നോളജ് ഇക്കണോമി മിഷൻ; തൊഴിലന്വേഷകരുടെ വിവരശേഖരണം തുടങ്ങി
text_fieldsകോഴിക്കോട്: മനുഷ്യവിഭവശേഷിക്കനുയോജ്യമായ തൊഴിൽ ലഭ്യമാക്കാൻ ആരംഭിച്ച നോളജ് ഇക്കണോമി മിഷന്റെ 'എന്റെ തൊഴില്‍, എന്റെ അഭിമാനം' കാമ്പയിന്റെ ഭാഗമായുള്ള തൊഴിലന്വേഷകരുടെ വിവരശേഖരണം (പ്രൊഫൈലിങ്) ജില്ലയിൽ പുരോഗമിക്കുന്നു.
ഒരു വാര്‍ഡില്‍നിന്ന് ഒരാള്‍ വീതം എന്നകണക്കില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം നേടിയ വനിതകളാണ് പ്രൊഫൈലിങ്ങിന് നേതൃത്വം നല്‍കുന്നത്. വാര്‍ഡ്തല കേന്ദ്രങ്ങള്‍ വഴിയാണ് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.
തൊഴില്‍ദാതാക്കളുമായി ബന്ധിപ്പിക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ (ഡിജിറ്റര്‍ വര്‍ക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം-ഡി.ഡബ്ല്യൂ.എം.എസ്) തൊഴിലന്വേഷകനെ സംബന്ധിച്ച വിവരങ്ങള്‍ അവരുടെ മൊബൈല്‍ വഴി രജിസ്റ്റര്‍ ചെയ്യും.
കേരള നോളജ് ഇക്കണോമി മിഷന് വികസിപ്പിച്ച മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനയാണിത്. തൊഴിലന്വേഷകര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ രജിസ്ട്രേഷന് പൂര്‍ത്തിയാക്കുന്നതിനുള്ള എല്ലാ സാങ്കേതിക സഹായവും പ്രൊഫൈലിങ് എന്യൂമറേറ്റര്‍മാര്‍ നല്‍കും.
പ്രൊഫൈലിങ് പൂര്‍ത്തിയാകുന്നതോടെ തൊഴിലന്വേഷകര്‍ക്ക് യോഗ്യതക്കനുസരിച്ചുള്ള തൊഴിലവസരങ്ങള്‍ അറിയാനും അപേക്ഷിക്കാനും കഴിയും.
ആദ്യഘട്ട സര്‍വേയിലൂടെ കണ്ടെത്തിയ ജില്ലയിലെ നാലു ലക്ഷത്തിൽപരം ലക്ഷം തൊഴില്‍ അന്വേഷകരില്‍നിന്ന് 21നും 40നും ഇടയില്‍ പ്രായമുള്ള ബിരുദ, ബിരുദാനന്തര, ഐ.ടി.ഐ, ഡിപ്ലോമ യോഗ്യതയുള്ള തൊഴിലന്വേഷകരെയാണ് ഇതില്‍ ഉള്‍പ്പെടുത്തുന്നതെന്ന് കുടുംബശ്രീ മിഷൻ ജില്ല കോഓഡിനേറ്റർ പി.എം. ഗിരീഷ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ജൂലൈ 31നകം പൂര്‍ത്തിയാക്കും.
എന്യൂമറേറ്റര്‍മാരെ കൂടാതെ പ്രൊഫൈലിങ്ങുമായി ബന്ധപ്പെട്ട സി.ഡി.എസ് തല പ്രവര്‍ത്തനങ്ങളുടെ ഏകോപനം നിര്‍വഹിക്കുന്നതിനായി ഓരോ പഞ്ചായത്തിലും ഓരോ കമ്യൂണിറ്റി അംബാസഡറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. തൊഴിലന്വേഷകരുടെ വിവരങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്തു എന്നുറപ്പാക്കാനുള്ള ചുമതല കമ്യൂണിറ്റി അംബാസഡര്‍ക്കാണ്. വികേന്ദ്രീകൃത തൊഴില്‍ മാതൃക പ്രോത്സാഹിപ്പിക്കുക, പുതുതലമുറ തൊഴിലുകള്‍ അഭ്യസ്തവിദ്യരായവര്‍ക്ക് ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സര്‍ക്കാര്‍ നോളജ് ഇക്കണോമി മിഷൻ രൂപവത്കരിച്ചത്.
കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷന്‍ സ്ട്രാറ്റജി കൗണ്‍സിലിനാണ് ഇതിന്റെ നിര്‍വഹണച്ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.