പൂച്ചക്കുഞ്ഞേ, നീയും ഈ ഭൂമിയുടെ അവകാശിയാണ്...
text_fieldsനാദാപുരം: പൂച്ചക്കുഞ്ഞിന് ശസ്ത്രക്രിയ സൗകര്യം ഒരുക്കി മാതൃകയായി അധ്യാപകനും അയൽവാസിയും. പേരോട് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകൻ ഒതിയോത്ത് നിസാറും അയൽവാസി കെ.വി. അസീസും ചേർന്നാണ് സഹജീവിസ്നേഹത്തിന് ഉദാത്ത മാതൃകയായത്. ഒരുമാസം പ്രായമുള്ള കുഞ്ഞുപൂച്ചക്ക് അപകടത്തിൽ പറ്റിയ ഗുരുതര പരിക്കാണ് തിങ്കളാഴ്ച രാത്രി വീട്ടിലെത്തിയ നിസാറിനെ എതിരേറ്റത്. വയറിൽനിന്ന് കുടലുകൾ പുറത്തുവന്ന നിലയിലായിരുന്നു.
തറവാട്ടിൽ ഒരു പ്രധാന ചടങ്ങുകഴിഞ്ഞ് രാത്രി ഒമ്പതോടെ വീട്ടിലെത്തിയപ്പോഴാണ് കാര്യം ശ്രദ്ധയിൽ പെടുന്നത്. ഉടൻ അയൽവാസി കെ.വി. അസീസിനെയും കൂട്ടി ചികിത്സക്കായി ഒരു മൃഗഡോക്ടറെ കിട്ടാൻ സാധ്യതയുണ്ടോ എന്നായി അന്വേഷണം. കക്കട്ട് വട്ടോളിയിലെ മൃഗാശുപത്രിയിലെ ഒരു ഡോക്ടറുടെ നമ്പർ കിട്ടിയതോടെ അദ്ദേഹത്തെ വിളിച്ചു.
ഡോക്ടർ സന്നദ്ധത അറിയിച്ചതോടെ അപകടം പറ്റിയ പൂച്ചക്കുഞ്ഞുമായി ഇരുവരും ആശുപത്രിയിലേക്ക് കുതിച്ചു. രണ്ടുമണിക്കൂറോളം നീണ്ട ശസ്ത്രക്രിയക്കുശേഷം പൂച്ചക്കുഞ്ഞിന്റെ ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരമാവുകയായിരുന്നു. ഒരു കുഞ്ഞു പൂച്ചയുടെ ജീവൻരക്ഷിച്ചതിലുള്ള ചാരിതാർഥ്യത്തിലാണ് ഇരുവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.