്ത് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.

വിദേശത്തുനിന്ന് കൊടുത്തയച്ച 750 ഗ്രാമിലധികം വരുന്ന സ്വർണം മുഹമ്മദ് ഷഫീഖ് ഉടമസ്ഥർക്ക് നൽകാതെ കണ്ണൂർ 'പൊട്ടിക്കൽ സംഘത്തിന്' കൈമാറുകയായിരുന്നു. ഇതേതുടർന്നുള്ള വിരോധമാണ് തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചത്. പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസിലും പ്രതികൾ കാണാമറയത്താണ്. 2021 ഫെബ്രുവരി ആറിനാണ് മുടവന്തേരിയിലെ പ്രവാസി വ്യാപാരിയെ ഇന്നോവ കാറിലെത്തി തട്ടിക്കൊണ്ടുപോയതായി നാദാപുരം പൊലീസിൽ പരാതി ലഭിക്കുന്നത്. എം.ടി.കെ. അഹ്മദിനെ തട്ടിക്കൊണ്ടുപോയി അജ്ഞാത കേന്ദ്രത്തിൽ മൂന്നു ദിവസം തടവിലാക്കുകയായിരുന്നു. ഗൾഫിലെ ബിസിനസ് സംബന്ധമായ തർക്കമായിരുന്നു പിന്നിൽ. സംശയിക്കുന്ന മൂന്ന് ബിസിനസ് പങ്കാളികളുടെ വിവരങ്ങൾ ഇയാൾ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, സംഘത്തിലെ ഒരാളെപ്പോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മൂന്നു ദിവസത്തോളം ഇയാളെ തടവിൽ താമസിപ്പിച്ചത് മലപ്പുറത്താണെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇവിടെനിന്ന് കൊച്ചിയിലെ ക്വട്ടേഷൻ സംഘത്തിന് കൈമാറാൻ നീക്കംനടന്നതായി അഹ്മദും വെളിപ്പെടുത്തിയിരുന്നു. ഇതിനിടെ മോചിതനായ ഇയാൾ നാട്ടിൽ തിരിച്ചെത്തി. തട്ടിക്കൊണ്ടുപോകൽ സംഘത്തിന് ആളെ തിരിച്ചറിയാൻ സഹായിച്ചതായി പറയുന്ന യുവാവിന്റെ പേരിൽ മാത്രമാണ് കേസെടുത്തത്. ജില്ലയിലെ ഉന്നത ക്വട്ടേഷൻ സംഘാംഗങ്ങളെ കസ്റ്റഡിയിൽ എടുത്തെങ്കിലും രാഷ്ട്രീയസമ്മർദത്തിൽ പിന്നീട് വിട്ടയച്ചു.

2021 ഫെബ്രവരി 13നാണ് പേരാമ്പ്ര സ്വദേശി അജ്‌നാസിനെ ഇന്നോവ കാറിലെത്തിയ സംഘം അരൂർ പെരുമുണ്ടശ്ശേരിയിൽനിന്ന് തട്ടിക്കൊണ്ടുപോയത്. ഇതിന് ഒരുമാസം മുമ്പ് കണ്ണൂർ വിമാനത്താവളം വഴി നാട്ടിലേക്ക് വരുകയായിരുന്ന യുവാവിനെ മട്ടന്നൂരില്‍ കാര്‍ തടഞ്ഞുനിര്‍ത്തി 47 ലക്ഷത്തില്‍പരം രൂപയുടെ സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതിയായിരുന്നു അജ്നാസ്. കാർത്തികപ്പള്ളി സ്വദേശി ദുബൈയിൽനിന്ന് കൊടുത്തയച്ച സ്വർണം അജ്നാസും സംഘവും തട്ടിയെടുക്കുകയായിരുന്നു. ഇതിന്റെ പേരിൽ അജ്നാസിനെതിരെ മട്ടന്നൂർ പൊലീസ് കേസെടുത്തിരുന്നു. ഇതിനിടയിലാണ് സ്വർണത്തിന്റെ യഥാർഥ ഉടമകൾ ചേർന്ന സംഘം അജ്നാസിനെ ഫെബ്രുവരി 13ന് തട്ടിക്കൊണ്ടുപോയത്. ഊട്ടിയിലേക്ക് കൊണ്ടുപോയ സംഘം പിന്നീട് വഴിയിൽ ഉപേക്ഷിച്ചു. നാദാപുരം സ്റ്റേഷനിലെത്തിയ അജ്നാസിനെ അറസ്റ്റ് ചെയ്ത് മട്ടന്നൂർ പൊലീസിന് കൈമാറി. കേസിൽ യഥാർഥ സ്വർണക്കടത്തുകാരെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 2021 ഏപ്രിൽ അഞ്ചിന് മലപ്പുറം സ്വദേശികളായ മൂന്നു യുവാക്കളെ ആളുമാറി തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നാലുപേര്‍ നാദാപുരത്ത് അറസ്റ്റിലായി. ക്വട്ടേഷൻ സംഘത്തിൽപെട്ടവർ യുവാക്കളെ ആളുമാറി തട്ടിക്കൊണ്ടുപോയെന്നാണ് പറയുന്നതെങ്കിലും സ്വർണക്കടത്ത് സംഘമാണ് പിന്നിലെന്നാണ് പൊലീസിന് വ്യക്തമായത്.

മഞ്ചേരി മുള്ളമ്പാറ സ്വദേശി കുന്നത്താടി വീട്ടില്‍ മുഹമ്മദ് ഷമ്മാസിനെയും സുഹൃത്തുക്കളായ രണ്ടു പേരെയുമാണ് കക്കംവെള്ളി ശാദുലി റോഡ് പരിസരത്തുനിന്ന് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ടയര്‍ക്കടയിലെ ജീവനക്കാരായ മൂന്നുപേരും ജോലികഴിഞ്ഞ് താമസസ്ഥലത്ത് എത്തിയപ്പോഴാണ് കെ.എല്‍ 9 എ.ഡി 1725 നമ്പര്‍ ഇന്നോവയിലെത്തിയ നാലംഗ സംഘം കയറ്റിക്കൊണ്ടുപോയത്. 2019ൽ നാദാപുരത്തെ സ്വർണവ്യാപാരി രാജേന്ദ്രനിൽനിന്ന് സ്വർണം നൽകാമെന്ന് പറഞ്ഞ് 46 ലക്ഷം രൂപ ക്വട്ടേഷൻ സംഘം തട്ടിയെടുക്കുകയുണ്ടായി. പണം നൽകിയാൽ സ്വർണം നൽകുമെന്നുപറഞ്ഞ് വിശ്വസിപ്പിച്ച വ്യാപാരിയെ കൂട്ടിക്കൊണ്ടുപോയ സംഘം ഇന്നോവ കാറിൽ കയറ്റി കഴുത്തിന് കത്തിവെച്ച് ഭീഷണിപ്പെടുത്തി പണവുമായി കടന്നുകളയുകയായിരുന്നു. മൂന്നു വർഷം മുമ്പ് സ്വർണവ്യാപാരിയെ സ്വർണം വാങ്ങാനെന്ന പേരിൽ കബളിപ്പിച്ച് 46 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ കൊയിലാണ്ടി, കണ്ണൂർ കേന്ദ്രീകരിച്ചുള്ള സ്വർണം പൊട്ടിക്കൽ സംഘത്തിന്റെ പങ്ക് വ്യക്തമായിരുന്നു. സ്വർണം പൊട്ടിക്കൽ സംഘം മേഖലയിൽ പിടിമുറുക്കുമ്പോഴും ആവശ്യമായ നടപടി സ്വീകരിക്കാൻ പൊലീസ് തയാറാകാത്തത് ഈ സംഘങ്ങൾക്ക് ഊർജം നൽകുകയാണ്. കുഴൽവിതരണക്കാരെ തട്ടിക്കൊണ്ടുപോയി പണം കവരുന്ന സംഘവും സജീവമാണ്. കഴിഞ്ഞ നവംബറിൽ കടമേരിയിൽ മയക്കുമരുന്ന് ഇടപാടിന്റെ പേരിൽ ക്വട്ടേഷൻ സംഘങ്ങൾ ഏറ്റുമുട്ടിയപ്പോൾ കണ്ണൂരിലെ കുപ്രസിദ്ധ ഗുണ്ടകളായ ചാണ്ടി ഷമീമിന്റെ നേതൃത്വത്തിലുള്ള വൻ സംഘമാണ് പിടിയിലായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kidnappingnadapuram
News Summary - Kidnapping: No action against main accused
Next Story