കൊടിയത്തൂർ വില്ലേജ്: കണ്ടെത്താനുള്ളത് 700 ഏക്കർ മിച്ചഭൂമി
text_fieldsകൊടിയത്തൂർ: വില്ലേജിൽ 700 ഏക്കറും കുമാരനെല്ലൂർ വില്ലേജിൽ 32.36 ഏക്കറും മിച്ചഭൂമി കണ്ടെത്താനുണ്ടെന്ന് കണക്ക്. 1986ൽ താലൂക്ക് ലാൻഡ് ബോർഡ് ഏറ്റെടുത്ത ഭൂമിയാണിത്. ഭൂരഹിതരായി നിരവധി പേർ ഉണ്ടായിരിക്കെ 732.36 ഏക്കറോളം വരുന്ന മിച്ചഭൂമി കണ്ടെത്തി സംരക്ഷിക്കാൻ ഇതുവരെ സർക്കാറിനോ റവന്യൂ വകുപ്പിനോ കഴിഞ്ഞിട്ടില്ല.
കൊടിയത്തൂർ മൈസൂർമല മേഖലയിലെ ക്വാറി കമ്പനിക്ക് അനധികൃതമായി പട്ടയം അനുവദിച്ചത് സംബന്ധിച്ച വിജിലൻസ് കേസുമായി ബന്ധപ്പെട്ട് നടക്കുന്ന മിച്ചഭൂമി കണ്ടെത്താനുള്ള സർവേ അവസാന ഘട്ടത്തിലാണ്. സർവേ ഏറക്കുറെ പൂർത്തിയായതായാണ് വിവരം. വിജിലൻസിെൻറ അപേക്ഷപ്രകാരം സർവേ നമ്പർ 172ലെ ഭൂമി സർവേ നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ 2017ൽ സർവേ ഭൂരേഖ വകുപ്പ് ഡയറക്ടർ ആവശ്യപ്പെടുകയായിരുന്നു.
വ്യാപകമായി ഖനനം നടക്കുന്ന സ്ഥലമാണിത്. ലൈസൻസുള്ള ഏഴ് കരിങ്കൽ ക്വാറികൾ പ്രദേശത്ത് പ്രവർത്തിക്കുന്നുണ്ട്. കൊടിയത്തൂർ വില്ലേജിലെ റീ സർവേ 172ൽ ആകെ 2258.56 ഏക്കർ ഭൂമിയാണുള്ളത്. രംഗശേഷാദ്രി ഹിൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിേൻറതായിരുന്നു ഭൂമി. 1935ന് ശേഷം കമ്പനി ഭൂമി വിൽക്കുകയും കുടിയാന്മാർക്ക് നൽകുകയും ചെയ്തു. ബാക്കി 732.36 ഏക്കർ മിച്ചഭൂമി ഉള്ളതായി പിന്നീട് കണ്ടെത്തിയിരുന്നു.
ഒന്നാംഘട്ടമായി സർവേയിൽ മൊത്തം ഭൂമി അളന്ന് കൈവശക്കാരുടെ ഭൂമി അളന്ന് തിട്ടപ്പെടുത്തും. രണ്ടാംഘട്ടത്തിൽ സർവേ റവന്യൂ സംയുക്ത സംഘം രൂപവത്കരിച്ച് കൈവശക്കാരുടെ രേഖകൾ പരിശോധിക്കും. 90 ശതമാനം ഭൂമിയും അളന്ന് കഴിഞ്ഞുവെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഓരോരുത്തരുടെയും കൈവശം എത്ര ഭൂമിയുണ്ട്, രേഖയുള്ള ഭൂമി എത്ര, ഇല്ലാത്തത് എത്ര, അതിൽ പുറമ്പോക്ക് എത്ര, റോഡ്, തോട് എത്ര തുടങ്ങിയവ തിട്ടപ്പെടുത്തും.
അതേസമയം മിച്ചഭൂമിയിൽ വ്യാപകമായ കൈയേറ്റങ്ങൾ നടന്നതായും ഇവർക്ക് സഹായകരമാകുന്ന തരത്തിലാണ് സർവേ നടക്കുന്നതെന്നും പരിസ്ഥിതി പ്രവർത്തകർ ആരോപിച്ചു. സർക്കാർ അധീനതയിലുള്ള ഭൂമി നിലവിലുള്ള രേഖകളുടെ അടിസ്ഥാനത്തിൽ വിസ്തീർണ വ്യത്യാസം വരുത്താതെ രേഖപ്പെടുത്തി സർവേ കല്ലുകൾ സ്ഥാപിക്കുകയാണ് വേണ്ടത്. തുടർന്നാണ് കൈവശക്കാരുടെ രേഖകൾ പരിശോധിച്ച് കൈയേറ്റങ്ങളുണ്ടെങ്കിൽ അവ ഒഴിവാക്കി സർവേ ചെയ്ത് രേഖകൾ തയാറാക്കേണ്ടതെന്നും പരിസ്ഥിതി പ്രവർത്തകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.