പക്ഷിപ്പനി: നഷ്ടപരിഹാരം ലഭിക്കാതെ കോഴിക്കർഷകർ പ്രയാസത്തിൽ
text_fieldsകൊടിയത്തൂർ: പക്ഷിപ്പനിമൂലം കൊന്നൊടുക്കിയവക്ക് നഷ്ടപരിഹാരം നൽകുമെന്ന് പറഞ്ഞ് ഏഴുമാസം കഴിഞ്ഞിട്ടും ഒരു സഹായവും ലഭിക്കാതെ പ്രയാസത്തിലായിരിക്കുകയാണ് കോഴിക്കർഷകർ. 2020 മാർച്ച് ആറിനായിരുന്നു വെസ്റ്റ് കൊടിയത്തൂരിലേയും വേങ്ങേരിയിലെയും കോഴിഫാമുകളിൽ പക്ഷിപ്പനി ആദ്യം റിപ്പോർട്ട് ചെയ്തത്. ഇതേത്തുടർന്ന് ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിലെയും ഫാമുകളിലെയും ആയിരക്കണക്കിന് വളർത്തുപക്ഷികളെ കൊന്നൊടുക്കുകയും ചെയ്തു.
വ്യവസായികാടിസ്ഥാനത്തിൽ വളർത്തുന്നവയെയും പതിനായിരങ്ങൾ മുതൽ ലക്ഷങ്ങൾ വരെ വിലയുള്ള അലങ്കാര പക്ഷികളെയും ഇങ്ങനെ കൊന്നൊടുക്കിയിരുന്നു. നശിപ്പിക്കപ്പെട്ട പക്ഷികളുടെ ഉടമകൾക്ക് മതിയായ നഷ്ടപരിഹാരം നൽകുമെന്ന് അന്ന് മൃഗസംരക്ഷണ മന്ത്രി കർഷകർക്ക് കൊടുത്ത ഉറപ്പാണ് ഏഴുമാസം കഴിഞ്ഞിട്ടും പാലിക്കാതെ കിടക്കുന്നത്. ഒരു മാസത്തിനകം എല്ലാ കർഷകർക്കും നഷ്ടപരിഹാരം നൽകുമെന്നായിരുന്നു മന്ത്രിയുടെ വാഗ്ദാനം. പക്ഷിപ്പനിയെ തുടർന്ന് കൊടിയത്തൂരിലെയും വേങ്ങേരിയിലെയും സമീപ പ്രദേശങ്ങളിലെയും പക്ഷി കർഷകർക്കും വിൽപനശാലകൾക്കും ഫാമുകൾക്കും കോഴിക്കടകൾ അടക്കമുള്ള സ്ഥാപനങ്ങൾക്കും വൻ നഷ്ടമാണ് നേരിടേണ്ടിവന്നത്.
നഷ്ടപരിഹാരത്തിനായി മുട്ടാവുന്ന വാതിലുകൾ മുട്ടുമ്പോഴും കൊറോണയുടെ പേരുപറഞ്ഞ് താമസിപ്പിക്കുകയാണെന്നും ലക്ഷങ്ങൾ വായ്പ എടുത്തത് തിരിച്ചടക്കാൻ ബുദ്ധിമുട്ടുകയാണെന്നും കോഴി കർഷക ഷെറീന പറയുന്നു.
പക്ഷിപ്പനി പടരാതിരിക്കാൻ മൃഗസംരക്ഷണ വകുപ്പിെൻറ നിർദേശപ്രകാരം പക്ഷികളെ മുഴുവൻ നശിപ്പിക്കുകയും ആഴ്ചകളോളം പ്രതിസന്ധി നീളുകയും ചെയ്തിരുന്നു. പഞ്ചായത്ത്, മൃഗസംരക്ഷണ വകുപ്പ് അധികൃതർ നഷ്ടപരിഹാരത്തിനുള്ള അപേക്ഷ വാങ്ങിവെച്ചതല്ലാതെ തുടർപ്രവർത്തനങ്ങൾ ഒന്നും ഉണ്ടായില്ലെന്ന് കർഷകർ പറയുന്നു.
കോവിഡ് മൂലം വൻ പ്രതിസന്ധി നേരിടുന്നതിനിടെ ഇനിയും നഷ്ടപരിഹാരം ലഭിക്കാത്തത് വൻ പ്രയാസമാണ് സൃഷ്ടിക്കുന്നതെന്ന് പക്ഷി കർഷകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.