ചുരത്തിൽ കാർ ആക്രമിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; പൊലീസ് കസ്റ്റംസിന് റിപ്പോർട്ട് നൽകി
text_fieldsതാമരശ്ശേരി: താമരശ്ശേരി ചുരത്തിൽ ഇന്നോവ കാർ തടഞ്ഞ് ആക്രമിച്ച് യുവാവിനെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ താമരശ്ശേരി പൊലീസ് കസ്റ്റംസിന് റിപ്പോർട്ട് നൽകി. ശനിയാഴ്ച ദുബൈയിൽനിന്ന് കോഴിക്കോട് വിമാനത്താവളത്തിൽ വന്നിറങ്ങിയ കുന്ദമംഗലം സ്വദേശിയെയാണ് സ്വിഫ്റ്റ് കാറിൽ പിന്തുടർന്നെത്തിയ സംഘം കാർ തടഞ്ഞു തട്ടിക്കൊണ്ടുപോയതും പിന്നീട് വിട്ടയച്ചതും.
താമശ്ശേരി ചുരം രണ്ടാം വളവിനു താഴെ ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. തട്ടിക്കൊണ്ടുപോയെന്ന് പറയപ്പെട്ട ആൾ പിന്നീട് താമരശ്ശേരി പൊലീസ് സ്റ്റേഷനിലെത്തി പരാതിയില്ലെന്ന് അറിയിച്ചു. സ്വർണക്കടത്തു സംഘമാണ് സംഭവത്തിനു പിന്നിലെന്നും കുന്ദമംഗലം സ്വദേശിയായ യുവാവും സ്വർണക്കടത്തു സംഘത്തിലെ കണ്ണിയാണെന്നുമാണ് പൊലീസിന്റെ നിഗമനം. അന്വേഷിച്ച് കണ്ടെത്തിയ കാര്യങ്ങൾ വിശദമായി കോഴിക്കോട് എയർപോർട്ട് കസ്റ്റംസ് അധികൃതർക്ക് കൈമാറിയിട്ടുണ്ടെന്ന് സി.ഐ അഗസ്റ്റിൻ പറഞ്ഞു.
കോഴിക്കോട് വിമാനത്താവളത്തിൽ ശനിയാഴ്ച രാത്രി ഒമ്പതിന് വന്നിറങ്ങിയ യുവാവ് അവിടെ കാത്തിരുന്ന ഇന്നോവ കാറിൽ കയറുകയും വയനാട് ഭാഗത്തേക്ക് യാത്രതിരിക്കുകയുമായിരുന്നു. വെള്ള സ്വിഫ്റ്റ് കാറിൽ ഇവരെ പിന്തുടർന്നെത്തിയ മറ്റൊരു സംഘം രണ്ടാം വളവിന് താഴെ വെച്ച് ഇന്നോവക്ക് കുറുകെ നിർത്തി ഇവരെ തടയുകയാണുണ്ടായത്. രണ്ടു ടയറുകൾ കുത്തിക്കീറിയും ഭിത്തിയിൽ ഇടിച്ച് കേടുപാടുകൾ സംഭവിച്ചനിലയിലുമായിരുന്നു ഇന്നോവ കാർ.
യുവാവിനെ സ്വിഫ്റ്റ് കാറിൽ കയറ്റുന്നത് ശ്രദ്ധയിൽപെട്ട യാത്രക്കാരാണ് താമരശ്ശേരി പൊലീസിൽ വിവരം അറിയിച്ചത്. താമരശ്ശേരി പൊലീസ് സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷിക്കുന്നതിനിടെയാണ് തട്ടിക്കൊണ്ടുപോയെന്ന് പറയപ്പെട്ട യുവാവ് പൊലീസ് സ്റ്റേഷനിലെത്തി പരാതിയില്ലെന്ന് അറിയിച്ചത്. പൊലീസ് കേസ് തൽക്കാലം അവസാനിപ്പിച്ചെങ്കിലും സ്വർണക്കടത്തുകാരെ കുറിച്ചുള്ള വിവരങ്ങൾ കസ്റ്റംസിനു കൈമാറാൻ കഴിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.